
പാലാ ∙ നഗരസഭാ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ടൗണിലെ മുഴുവൻ റൗണ്ടാനകളും പൂച്ചെടികൾ വച്ചു മനോഹരമാക്കും. കലക്ടറുടെ അനുമതി വാങ്ങിയാണ് ടൗണിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സം വരാത്ത രീതിയിൽ സൗന്ദര്യവൽക്കരണം നടത്തുന്നത്.മുൻപ് നഗരസഭ പൂച്ചെടികൾ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും ശുചീകരണത്തൊഴിലാളികളുടെ കുറവു മൂലം കൃത്യമായി പരിപാലിക്കാൻ കഴിഞ്ഞിരുന്നില്ല.
ചെടികൾ വച്ചുപിടിപ്പിക്കുന്നതിനൊപ്പം പരിപാലിക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ, ഉപാധ്യക്ഷ ബിജി ജോജോ, സ്ഥിരസമിതി അധ്യക്ഷരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി എന്നിവർ പറഞ്ഞു.ടൗൺ ബസ് സ്റ്റാൻഡിലെ തകരാറിലായ ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതോടൊപ്പം നവീകരിക്കും.
നഗരസഭാ പ്രദേശത്ത് വെറുതേ കിടക്കുന്നതും മാലിന്യം വലിച്ചെറിയുന്നതുമായ സ്ഥലങ്ങളും പൊതുജന പങ്കാളിത്തത്തോടെ അടുത്ത ഘട്ടം സൗന്ദര്യവൽക്കരിക്കും.
ഹരിത കർമ സേനയുടെ പ്രവർത്തനം കൂടുതൽ വ്യാപകമാക്കും. മുൻപ് പ്ലാസ്റ്റിക് മാത്രമാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഉപയോഗമില്ലാത്ത മറ്റു സാധനങ്ങളും ഇ – മാലിന്യവും വിവിധ നിരക്കുകൾ നൽകി നഗരസഭ സമാഹരിക്കുന്നുണ്ട്.
സൗന്ദര്യവൽക്കരണം നടപ്പാക്കുന്ന ഇടങ്ങളിൽ മാലിന്യങ്ങൾ ഉപേക്ഷിച്ചും ഫ്ലെക്സ് ബോർഡുകൾ വച്ചും വൃത്തിഹീനമാക്കാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ പറഞ്ഞു. കുമാരനാശാൻ പാർക്കിന്റെ 20 ലക്ഷം രൂപ മുടക്കിയുള്ള നവീകരണം ടെൻഡർ ചെയ്തെന്നും ആർവി പാർക്ക് നവീകരണം നടത്തി വരികയാണെന്നും സിന്തറ്റിക് സ്റ്റേഡിയം ജോലികൾ ആരംഭിച്ചെന്നും നഗരസഭാധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]