
കോട്ടയം ∙ നഗരത്തിലും കൊല്ലപ്പള്ളിയിലും ആളുകളെ ആക്രമിച്ച രണ്ടു തെരുവുനായ്ക്കൾക്കും പേ വിഷ ബാധ സ്ഥിരീകരിച്ചു. കോട്ടയം നഗരത്തിൽ മുൻ നഗരസഭാധ്യക്ഷൻ പി.ജെ.വർഗീസ് അടക്കം 8 പേരെയും കൊല്ലപ്പള്ളിയിൽ 5 അതിഥിത്തൊഴിലാളികളെയുമാണ് കഴിഞ്ഞ ദിവസം നായ്ക്കൾ ആക്രമിച്ചത്.
ഇരു നായ്ക്കളെയും ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നു തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക്സ് ലബോറട്ടറിയിൽ ഇന്നലെ നടത്തിയ പരിശോധനയിലാണു പേവിഷ ബാധ സ്ഥിരീകരിച്ചത്.
കോട്ടയം നഗരത്തിൽ കടിയേറ്റവർക്കു പ്രതിരോധ കുത്തിവയ്പ് നൽകിയെന്നും ആശുപത്രിയിൽ നിന്നു നിർദേശിച്ചിരിക്കുന്ന ദിവസങ്ങളിൽ തുടർ കുത്തിവയ്പ് എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൊല്ലപ്പള്ളി ടൗണിൽ തെരുവു നായയുമായി സമ്പർക്കമുണ്ടായവർ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് കടനാട് മൃഗാശുപത്രി അധികൃതർ നിർദേശിച്ചു.
കടിയേറ്റവർ ശ്രദ്ധിക്കണം
കോട്ടയത്ത് നായയുടെ കടിയേറ്റവർക്കു പേവിഷ ബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ് (ഐഡിആർവി) നൽകി.
3,7,28 ദിവസങ്ങളിൽ തുടർ കുത്തിവയ്പ് എടുക്കണം. വാക്സീൻ നൽകിയ ശേഷം 4 മണിക്കൂർ രോഗിയെ നിരീക്ഷിച്ചു.
മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്യൂണോ ഗ്ലോബുലിൻ കുത്തിവയ്പ് നൽകി. ആദ്യ 3 ഡോസുകൾ സമ്പർക്കം ഉണ്ടായി 10 ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കിയാൽ മാത്രമേ പ്രതിരോധശേഷി കൈവരികയുള്ളു.
പ്രതിരോധ കുത്തിവയ്പ് ∙ വൈക്കം
വൈക്കത്ത് നായ്ക്കളിൽ പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ മുഴുവൻ തെരുവു നായ്ക്കൾക്കും പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ജോലി ആരംഭിച്ചു.
17, 20, 13 വാർഡുകളിലായി ഇന്നലെ 44 തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ‘കാവ’ എന്ന പേരിലുള്ള സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് തെരുവു നായ്ക്കളെ പിടികൂടി കുത്തിവയ്പ് നൽകുന്നത്.
പേവിഷബാധയേറ്റ നായ്ക്കൾ ചത്ത പ്രദേശങ്ങളിലും തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റവർ താമസിക്കുന്ന സ്ഥലങ്ങളിലുമാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നത്.
∙ ഉദയനാപുരം
പഞ്ചായത്തിൽ 380നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 200 വളർത്തുനായ്ക്കൾക്കും, 180തെരുവുനായ്ക്കൾക്കുമാണ് വാക്സീൻ നൽകിയത്.
∙ കൊല്ലപ്പള്ളി
കൊല്ലപ്പള്ളിയിൽ ഇന്നലെ ഉച്ചയോടെ എറണാകുളത്തു നിന്ന് തെരുവു നായ്ക്കളെ പിടികൂടുന്ന സംഘമെത്തി.
ഇവർ പത്തോളം നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്തി. 15ലേറെ തെരുവ് നായ്ക്കളാണ് ടൗണിലൂടെ അലഞ്ഞു തിരിയുന്നത്.
നായയുമായി സമ്പർക്കം ഉണ്ടായിട്ടുള്ള മൃഗങ്ങൾക്കും ആന്റി റാബീസ് പ്രതിരോധ കുത്തിവയ്പ് എടുക്കണം.
ചത്ത തെരുവുനായയിൽ നിന്ന് കടിയേറ്റ മറ്റു തെരുവ്നായ്ക്കൾക്കും പേവിഷ ബാധ വരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും കടനാട് മൃഗാശുപത്രി അധികൃതർ അറിയിച്ചു.
ജില്ലയിൽ 16,000 തെരുവുനായ്ക്കൾ !
കോട്ടയം ∙ ജില്ലയിൽ 16,000 തെരുവുനായ്ക്കളുണ്ടെന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
3,785 തെരുവുനായ്കളെ വന്ധ്യംകരിച്ചു പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സീൻ നൽകിയെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായ തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ചേതൻകുമാർ മീണ അടിയന്തര യോഗം വിളിച്ചു.ജില്ലാ മൃഗസംരക്ഷണ ഓഫിസർ പി.കെ.മനോജ്കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ പങ്കെടുത്തു.പഞ്ചായത്തുകളിൽ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന തെരുവുനായ്ക്കളെ പാർപ്പിക്കാൻ പ്രത്യേക കൂടുകൾ നിർമിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
വാഴൂർ, തലയോലപ്പറമ്പ്, വാകത്താനം എന്നിവിടങ്ങളിലെ മൃഗസംരക്ഷണവകുപ്പ് ഓഫിസുകളോടുചേർന്ന് എബിസി സെന്ററുകൾ സ്ഥാപിക്കുന്നതിനു തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്നുള്ള പ്രവർത്തനം വേഗത്തിലാക്കാനും കലക്ടർ നിർദേശം നൽകി. സംസ്ഥാനത്തിനു തന്നെ മാതൃകയാക്കാവുന്ന കോട്ടയം മോഡൽ നടപ്പിലാക്കാനുള്ള ആശയവും ഉദ്യോഗസ്ഥരിൽ നിന്നു കലക്ടർ തേടി.
23 പഞ്ചായത്തുകൾക്കു ഫണ്ടില്ല
ജില്ലയിലെ 23 പഞ്ചായത്തുകൾ തെരുവുനായ്ക്കളുടെ വാക്സിനേഷനു ഫണ്ടില്ലെന്ന കാരണത്താൽ വിട്ടു നിൽക്കുകയാണ്.
ഇക്കാര്യം ഇന്നലെ നടന്ന യോഗത്തിൽ മൃഗസംരക്ഷണവകുപ്പ് കലക്ടറെ അറിയിച്ചു. ഈ പഞ്ചായത്തുകളിലേക്കു ‘കാവ’ എന്ന എൻജിഒ വാക്സിനേഷനു സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കി നൽകിയാൽ തെരുവുനായ്ക്കൾക്കു വാക്സീൻ നൽകും.
കാവ വഴി കോട്ടയം നഗരസഭ–727, ഏറ്റുമാനൂർ നഗരസഭ–281, മാഞ്ഞൂർ–157, മുളക്കുളം–21, കുമരകം–202, അയ്മനം–131 പഞ്ചായത്തുകളിലും വന്ധ്യംകരണം നടത്തി തെരുവുനായ്ക്കൾക്കു പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സീനും നൽകി.
മെഡി. കോളജ് വളപ്പിൽ 250 തെരുവുനായ !കോട്ടയം നഗരത്തിൽ 727
മെഡിക്കൽ കോളജ് വളപ്പിൽ കഴിഞ്ഞ വർഷം 106 തെരുവുനായ്ക്കളെ പിടികൂടി വാക്സീനെടുത്തിരുന്നു.
എന്നാൽ അടുത്തയിടെ മെഡിക്കൽ കോളജ് അധികൃതരും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ 250 നായ്ക്കളെ കണ്ടെത്തി.
വീടുകളിൽ വളർത്തുന്ന നായ്ക്കളെ മെഡിക്കൽ കോളജ് പരിസരത്തു ഉപേക്ഷിക്കുന്നതാണ് എണ്ണം കൂടിയതിനു കാരണം. സമീപകാലത്തു സ്കൂട്ടിയിലെത്തിയ മെഡിക്കൽ കോളജ് വിദ്യാർഥിനിയെ തെരുവുനായ ഉരുട്ടിയിട്ടു പരുക്കേൽപ്പിച്ചിരുന്നു.കോട്ടയം നഗരസഭ പരിധിയിൽ മാത്രം 727 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്.
എംജി മാതൃക
തെരുവുനായ ശല്യം രൂക്ഷമായപ്പോൾ എംജി സർവകലാശാല 50 സെന്റ് സ്ഥലത്തു വലിയൊരു ഷെൽറ്റർ ഹോം നിർമിച്ചു.
നായ്ക്കൾ ചാടിപ്പോകാതിരിക്കാൻ 12 അടി ഉയരത്തിലാണ് ഫെൻസിങ് സ്ഥാപിച്ചത്. സർവകലാശാല വളപ്പിൽ 150 തെരുവുനായ്ക്കളുണ്ട്.
ഇവിടെ മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശ പ്രകാരം പ്രശ്നക്കാരായ ആൽഫ ഫീമെയ്ൽ, മെയിൽ എന്നിവയെ കൂട്ടിനുള്ളിലാക്കി.
ഇവർക്കുള്ള ഭക്ഷണവും വെള്ളവും ഇവിടെ ക്രമീകരിച്ച് നൽകി. ഇതോടെ തെരുവുനായ ശല്യം കുറഞ്ഞു.
പുറത്തു നിന്നുള്ളവർക്കു കൂട്ടിലേക്കു ഭക്ഷണമിട്ടു നൽകാനുള്ള സൗകര്യവുമുണ്ട്.
ഉടുമ്പിനും രക്ഷയില്ല
കോട്ടയം ∙ വിജിലൻസ് ഓഫിസ് പരിസരത്തു ബുധനാഴ്ച വൈകിട്ട് 4.30നു തുടർച്ചയായ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള കുര കേട്ടാണ് ഡിവൈഎസ്പി പി.വി.മനോജ്കുമാറും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗിരീഷ് ചന്ദ്രനും പുറത്തേക്കു വന്നത്. ഉടുമ്പിനെ 9 നായകൾ വളഞ്ഞ് ആക്രമിക്കുന്നതും സ്വയരക്ഷയ്ക്കായി ഉടുമ്പ് വാലുപയോഗിച്ച് തെരുവുനായ്ക്കളെ ഓടിക്കാൻ ശ്രമിക്കുന്നതും കണ്ടു.
ഇതിന്റെ ദൃശ്യം ഗിരീഷ് ചന്ദ്രൻ ഫോണിൽ പകർത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]