
കോട്ടയം∙ വി.എസ്.അച്യുതാനന്ദന്റെ ജീവിതത്തിലെ രണ്ടു ശക്തമായ ഏടുകൾ എഴുതിച്ചേർക്കപ്പെട്ടതു കോട്ടയം ജില്ലയിലാണ്. പൂഞ്ഞാറിലെ ഒളിവു ജീവിതത്തിന്റെയും പാലാ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്നേറ്റ ക്രൂരമർദനത്തിന്റെയും അത്രത്തോളം മറ്റൊന്നും വരില്ലെന്ന് അദ്ദേഹം ആത്മകഥയിലും എഴുതിയിട്ടുണ്ട്.
ഇതിനു പുറമേ മിച്ചഭൂമി സമരവും ദേവികുളം ഉപതിരഞ്ഞെടുപ്പുമാണ് വിഎസിന്റെ ജീവിതത്തിലെ ശക്തമായ കോട്ടയം അധ്യായങ്ങൾ.
കോട്ടയത്തു നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് വിഎസിനെ ലക്ഷ്യമിട്ട് പിണറായി വിജയൻ അണികളെ ശാസിച്ചത്. സമ്മേളനത്തിനിടെ വിഎസ് വേദിയിലെത്തിയപ്പോൾ അണികളുടെ ആവേശം അണപൊട്ടി.
അതിൽ നീരസപ്പെട്ട് ‘ഇത് ഉഷ ഉതുപ്പിന്റെ ഗാനമേളയല്ലെന്നു’ പിണറായി ശാസിക്കുകയായിരുന്നു.വിഎസിന് ഗെസ്റ്റ് ഹൗസുകളിലും സർക്കാർ മന്ദിരങ്ങളിലും താമസിക്കുന്നതിനോടായിരുന്നു പ്രിയം. നാട്ടകം ഗെസ്റ്റ് ഹൗസിലും അദ്ദേഹം പലതവണ അന്തിയുറങ്ങിയിട്ടുണ്ട്.
പൂഞ്ഞാറിലെ ഒളിവുകാലം
പൂഞ്ഞാറിലെ ഒളിവു ജീവിതത്തിന് വിരാമവും തടവറ ജീവിതത്തിനു തുടക്കവുമാവാൻ കാരണം ദിവസം രണ്ടു നേരം കുളിക്കണമെന്ന വിഎസിന്റെ സ്വഭാവമാണ്.
ഗോപാലൻ എന്ന പേരിലായിരുന്നു വിഎസിന്റെ ഒളിവു ജീവിതം. 1946 ഓഗസ്റ്റിൽ ആലപ്പുഴയിൽ നടന്ന ട്രേഡ് യൂണിയൻ കൗൺസിലുകളുടെ സമ്മേളനത്തിൽ പ്രസംഗിച്ചവർക്കെതിരെ ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
അതോടെ പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ടു വിഎസ് പൊലീസിന്റെ കണ്ണുവെട്ടിച്ച് പൂഞ്ഞാറിൽ ഒളിവിൽ താമസിക്കാൻ എത്തി.
കർഷകനും പാർട്ടി അനുഭാവിയുമായ വാലാനിക്കൽ ഇട്ടിണ്ടാന്റെ വീട്ടിലായിരുന്നു ഒളിവുജീവിതം. ആലപ്പുഴയിൽനിന്നു കുമരകം വഴി കോട്ടയത്ത് എത്തി.
നടന്നാണ് പൂഞ്ഞാർ വാലാനിക്കൽ വീട്ടിലെത്തിയത്. 20 ദിവസം അവിടെ താമസിച്ചു.
വൈദ്യനായിരുന്ന ഇട്ടിണ്ടാനെ കാണാൻ ധാരാളം പേർ എത്തുമായിരുന്നു. ആ വീട്ടിലെ താമസം സുരക്ഷിതമല്ലെന്നു തോന്നിയതോടെ ഇട്ടിണ്ടാന്റെ സഹോദരി കുഞ്ഞുപെണ്ണ് താമസിച്ചിരുന്ന കരിമാലിപ്പുഴ വീട്ടിലേക്കു മാറി.
വിഎസ് ഒരു മാസം അവിടെ ഒളിച്ചുകഴിഞ്ഞു.
ദിവസവും രണ്ടുപ്രാവശ്യം കുളിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു വിഎസിന്. വീട്ടുകാർ തടഞ്ഞെങ്കിലും ഒരു നേരമെങ്കിലും വീടിനടുത്തുള്ള മൂവേലിത്തോട്ടിൽ പോയി കുളിക്കുമായിരുന്നു.
കുളിക്കുമ്പോഴാണ് അറസ്റ്റിലായത്. ‘ഇടിയൻ വാസുപിള്ള’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഈരാറ്റുപേട്ട സ്റ്റേഷനിൽ രണ്ടു ദിവസം നീണ്ട
മർദനപരമ്പര. പിന്നീട് പാലായിലുള്ള പൊലീസ് ലോക്കപ്പിലേക്കു മാറ്റി.
മരിച്ചെന്നു കരുതി കാട്ടിൽ ഉപേക്ഷിക്കാൻ പോകുമ്പോൾ വിഎസിനു ജീവനുണ്ടെന്നു തിരിച്ചറിഞ്ഞു പാലായിലുള്ള ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ശേഷം വിഎസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. വാലാനിക്കൽ ഇട്ടിണ്ടാന്റെ പഴയ വീട് പൊളിച്ചു പണിതു.
അദ്ദേഹത്തിന്റെ മകൻ ആയുർവേദ ഡോക്ടറായ ദിവാകരന്റെ ഭാര്യ തങ്കമ്മയും മകൻ ആരോമലും കുടുംബവുമാണ് ഈ വീട്ടിലുള്ളത്. വിഎസ് രണ്ടാമത് ഒളിവിൽ കഴിഞ്ഞ കരിമാലിപ്പുഴ വീട് ഇപ്പോഴില്ല.
പിന്നീട് മിച്ചഭൂമി സമരം ഉണ്ടായപ്പോഴും കോട്ടയത്തെ കാര്യങ്ങളുടെ ഏകോപനത്തിനു വിഎസ് ആണു നേതൃത്വം നൽകിയത്. വിഎസിന്റെ നേതൃപാടവും സംഘടനാബോധവും തെളിഞ്ഞുകണ്ട
നാളുകളായിരുന്നു അത്. 1958ൽ കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിനെ ജയിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യവും പാർട്ടി ഏൽപിച്ചത് വിഎസിനെയാണ്.
അതിൽ വിജയിച്ച വിഎസ് മികച്ച സംഘാടകനെന്ന നിലയിലും പ്രശംസിക്കപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]