
കുമരകം ∙ മൂലേപ്പാടം തെക്കേ ബ്ലോക്ക് പാടശേഖരത്തെ പുറംബണ്ടിലെ 25 വീട്ടുകാർക്കു ഇപ്പോഴും വെള്ളപ്പൊക്കം. പുരയിടങ്ങളിലും വീടുകളിലും വരെ വെള്ളം കയറിയതോടെ മാസങ്ങളായി ദുരിതം അനുഭവിക്കുകയാണു വീട്ടുകാർ.
കുട്ടികളും പ്രായമായവരുമുള്ള വീടുകളാണ് ഏറെയും. വെള്ളം കയറിയ വീടുകളിൽ പാചകം ചെയ്യാൻ പോലും കഴിയുന്നില്ല.
ശുചിമുറികളിൽ വെള്ളം നിറഞ്ഞതോടെ ഉപയോഗിക്കാൻ കഴിയുന്നില്ല. കുട്ടികൾ വെള്ളത്തിൽ നീന്തിയാണു സ്കൂളിൽ പോകുന്നത്.
വെള്ളത്തിലൂടെ കുട്ടികളെ വിടാൻ വീട്ടുകാർ ഭയക്കുന്നു.
പുറം ബണ്ടിനു സമീപം വലിയ തോടാണ്. വെള്ളത്തിലൂടെ നടന്നു പോകുമ്പോൾ കാൽ തെന്നി തോട്ടിൽ വീഴാൻ സാധ്യതയുള്ളതാണ് വീട്ടുകാരെ ആശങ്കയിലാക്കുന്നത്.പാടശേഖര സമിതിയുടെയും ഗ്രൂപ്പ് ഫാം കമ്മിറ്റിയുടെയും അനാസ്ഥ മൂലം കൃഷി മുടങ്ങിയതാണു വെള്ളപ്പൊക്കത്തിനു കാരണമെന്നു പാടശേഖരത്തെ ഒരു വിഭാഗം കർഷകർ ആരോപിച്ചു.
കഴിഞ്ഞ ഏപ്രിൽ പകുതിയോടെ കൊയ്ത്ത് കഴിഞ്ഞ പാടം വിരിപ്പുകൃഷിക്കുള്ള പമ്പിങ്ങിനു അപേക്ഷ പോലും നൽകിയില്ലെന്നു കർഷകരായ ഗിരീഷ് ഏലച്ചിറ, സന്തോഷ് മൂന്നുതൈപ്പറമ്പ് പ്രജീഷ് കുഴിവേലിപ്പറമ്പ് എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കർഷകരുടെ യോഗം തീരുമാനങ്ങൾ എടുക്കാതെ പിരിയാൻ കാരണം ഭരണസമിതിയാണെന്നു ഇവർ പറയുന്നു.
പൊതു യോഗം ചേരാതെ ഭരണസമിതി പണം ചെലവഴിച്ചതായും ആരോപണമുണ്ട്.
മടവീഴ്ച മൂലം ഉണ്ടായ നഷ്ടത്തിനു സർക്കാരിൽ നിന്നു പണം ലഭിച്ചിരുന്നതായും കർഷകർ പറയുന്നു. കഴിഞ്ഞ ദിവസത്തെ പൊതുയോഗം നടക്കാതെ വന്ന സാഹചര്യത്തിൽ കൃഷി ഓഫിസറുടെ സാന്നിധ്യത്തിൽ കർഷകരുടെ പൊതുയോഗം വിളിക്കണമെന്നാണു കർഷകരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]