ഈരാറ്റുപേട്ട ∙ സാധാരണക്കാരിൽ സാധാരണക്കാരനായ ബാർബർ ബാലന്റെ കഥപറയാൻ ഇതിലും നല്ലൊരു ഭൂപ്രകൃതിയില്ലെന്ന ശ്രീനിവാസന്റെ വാക്കുകളിലാണു ‘കഥ പറയുമ്പോൾ’ സിനിമയുടെ ഷൂട്ടിങ് മേലുകാവിൽ തുടങ്ങിയത്.
ഗ്രാമീണഭംഗിയെക്കാൾ തന്റെ മനംകവർന്നത് മേലുകാവിലെ നാട്ടുകാരുടെ സ്നേഹവും സഹകരണവുമായിരുന്നുവെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു.നാടിന്റെ പ്രിയ ‘ബാർബർ ബാലൻ’ ഓർമയാകുമ്പോൾ വേദനയിലാണു ബാലൻ മുടിമുറിച്ച ഓട്ടോ ഡ്രൈവർ കെ.ജെ.റെജിയും ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്ന ഗാനരംഘത്തിൽ ശ്രീനിവാസനെ തോളിലേറ്റിയ ബാർബർ വി.കെ.രാജുവും ബാലന്റെ ബാർബർ ഷോപ്പായി മാറിയ പലചരക്കുകട നടത്തുന്ന കുര്യാച്ചനും.
18 വർഷം മുൻപാണ് ഇവിടെ ഷൂട്ടിങ് നടന്നത്.
മേലുകാവുമറ്റം – പാലാ റോഡിലുള്ള കുരിശുങ്കൽ ജംക്ഷൻ സിനിമക്കാരെക്കൊണ്ടു നിറഞ്ഞ കാലമായിരുന്നു അതെന്ന് മൂവരും ഓർമിക്കുന്നു. ലൊക്കേഷനിൽ സിനിമയിൽ കാണുന്നതു പോലുള്ള യാതൊരു നിയന്ത്രണവും ഇല്ലായിരുന്നുവെന്ന്, ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ഓട്ടോയിൽ ലൊക്കേഷനിലേക്ക് ആവശ്യമുള്ള സാധനങ്ങളുമായി എത്തിയിരുന്ന റെജി പറഞ്ഞു. ബാലന്റെ ബാർബർ ഷോപ്പ് ആയി മാറിയ കട ഇന്ന് കൃപ സ്റ്റോഴ്സാണ്.
അന്നും ഇന്നും ഉടമ കുര്യാച്ചൻ തന്നെ. ബാലന്റെ ബാർബർ ഷോപ്പിലേക്ക് ആവശ്യമായ കണ്ണാടിയും മറ്റു സാധനങ്ങളും തന്റെ ബാർബർ ഷോപ്പിൽനിന്നു നൽകിയത് അദ്ദേഹം ഓർക്കുന്നു.
ജംക്ഷനിൽ ‘യഥാർഥ’ ബാർബർ ഷോപ്പ് നടത്തുകയാണു രാജു.
ശ്രീനിവാസൻ ‘കഥ പറഞ്ഞു;’ ജെറ്റോ ഭരണം പിടിച്ചു
‘കഥ പറയുമ്പോൾ’ സിനിമയുടെ മേലുകാവിലെ ഷൂട്ടിനിടെ ശ്രീനിവാസനും സംഘവും കഥ പറഞ്ഞിരിക്കുമ്പോൾ സെറ്റിന്റെ മറുവശത്തിരുന്ന് നടത്തിയ ചർച്ചകളിലൂടെ പഞ്ചായത്ത് ഭരണം പിടിച്ച അനുഭവം പങ്കുവയ്ക്കുകയാണു മുൻ പ്രസിഡന്റും ഇപ്പോൾ നിയുക്ത പഞ്ചായത്തംഗവുമായ ജെറ്റോ ജോസ്. ‘2005ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫാണ് പഞ്ചായത്തുഭരണം പിടിച്ചത്. എൽഡിഎഫിൽനിന്ന് ഒരാളെ മറുകണ്ടം ചാടിച്ചാൽ ഭരണം പിടിക്കാമെന്ന കണക്കൂകൂട്ടലിൽ 2007ൽ യുഡിഎഫ് ചർച്ചകൾ ആരംഭിച്ചു.
പ്രസിഡന്റ് ആയേക്കുമെന്നതിനാൽ എന്നെ നിരീക്ഷിക്കാൻ എതിർപാർട്ടിക്കാർ ആളെ നിയോഗിച്ചിരുന്നു. സിനിമയുടെ സെറ്റിലാകുമ്പോൾ നിരീക്ഷണം കുറയുമെന്ന കണക്കുകൂട്ടലിൽ, സിനിമയ്ക്കായി ജംക്ഷനിൽ നിർമിച്ച എണ്ണ ആട്ടുന്ന മില്ലിലിരുന്നായിരുന്നു പിന്നീടുള്ള ചർച്ചകൾ നടത്തിയത്.
ചർച്ച വിജയിച്ചു. ഞാൻ പ്രസിഡന്റുമായി…’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

