എരുമേലി∙ കണമല അട്ടിവളവിൽ തീർഥാടക വാഹന അപകടങ്ങൾ തുടർക്കഥയായിട്ടും ചെറുവിരലനക്കാതെ അധികൃതർ. കഴിഞ്ഞ 2 തീർഥാടന കാലങ്ങളിലും മാസപൂജാ സമയത്തും കണമല അട്ടിവളവിൽ മാത്രം 12 വലിയ അപകടങ്ങളാണുണ്ടായത്.
3 പേർ മരിക്കുകയും വിവിധ അപകടങ്ങളിലായി 38 പേർക്കു പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാസപൂജയ്ക്ക് ദർശനം നടത്താൻ ശബരിമലയ്ക്ക് പുറപ്പെട്ട
മിനി ബസും എതിരെ വന്ന തീർഥാടകർ സഞ്ചരിച്ച ബസും തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്കേറ്റതാണ് അവസാനം ഉണ്ടായ വലിയ അപകടം.
എല്ലാ അപകടങ്ങളും റോഡ് അപാകത മൂലവും അശ്രദ്ധമായ ഡ്രൈവിങ് മൂലവും വാഹനങ്ങളുടെ പ്രശ്നങ്ങൾ മൂലവുമാണ്. അപകടത്തിൽപെട്ടതെല്ലാം ഇതര സംസ്ഥാന വാഹനങ്ങളും ശബരിമല തീർഥാടകരുമാണ്. മുൻപ് ശബരിമല തീർഥാടന സീസണിലാണ് അപകടങ്ങൾ ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ മാസ പൂജ സമയത്തും അപകടം പതിവാണ്. ഒരു വർഷത്തിനിടെ മാസപൂജാ സമയങ്ങളിൽ 3 വാഹനാപകടങ്ങളാണ് ഇവിടെയുണ്ടായത്.
അപകടങ്ങളുടെ കാരണം കണ്ടെത്താനോ, പരിഹാരം കാണാനോ, അപകടങ്ങൾ ആവർത്തിക്കാതിരിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ തവണ ഒരാളുടെ മരണത്തിനു കാരണമായ അപകടം ഉണ്ടായപ്പോൾ, ദേശീയപാതാ അതോറിറ്റി തൂണുകൾ ഉറപ്പിക്കാതെ വച്ച ക്രാഷ് ബാരിയർ ഇടിച്ചു തകർത്താണ് ബസ് മറിഞ്ഞത്. ഈ ഭാഗത്തെ ക്രാഷ് ബാരിയർ മാറ്റിസ്ഥാപിക്കുക മാത്രമാണ് പിന്നീടുണ്ടായത്. തീർഥാടന കാലം ആരംഭിക്കാൻ 4 മാസം മാത്രം ബാക്കിനിൽക്കെ ഇപ്പോഴും ഈ റോഡിലെ അപകടം കുറയ്ക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]