എരുമേലി ∙ ശബരിമല പാതയിലെ അപകടങ്ങളിൽ ഓടിയെത്താൻ മോട്ടർ വാഹന വകുപ്പിനു വാഹനമില്ല. കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടി ഓഫിസിലെ എരുമേലി സേഫ് സോൺ വിഭാഗമാണ് അപകടങ്ങൾ ഉണ്ടാകുമ്പോൾ പരിശോധന നടത്തേണ്ടത്.
എന്നാൽ ഇവർക്കു യാത്ര ചെയ്യാൻ വാഹനമില്ലാത്തതുമൂലം കോട്ടയത്തുനിന്ന് മോട്ടർ വാഹന വകുപ്പ് വാഹനം എത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ അപകട സ്ഥലത്തേക്ക് പുറപ്പെടുന്നത്.
ശബരിമല പാതയിലെ കണമല അട്ടിവളവ്, കണ്ണിമല എസ് വളവ് എന്നിവിടങ്ങളിലാണ് എറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. എരുമേലിയിൽ നിന്ന് കണമല അട്ടിവളവ് വരെ എത്തണമെങ്കിൽ അര മണിക്കൂറിലധികം സമയം വേണ്ടി വരും.
ഈ സാഹചര്യത്തിലാണ് അപകടങ്ങൾ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥർ കോട്ടയത്തുനിന്ന് വാഹനം എത്താൻ കാത്തുനിൽക്കേണ്ടി വരുന്നത്. അപകടങ്ങളുടെ പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ടത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ്.
തീർഥാടന സീസണിൽ പ്രത്യേക പാക്കേജായി കൂടുതൽ വാഹനങ്ങളും ഉദ്യോഗസ്ഥരെയും ഇവിടേക്ക് നിയോഗിക്കാറുണ്ട്.എന്നാൽ ഇപ്പോൾ മാസപൂജ സമയങ്ങളിലും അപകടങ്ങൾ പതിവാണ്.ഈ സാഹചര്യത്തിലാണ് വാഹനങ്ങൾ ഇല്ലാതെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുന്നത്.
കഴിഞ്ഞ ദിവസം കണമലയിൽ അപകടം ഉണ്ടായ സമയത്തും ഇത്തരത്തിൽ കോട്ടയത്തുനിന്ന് വാഹനം എത്തേണ്ട സ്ഥിതിയുണ്ടായി.മോട്ടർ വാഹന വകുപ്പ് ജോയിന്റ് ആർടി ഓഫിസുകൾക്ക് വാഹനം അനുവദിച്ചപ്പോൾ കാഞ്ഞിരപ്പള്ളി ഓഫിസിനെ തഴഞ്ഞതാണു പ്രതിസന്ധിക്ക് കാരണം.
മോട്ടർ വാഹന വകുപ്പിന്റെ വൈക്കം, പാലാ, ഉഴവൂർ, ചങ്ങനാശേരി ഓഫിസുകൾക്ക് സമീപകാലത്ത് വാഹനം അനുവദിച്ചപ്പോഴും ഏറെ തിരക്കുള്ളതും ശബരിമല തീർഥാടനപാത ഉൾപ്പെടുന്നതുമായ കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടി ഓഫിസിനെ അവഗണിച്ചതായി പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]