കുമരകം ∙ മൂലേപ്പാടം നാറാണത്തുകരി തെക്കേ ബ്ലോക്ക് പാടശേഖരത്തെ 240 ഏക്കറിലെ പുഞ്ചക്കൃഷി അനിശ്ചിതത്വത്തിൽ. കൃഷിയിറക്കാൻ നടപടി എടുക്കുന്നതിനായി ഇന്നലെ കർഷകരുടെ പൊതുയോഗം ചേർന്നെങ്കിലും ചിലരുടെ എതിർപ്പിനെത്തുടർന്നു തീരുമാനം എടുക്കാതെ പിരിഞ്ഞു.
പാടശേഖരത്തിന്റെ പുറം ബണ്ടിലെ താമസക്കാർ വെള്ളത്തിൽ കഴിയേണ്ട അവസ്ഥയിലാണ്. പാടത്തെ വെള്ളം പമ്പ് ചെയ്തു കളഞ്ഞു ജലനിരപ്പ് താഴ്ത്തി വീട്ടുകാരുടെ പ്രശ്നത്തിനു പരിഹാരം കാണാനും പുഞ്ചക്കൃഷി ഇറക്കുന്നതിനു വേണ്ട
നടപടികൾക്ക് അംഗീകാരം തേടുന്നതിനുമാണു യോഗം ചേർന്നത്.
പൊതുയോഗം കൂടി എടുക്കുന്ന തീരുമാനം പുഞ്ച സ്പെഷൽ ഓഫിസറെ അറിയിച്ചു കഴിയുമ്പോഴാണു പമ്പിങ്ങിനു നടപടി എടുക്കുന്നത്. പൊതുയോഗ തീരുമാനം ഇല്ലാത്തതിനാൽ പമ്പിങ് ലേലത്തിന് അപേക്ഷ നൽകാൻ കഴിയില്ല.
ലേലം നടത്തിയാൽ മാത്രമേ പാടശേഖരത്തിനു വൈദ്യുതി സബ്സിഡി ലഭിക്കൂ. കർഷകർ സ്വന്തം ചെലവിൽ മോട്ടർ പ്രവർത്തിപ്പിച്ചു വെള്ളം പുറത്തേക്ക് ഒഴുക്കണമെങ്കിൽ 2 മോട്ടർ തറയ്ക്കു ദിവസം 8,000 രൂപ ചെലവു വരും.
കുറഞ്ഞതു 4 ദിവസം മോട്ടർ പ്രവർത്തിപ്പിക്കുമ്പോൾ 32,000 രൂപ കർഷകർക്കു ചെലവാകും.
സബ്സിഡിയോടെ പമ്പിങ് നടത്തിയാൽ ദിവസം 60 രൂപയേ ആകുകയുള്ളൂ എന്ന് കർഷകർ പറയുന്നു. കൃഷി ഇറക്കണമെങ്കിൽ ഇനിയും പൊതുയോഗം വിളിക്കേണ്ടി വരും. അന്നും തീരുമാനം എടുക്കാൻ കഴിയാതെ വന്നാൽ പാടശേഖരത്ത് പുഞ്ചക്കൃഷി നടത്താൻ കഴിയില്ലെന്ന് കർഷകർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]