
മുഖം മിനുക്കി ചങ്ങനാശേരി നഗരത്തിന്റെ പ്രവേശന കവാടങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ അലങ്കാര പുഷ്പങ്ങളും ചെടികളും നട്ട് ളായിക്കാട് ജംക്ഷനും പാലാത്ര ജംക്ഷനും സ്വകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൗന്ദര്യവൽക്കരിച്ചു. ളായിക്കാട് ജംക്ഷനിൽ പ്രവർത്തിക്കുന്ന ലിനൻ സെന്ററിന്റെ നേതൃത്വത്തിലാണ് ളായിക്കാട് ജംക്ഷനിലെ ഡിവൈഡറുകളിൽ അലങ്കാര ചെടികളും പുഷ്പങ്ങളും നട്ടു പരിപാലിക്കുന്നത്. ബൈപാസ് റോഡിൽ അപകടഭീഷണി ഉയർത്തിയിരുന്ന ആൾമറയില്ലാത്ത കാനയും അനുമതിയോടെ ഇവർ കെട്ടിയടച്ചു. കൂടാതെ ബൈപാസ് റോഡിലേക്ക് തിരിയുന്ന ഭാഗത്തേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ ലിനൻ സെന്ററിന്റെ ക്യാമറ നഗരസഭയുടെ നിർദേശപ്രകാരം സ്ഥാപിച്ചിട്ടുണ്ട്. ബൈപാസ് റോഡിന്റെ മറ്റ് ഭാഗങ്ങളിലേക്കും സൗന്ദര്യവൽക്കരണം ആരംഭിച്ചിരിക്കുകയാണ്.
പാലാത്ര ജംക്ഷനിൽ ചങ്ങനാശേരി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിവൈഡറുകളിൽ അലങ്കാരച്ചെടികളും പുഷ്പങ്ങളും നട്ടു പരിപാലിക്കുകയാണ്. പ്രത്യേക ജീവനക്കാരെ നിയോഗിച്ചാണ് ചെടികളുടെ പരിപാലനം. ബൈപാസ് റോഡിലേക്കും ക്ലബ് സൗന്ദര്യവൽക്കരണം വ്യാപിച്ചിരിക്കുകയാണ്. മികച്ച പരിപാലനത്തിനും നടത്തിപ്പിനും സ്വകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള സൗന്ദര്യവൽക്കരണം ഊർജിതമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.