ഏറ്റുമാനൂർ ∙ ചെറുവാണ്ടൂരിൽ വയോധികമാരെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ പിടിയിലായവർ കേരളത്തിനകത്തും പുറത്തും കവർച്ച നടത്താൻ പദ്ധതിയിട്ടെന്നും തമിഴ്നാട്ടിലെ കവർച്ചശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ഏറ്റുമാനൂരിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ പള്ളിയിലേക്ക് പോയ ചെറുവാണ്ടൂർ സ്വദേശിനികളായ ഗ്രേസി, ലിസി എന്നിവരെ ആക്രമിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
കാറിൽ പിന്നാലെ കൂടിയ സംഘം വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയും ഗ്രേസിയുടെ കഴുത്തിലെ 4 പവന്റെ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച ലിസിയെ കാറിൽ നിന്നിറങ്ങിയ രണ്ടാമൻ ഉപദ്രവിക്കുകയും ആഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരും നിലവിളിച്ച് ഓടിയതോടെ പ്രതികൾ കാറിൽ കയറി മിന്നൽവേഗത്തിൽ രക്ഷപ്പെട്ടു.
ഏറ്റുമാനൂരിൽ മോഷണം നടത്തുന്നതിനു മുൻപ് നാൽവർ സംഘം തമിഴ്നാട്ടിൽ പഴനി, മധുര, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ മോഷണശ്രമം നടത്തിയിരുന്നെങ്കിലും ഇവ പരാജയപ്പെട്ടു.
തുടർന്നാണ് ചെറുവാണ്ടൂരിൽ എത്തിയത്. പ്രതികളെ ഏറ്റുമാനൂര് പൊലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് തമിഴ്നാട് പൊലീസും പ്രതികളുടെ വിവരങ്ങൾ തിരക്കി എത്തിയിട്ടുണ്ട്.
പരിശോധിച്ചത് 120 സിസിടിവി ക്യാമറകൾ
മോഷണം നടന്ന സമയം മുതൽ ഏറ്റുമാനൂർ എസ്എച്ച്ഒ കെ.ശ്യാമിന്റെ നേതൃത്വത്തിൽ 4 ടീമുകളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം.
പ്രതികൾ എവിടെ നിന്നു വന്നു എന്നത് നോക്കാതെ എങ്ങോട്ട് രക്ഷപ്പെട്ടു എന്നതാണ് അന്വേഷിച്ചത്.
പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്ന് തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതികളുടെ സഞ്ചാരപഥം അറിയാൻ വിവിധ സ്ഥലങ്ങളിലെ 120 സിസിടിവി ക്യാമറകൾ പരിശോധിച്ചു.
കാർ കൊല്ലം സ്വദേശിയുടെതാണെന്നു കണ്ടത്തിയതോടെ ഒരു സംഘം അങ്ങോട്ട് പുറപ്പെട്ടു.
ആദ്യം കാർ വാടകയ്ക്കെടുത്ത ആളെ കണ്ടെത്തി. ഇയാളിൽ നിന്നാണ് ആദ്യ പ്രതിയെ കണ്ടെത്തിയത്.
തുടർന്ന് തൃശൂർ, ആലപ്പുഴ, പാലക്കാട് കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
4 ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എസ്ഐ അഖിൽ ദേവ്, എസ്ഐ തോമസ് ജോസഫ്, എഎസ്ഐ ഗിരീഷ്കുമാർ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജോമി, സുനിൽ കുര്യൻ, സാബു, അനീഷ്,അജിത്, അനിൽ എന്നിവരുൾപ്പെടെ ഏറ്റുമാനൂർ സ്റ്റേഷനിലെ പകുതിയിലധികം ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമായ കേസിൽ പ്രതികളെ 48 മണിക്കൂറിനുള്ളിലാണ് പിടികൂടിയത്.
കാറിൽ കറങ്ങി കവർച്ച; ‘അടിപൊളി’ ജീവിതം
വാടകയ്ക്ക് കാർ എടുത്ത ശേഷം ഇതിൽ കറങ്ങി നടന്നാണ് പ്രതികൾ കവർച്ച നടത്തിയിരുന്നതെന്നും മോഷണം നടത്തി കിട്ടുന്ന പണം അടിച്ചു പൊളിക്കാനാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
കൊല്ലം സ്വദേശിയുടെ കാർ പ്രതിദിനം 1200 രൂപയ്ക്ക് വാടകയ്ക്ക് എടുത്തായിരുന്നു പ്രതികളുടെ കറക്കം. ആദ്യം കാർ വാടകയ്ക്ക് എടുത്തത് കൊല്ലം സ്വദേശിയായ മറ്റൊരാൾ ആയിരുന്നു.
അയാളിൽ നിന്നാണ് ഇവർ കാർ എടുക്കുന്നത്. ദിവസങ്ങളോളം കാറിൽ കറങ്ങി പല മോഷണ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഏറ്റുമാനൂരിൽ നിന്നു കവർന്ന മാലയുമായി സംഘം നേരെ പോയത് അയർക്കുന്നം സ്വദേശിയുടെ പക്കലേക്കാണ്.
4 പവനു മുകളിൽ തൂക്കമുള്ള മാല വിറ്റാൽ 4 ലക്ഷം രൂപയോളം ലഭിക്കും. എന്നാൽ 2,50000 രൂപയ്ക്കാണ് ഇത് വിറ്റത്.
മോഷണമുതൽ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഏബ്രഹാം പ്രതികളിൽ നിന്നു മാല വാങ്ങിയതെന്നും മോഷണ വസ്തുക്കൾ വാങ്ങി കൂടിയ വിലയിൽ വിൽക്കുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു. മാല ഉരുക്കി രൂപമാറ്റം വരുത്തിയെന്നും മുൻപും പ്രതികൾ സമാനമായ രീതിയിൽ ഏബ്രഹാമിന് സ്വർണാഭരണങ്ങൾ പ്രതികൾ വിറ്റിട്ടുണ്ടെന്നും ഏറ്റുമാനൂർ പൊലീസ് പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

