
മുണ്ടക്കയം ∙ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മഞ്ഞപ്പിത്തം. നൂറിലധികം പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന 2 പേരിൽ ഒരാളുടെ കരൾ മാറ്റിവച്ചു. സ്വകാര്യ ആശുപത്രികളിലും ആയുർവേദത്തിലും ചികിത്സ തേടിയവരുടെ എണ്ണമെടുത്താൽ രോഗബാധിതരുടെ എണ്ണം ഇനിയും കൂടും.കോരുത്തോട്, മുണ്ടക്കയം പഞ്ചായത്ത് പ്രദേശങ്ങളിലാണു മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തത്.
മുണ്ടക്കയം പുത്തൻചന്തയിൽ 11 പേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. പ്രദേശത്തെ നാല് കിണറുകളിൽ നിന്നുള്ള വെള്ളമാണ് രോഗം പടരാൻ കാരണമെന്ന് കണ്ടെത്തിയതോടെ കിണറ്റിൽ നിന്നു വെള്ളം എടുക്കുന്നതിന് ആരോഗ്യ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി.മുണ്ടക്കയം പഞ്ചായത്തിൽ മാത്രം ഇതുവരെ 40 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് പുഞ്ചവയൽ സ്വദേശികളായ 2 പേരാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
ഇതിൽ ഒരാളുടെയാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. മറ്റൊരാൾ പ്രസവ സമയത്ത് മഞ്ഞപ്പിത്തം ബാധിച്ചാണ് ഗുരുതരാവസ്ഥയിലായത്.
യുവതിയുടെ കരൾ മാറ്റി വയ്ക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും വെന്റിലേറ്ററിൽ തന്നെ ചികിത്സ തുടരുകയാണ്.
വെള്ളം തന്നെ വില്ലൻ
മഴക്കാലത്തിന് തൊട്ടുമുൻപേ ആരംഭിച്ച മഞ്ഞപ്പിത്ത വ്യാപനത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.അന്ന് വിതരണം ചെയ്ത ടാങ്കർ വെള്ളവും പ്രദേശങ്ങളിലെ കിണറുകളുമാണ് രോഗവ്യാപന കാരണമായി പറഞ്ഞിരുന്നതെങ്കിലും പിന്നീട് കടകളിൽ നിന്നു നാരങ്ങാവെള്ളം കുടിച്ച ആളുകൾക്കും രോഗം പിടിപെട്ടു. അതോടെ വെള്ളം പോലും വിശ്വസിച്ചു കുടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.
രോഗവ്യാപനം ഉണ്ടായ പ്രദേശത്തെ കടകളിലെ കുപ്പിവെള്ളവും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
മഞ്ഞപ്പിത്തം
ശരീര വേദനയോടുകൂടി പനി, തലവേദന ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.
മലിനമായ ജലസ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ച ആളുകളുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും രോഗബാധയുണ്ടാകാം. പ്രധാനമായും കരളിനെയാണ് രോഗം ബാധിക്കുന്നത്.
ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ
∙ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ∙ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ഒഴിവാക്കുക.
∙ കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ∙ ആഹാരം കഴിക്കുന്നതിനു മുൻപും മല വിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
∙ നഖങ്ങൾ വെട്ടി ശുചിയായി സൂക്ഷിക്കണം. ∙ ഭക്ഷണപദാർഥങ്ങളും ശുദ്ധജലവും അടച്ച് സൂക്ഷിക്കണം.
∙ പഴകിയ ആഹാരം കഴിക്കരുത്. ∙ സെപ്റ്റിക് ടാങ്കും കിണറും കിണറും തമ്മിൽ നിശ്ചിത അകലം ഉറപ്പുവരുത്തണം.
∙ ശുദ്ധത ഉറപ്പില്ലാത്ത ഐസ്ക്രീം, സിപ് അപ്, മറ്റ് ശീതള പാനീയങ്ങൾ എന്നിവ കഴിക്കരുത്. (കടപ്പാട്: ജില്ലാ മെഡിക്കൽ ഓഫിസ്, കോട്ടയം) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]