
മുണ്ടക്കയം ∙ ചായയും കടിയും പിന്നെ ഒരു ബിസിനസ് ആലോചനയും. കേരളത്തിലെ ശരാശരി യുവാക്കളിൽ കാണപ്പെടുന്ന ഒരു ന്യൂജൻ വൈബാണത്.
എട്ട് മാസം മുൻപ് ഒരു ചായക്കടയുടെ മുൻപിൽ നിന്നു ചൂട് ചായയുടെ ഒപ്പം ഉയർന്ന ആലോചനകൾ ഇന്ന് തങ്ങളെ സംരംഭകരായി മാറ്റിയ കഥ പറയുകയാണ് യുവാക്കളായ സുധീഷും അമലും. ആലോചനയിലൊതുങ്ങാതെ കഷ്ടപ്പെടാൻ തയാറായതോടെ കൂൺ കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ തുടങ്ങിയാണ് ഇവർ വിജയകരമായി മുൻപോട്ട് നീങ്ങുന്നത്.
ഫ്ലാഷ് ബാക്ക്
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമുള്ള ചെളിക്കുഴി പുതുപ്പറമ്പിൽ പി.ബി.സുധീഷ്, കപ്പൽ കയറണം എന്ന മോഹവുമായി നോട്ടിക്കൽ സയൻസ് പഠിച്ച വേലനിലം പൂതക്കുഴിയിൽ അമൽ പി.അനുജൻ എന്നിവരാണ് കഥാപാത്രങ്ങൾ.
25 വയസ്സുള്ള ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണ്. എങ്കിലും 10 മാസം മുൻപ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലിക്ക് കയറിയതോടെയാണ് കൂട്ടുകാരായി മാറിയത്.
രണ്ട് യുവാക്കൾ ചേർന്നാൽ സ്വാഭാവികമായി ചിന്തിക്കുന്നതു പോലെ നാല് മാസം കഴിഞ്ഞതോടെ ഇവർക്കിടയിലേക്ക് എത്തി ബിസിനസ് ചർച്ചകൾ. നടപ്പാക്കണം എന്ന് ഉറപ്പിച്ച ചർച്ചകൾ പല മേഖലകളിലും കയറിയിറങ്ങി.
കുരുമുളക് കൃഷി, കോഴി ഫാം തുടങ്ങി പലതും ആലോചിച്ച് ഒടുവിൽ കൂൺ കൃഷി ഉറപ്പിച്ചു. എങ്ങനെ നടപ്പാക്കും എന്നത് സംബന്ധിച്ച് പഠനം നടത്തി വ്യാവസായിക വകുപ്പുമായി ബന്ധപ്പെട്ട് ലോണിനായി ഓടി നടന്നു.
ഒടുവിൽ നാല് മാസം കൊണ്ട് എല്ലാം റെഡി.
മഷ്റൂം മിസ്റ്റിക്
സുധീഷിന്റെ വീടിന്റെ ടെറസിൽ 250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ഷെഡിലെ കൂൺ ബിസിനസ് ഇന്ന് അറിയപ്പെടുന്നത് ‘മഷ്റൂം മിസ്റ്റിക് ’ എന്നാണ്. കഴിഞ്ഞ മാർച്ചിൽ ആയിരുന്നു കൃഷിയുടെ ആരംഭം.
ലോൺ എടുത്ത നാല് ലക്ഷം കൂടാതെ ജോലിയുടെ പിഎഫ് വരെ പൊട്ടിച്ച് 5 ലക്ഷം മുടക്കി കൂൺ മുളപ്പിക്കാൻ നിന്ന ‘പിള്ളാരെ’ വീട്ടുകാർ ഉൾപ്പെടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും ലക്ഷ്യത്തിൽ ഉറച്ചു നിന്നു. രണ്ടുപേരും ഒരുപോലെ അതിനായി അധ്വാനിക്കാനും തുടങ്ങി.ക്രമേണ ജോലി രാജിവച്ച് കൃഷിയിലേക്ക് പൂർണമായും തിരിഞ്ഞു.
അങ്ങനെ 20 മുതൽ 25 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ചിപ്പിക്കൂൺ കൃഷി ചെയ്തു. ഇപ്പോൾ ദിവസേന അഞ്ച് കിലോയിൽ അധികം കൂണുകൾ വിളവെടുത്ത് ഇൗ പ്രദേശത്ത് തന്നെ ആവശ്യക്കാരെ കണ്ടെത്തി ഇവർ വിൽപന നടത്തുന്നുണ്ട്.
കൂൺ കൃഷിയുടെ മുടക്കു മുതൽ നികത്തിയ ശേഷം തങ്ങളുടെ ചർച്ചകളിൽ വന്ന് പോയ മറ്റ് പല ബിസിനസുകളും ഇതോടൊപ്പം നടത്താൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇരുവരും തന്നെയാണ് കൃഷി ജോലികൾ ചെയ്യുന്നതും.
‘കുറ്റം പറഞ്ഞവരെല്ലാം ഇപ്പോൾ ഞങ്ങളോടു ചേർന്നു നിൽക്കുന്നു. അതല്ലേ ഏറ്റവും വലിയ സംതൃപ്തി’ എന്നാണ് ഇവർ പറയുന്നത്.മഷ്റൂം മിസ്റ്റിക് ഫോൺ നമ്പർ: 9895344124.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]