
പുലിപ്പേടിയിൽ നാട്; വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊക്കയാർ ∙ വളർത്തുനായയെ പുലി ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. ദൃശ്യങ്ങൾ ലഭിച്ചാൽ തുടർനടപടികൾ ഉണ്ടാകും. വനാതിർത്തിയിലെ ജനവാസ മേഖല ആയതിനാൽ കരുതൽ നടപടികളാകും ഉണ്ടാകുക.
പുലി വീണ്ടും വരുമോ?
കുറ്റിപ്ലാങ്ങാട് ഉറുമ്പിക്കര ഇൗസ്റ്റ് നഗറിലാണ് കിടുകല്ലിങ്കൽ ബിജുവിന്റ വളർത്തുനായയെ കഴിഞ്ഞ ദിവസം വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ പ്രദേശത്തുനിന്നു ലഭിച്ച കാൽപാടുകൾ പുലിയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്നാണ് ക്യാമറ സ്ഥാപിച്ചത്. ഞായർ രാത്രി ക്യാമറ സ്ഥാപിച്ചെങ്കിലും പുലർച്ചെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒന്നും കണ്ടെത്താനായിട്ടില്ല.
സുരക്ഷയില്ലാതെ ജനവാസം
വനത്തിന്റെ സമീപമുള്ള ഗ്രാമമാണ് ഇതെങ്കിലും സംരക്ഷണത്തിനായി സോളർ വേലിയില്ല. അതുകൊണ്ട് തന്നെ പുലിയെ പിടികൂടുന്നതിനുപരി ഇനി വരാതെ നോക്കാനുള്ള നടപടികളാകും ഉണ്ടാകുക. വനാതിർത്തി പങ്കിടുന്ന ഒട്ടേറെ മേഖലകളാണ് കൊക്കയാർ പഞ്ചായത്തിലുള്ളത്. പട്ടിക്കുന്ന്, ഉറുമ്പിക്കര, മേലോരം, വെംബ്ലി തുടങ്ങിയ സ്ഥലങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ ഒരിടത്തും വന്യമൃഗശല്യം അകറ്റാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ല. ബോയ്സ് എസ്റ്റേറ്റിൽ കൊക്കയാർ മേലോരം റോഡിനു സമീപം പുലിയെ കണ്ടതായി തൊഴിലാളി വെളിപ്പെടുത്തിയ സംഭവം 4 വർഷം മുൻപ് ഉണ്ടായിട്ടുണ്ട്.
പൂവഞ്ചിയിലും പുലിയോ?
കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ പുലിയുടെ കാൽപാടുകൾ കണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ കാട്ടുപൂച്ചയാകാമെന്ന നിഗമനത്തിൽ സംഭവം ആരും ഗൗനിച്ചില്ല. എന്നാൽ ഉറുമ്പിക്കര ഈസ്റ്റിൽ പുലിയെ കണ്ട സാഹചര്യത്തിൽ പൂവഞ്ചിയിൽ കണ്ടതും പുലിയാകാൻ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു. രണ്ടു പ്രദേശങ്ങളും തമ്മിൽ വലിയ ദൂരം ഇല്ലാത്തതാണ് നാട്ടുകാരുടെ സംശയം ബലപ്പെടുത്തുന്നത്.
പ്രശ്ന പരിഹാരം വേണം: അഖില തിരുവിതാംകൂർ മലയരയ മഹാസഭ
കൊക്കയാർ ∙ ഉറുമ്പിക്കര ഇൗസ്റ്റ് ഭാഗത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് നടപടികൾ വേണമെന്ന് അഖില തിരുവിതാംകൂർ മലയരയ മഹാസഭ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ബി.ശങ്കരൻ, ജനറൽ സെക്രട്ടറി പി.കെ.ശശി, വൈസ് പ്രസിഡന്റ് എം.എസ്.സതീഷ്, ട്രഷറർ പി.ബി.ശ്രീനിവാസൻ, ജോ.സെക്രട്ടറി ടി.ഐ.ലീല എന്നിവർ പ്രസംഗിച്ചു.