
നിർധന കുടുംബത്തിന് വീട്; മാതൃകയായി എൻഎസ്എസ് യൂണിറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാമ്പാടി ∙ കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷനും എംജി യൂണിവേഴ്സിറ്റി എൻഎസ്എസും പാമ്പാടി കെജി കോളജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി നിർമിച്ച വീടിന്റെ താക്കോൽദാനം കോട്ടയം ജില്ലാ കലക്ടർ ജോൺ വി. സാമുവൽ നിർവഹിച്ചു. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നായ വീട് നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്നതു വഴി കോളജും എൻഎസ്എസ് യൂണിറ്റും സമൂഹത്തിനും വിദ്യാർഥികൾക്കും നൽകുന്ന സാമൂഹ്യപ്രതിബദ്ധതയുടെ സന്ദേശം ഉത്തമമാണെന്ന് കലക്ടർ പറഞ്ഞു.
കോളജ് വിദ്യാർഥികളുടെ ലഹരി വിരുദ്ധ കൂട്ടായ്മയായ ‘ആസാദ് സേന’യുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം അഡ്വ. റെജി സക്കറിയ നിർവഹിച്ചു. വിദ്യാർഥികൾക്ക് പഠനവും പാഠ്യേതര പ്രവർത്തനങ്ങളും ലഹരിയാക്കുവാൻ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിൻ പങ്കെടുത്ത എൻഎസ്എസ് വോളണ്ടിയര് സെക്രട്ടറി ബ്ലസൺ ബിനോ, മികച്ച എൻഎസ്എസ് വോളണ്ടിയറിനുള്ള സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ ലഭിച്ച ബോബി വർഗീസ്, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻസിസി സീനിയർ അണ്ടർ ഓഫിസർ ജേക്കബ് ഫെയ്ൻ എന്നിവരെ ചടങ്ങിൽ വച്ച് കലക്ടർ ആദരിച്ചു.
കെജി കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. റെന്നി പി. വർഗീസ് അധ്യക്ഷനായ യോഗത്തിൽ എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഇ.എൻ.ശിവദാസൻ, കെജി കോളജ് ലോക്കൽ മാനേജർ റവ. ഫാ. അനൂപ് എബ്രഹാം, പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര് അച്ചാമ്മ തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ നിഷിത പി. മാത്യു, ഡോ. വിൽസൺ സി. തോമസ് എന്നിവർ സംസാരിച്ചു.