
കാഞ്ഞിരപ്പള്ളി ∙ കപ്പാട് ഗവ. ഹൈസ്കൂളിലെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റാത്തത് അപകടഭീഷണിയായി.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു വശത്തെ മേൽക്കൂര തകരുകയും ചെയ്തു. എൽപി വിഭാഗത്തിലെ 4 ക്ലാസ് മുറികൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായത്.
2024 അധ്യയന വർഷാരംഭത്തിൽ കെട്ടിടത്തിനു ഫിറ്റ്നസ് ലഭിച്ചിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞു ജൂലൈ 5ന് രാത്രി പെയ്ത ശക്തമായ മഴയിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണതോടെ എൽഎസ്ജിഡി അധികൃതർ ഫിറ്റ്നസ് റദ്ദാക്കി.
ഇതോടെ മറ്റു കെട്ടിടങ്ങളിലെ ചരിത്ര മ്യൂസിയം, ലാബ്, സ്റ്റാഫ് റൂം , ലൈബ്രറി എന്നിവ താൽക്കാലിക മറകൾ ഉപയോഗിച്ചു ഭാഗിച്ചാണു 4 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. മേൽക്കൂര തകർന്നുവീണ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ ഡിഡിഇ ഓഫിസിൽ അപേക്ഷ നൽകിയിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു.
ഇതുവരെ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള മൂല്യനിർണയ നടപടികൾ പോലും ഉണ്ടായില്ല. ഏതുനിമിഷവും നിലംപൊത്താവുന്ന കെട്ടിടം വിദ്യാർഥികൾക്ക് അപകടഭീഷണിയാണ്.
ആൺകുട്ടികൾക്ക് കൈ കഴുകാനുള്ള വാഷ്ബേസിനുകൾ സ്ഥിതി ചെയ്യുന്നത് ഫിറ്റ്നസ് നഷ്ടപ്പെട്ട കെട്ടിടത്തിന്റെ പുറംഭാഗത്തെ ഭിത്തിയിലാണ്.
കൂടാതെ ഇടവേളകളിലും കുട്ടികൾ കെട്ടിടത്തിൽ പ്രവേശിക്കാറുണ്ട്.
2019ൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് എംപി അറിയിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.
സ്കൂൾ വളപ്പിലെ വർഷങ്ങൾ പഴക്കമുള്ള മറ്റൊരു കെട്ടിടം നവീകരിച്ച് അവിടേക്കു പ്രീ പ്രൈമറി വിഭാഗവും എൽപി വിഭാഗവും മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി മേൽക്കൂരയിലെ ഓടുകൾ മാറ്റി ഷീറ്റുകൾ മേയുന്ന ജോലികൾ നടന്നുവരുന്നു.എന്നാൽ, കെട്ടിടത്തിലെ തകരാറിലായ വയറിങ്ങും സീലിങ്ങും മാറ്റി സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചിട്ടില്ല.
പ്രീപ്രൈമറി വിഭാഗത്തിലെ 26 കുട്ടികൾക്കും എൽപി വിഭാഗത്തിലെ 56 കുട്ടികൾക്കും പഠിക്കാനായി 6 ക്ലാസ് മുറികളും അനുബന്ധ ശുചിമുറി സൗകര്യത്തോടെയുള്ള കെട്ടിടമാണ് സ്കൂളിന് അത്യാവശ്യമായി വേണ്ടത്.
പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിലായി 198 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഈ അധ്യയന വർഷം ആരംഭിക്കുന്നതിന് ഏതാനും ദിവസവും മുൻപ് സ്കൂളിലെ യുപി വിഭാഗം കെട്ടിടത്തിന്റെ ഭിത്തിയിലേക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൽക്കെട്ട് ഇടിഞ്ഞുവീണു 2 ക്ലാസ് മുറികളുടെ ഭിത്തിക്ക് തകരാർ സംഭവിച്ചിരുന്നു.ക്ലാസ് മുറികളുടെ അകത്തെ ഭിത്തിയുടെ തകരാർ സ്വകാര്യ വ്യക്തി തന്നെ പരിഹരിച്ചു നൽകിയിരുന്നു.
എന്നാൽ, പുറംഭാഗത്തെ ഭിത്തിയിലേക്കു വീണ കല്ലും മണ്ണും അതേപടി കിടക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]