പുതുപ്പള്ളി ∙ ഒഴുകിയെത്തിയവർക്കെല്ലാം ഒരു കുഞ്ഞുകഥ പറയാനുണ്ടായിരുന്നു. കുഞ്ഞൂഞ്ഞിനെക്കുറിച്ചുള്ള ഓർമകളുടെ കഥ.
ആ കഥകൾ അവർ പങ്കുവച്ചു. രണ്ടു വർഷം മുൻപ് മാഞ്ഞുപോയ ഒരു വെളിച്ചം ഇന്നും മനസ്സുകളിൽ തെളിഞ്ഞുനിൽക്കുന്നതിന്റെ തെളിവാണ് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം.
പുതുപ്പള്ളിയിലേക്കുള്ള വഴികളുടെ അരികിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങൾ. ഓരോ ചിത്രത്തിനു മുന്നിലും പുഷ്പാർച്ചന.
നാട് അവരുടെ കുഞ്ഞൂഞ്ഞിനെ ഓർത്തു കൊണ്ടേയിരുന്നു.ആ വഴികളെല്ലാം ചെന്നെത്തിയത് പുതുപ്പള്ളി പള്ളിയിൽ. അവിടെ ഖദറിന്റെ വെൺമയാർന്ന നിറത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ.
അവിടെ എഴുതിയിരിക്കുന്ന വചനം എല്ലാവരും പലതവണ വായിച്ചു. ‘ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു’.കല്ലറയിൽ പൂക്കൾ അർപ്പിക്കാനും പ്രാർഥിക്കാനും ജനം എത്തിക്കൊണ്ടിരുന്നു.
രാവിലെ ഏഴോടെ പള്ളിയിൽ കുർബാനയ്ക്കു തുടക്കമായി.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ കുർബാനയിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവർ സഹകാർമികരായി.
കുർബാനയ്ക്കു ശേഷം കല്ലറയിൽ പരിശുദ്ധ ബാവായുടെ നേതൃത്വത്തിൽ ധൂപപ്രാർഥന.
ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ ചാണ്ടി ഉമ്മൻ എംഎൽഎ, മറിയ ഉമ്മൻ അടക്കം കുടുംബാംഗങ്ങൾ പങ്കാളികളായി. ഈ സമയമെല്ലാം കല്ലറയിലേക്കു ജനം പ്രവഹിച്ചുകൊണ്ടിരുന്നു.
ചിലർ കണ്ണീരൊഴുക്കി. ചിലർ ഫോണിൽ ദൃശ്യങ്ങൾ പകർത്തി, ചിലർ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയിൽ തൊട്ടു നമസ്കരിച്ചു.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വരവിനായുള്ള സുരക്ഷാക്രമീകരണത്തിനായി ഒൻപതോടെ കല്ലറയിലേക്കുള്ള പ്രവേശനം പൊലീസ് നിയന്ത്രിച്ചു.കല്ലറയിൽ എത്തിയ ടി.സിദ്ദിഖ് എംഎൽഎ നിറകണ്ണുകളോടെ ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ചു.പത്തിനു രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം പള്ളി അങ്കണത്തിലേക്ക്.
കാത്തുനിന്ന പ്രവർത്തകർ ജയ് വിളിച്ചപ്പോൾ ചെറു ചിരിയോടെ രാഹുലിന്റെ അഭിവാദ്യം.സ്വീകരിക്കാനെത്തിയ ചാണ്ടി ഉമ്മനെ രാഹുൽ ആലിംഗനം ചെയ്തു. ഡോ.യൂഹാനോൻ മാർ ദിയസ്കോറസിനും യുഡിഎഫിലെ പ്രധാന നേതാക്കൾക്കുമൊപ്പം കല്ലറയിൽ എത്തിയ രാഹുൽ മെഴുകുതിരി കത്തിച്ചും പുഷ്പചക്രം അർപ്പിച്ചും ആദരം അർപ്പിച്ചു. പുതുപ്പള്ളി പള്ളിയിൽ രാഹുൽ പ്രാർഥിച്ചു.
കാതോലിക്കാ ബാവയെ അദ്ദേഹത്തിന്റെ മുറിയിൽ സന്ദർശിച്ചു.
അനുസ്മരണ സമ്മേളനത്തിൽ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, നേതാക്കളായ എം.എം.ഹസൻ, കെ.സി.ജോസഫ്, പി.സി.തോമസ്, ഷിബു ബേബി ജോൺ,സി.പി.ജോൺ, രാധാ വി.നായർ, ഫാ.നിതിൻ ടി.ഏബ്രഹാം, സംഘടനാ നേതാക്കളായ കെ.കെ.സുരേഷ്, കെ.ദേവകുമാർ, ഗിരീഷ് കോനാട്ട് തുടങ്ങിയവർ ആദ്യഘട്ടത്തിൽ പ്രസംഗകരായി.ഉദ്ഘാടന വേദിയിലേക്ക് എത്തിയ രാഹുലിനെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു.സംസ്ഥാന യുഡിഎഫിന്റെ പ്രധാന നേതാക്കൾ നിരന്ന വേദി മതമേലധ്യക്ഷർ അടക്കമുള്ളവരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായി. ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളും ഉമ്മൻ ചാണ്ടി വിളികളുമായി സദസ്സും സജീവം.കെപിസിസി ആരംഭിക്കുന്ന സ്മൃതി തരംഗം പദ്ധതിയുടെ ഗുണഭോക്താവായ നാലു വയസ്സുള്ള മലപ്പുറം സ്വദേശി ഐറിൻ മറിയം വേദിയിൽ എത്തുന്നതിനിടെ ചെരിപ്പ് ഊരിവീണു.ഇതു ശ്രദ്ധിക്കാതെ നീങ്ങിയ കുട്ടിയുടെ ചെരിപ്പ് രാഹുൽ എടുത്തു പിന്നാലെ പോയി ധരിപ്പിച്ചതോടെ കയ്യടി.ഇതിനിടെ മറിയാമ്മ ഉമ്മൻ കയ്യിൽ ധരിച്ച വാച്ച് രാഹുലിനെ കാണിച്ചു.രാഹുലിന്റെ മുഖം വിടർന്നു.
ഡയലിൽ രാജീവ് ഗാന്ധി ! മടങ്ങാൻ എത്തിയപ്പോഴും രാഹുലിനെ ആൾക്കൂട്ടം പൊതിഞ്ഞു.
കൈ വീശി, ചിരി തൂകി രാഹുൽ മടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]