കുമരകം ∙ സപ്ലൈകോ കൈവിട്ട കർഷകർക്ക് സഹായഹസ്തവുമായി ഓയിൽ പാം ഇന്ത്യ.
ജില്ലയിലെ വിരിപ്പു കൃഷിയുടെ ആദ്യ നെല്ല് സംഭരണം ചീപ്പുങ്കൽ അന്തോണിക്കായൽ പാടശേഖരത്ത് നിന്ന് ഓയിൽ പാം ഇന്ത്യയുടെ കീഴിലുള്ള വെച്ചൂർ മോഡേൺ റൈസ് മിൽ നടത്തി. കൊയ്ത്ത് കഴിഞ്ഞു 18 ദിവസമായി സപ്ലൈകോയെ കാത്തിരുന്നിട്ടും നെല്ല് സംഭരിക്കാതെ വന്നപ്പോഴാണു കർഷകർ ഓയിൽ പാം ഇന്ത്യയെ സമീപിച്ചത്.
പാടശേഖരത്തെ 65 ടൺ നെല്ലിന്റെ ഭൂരിഭാഗവും ഇന്നലെത്തന്നെ റൈസ് മിൽ സംഭരിച്ചു.
ഇന്നുകൊണ്ടു സംഭരണം പൂർത്തിയാകും. സപ്ലൈകോ സംഭരിക്കുന്ന വിലയായ കിലോയ്ക്ക് 28 രൂപ 20 പൈസയും കൈകാര്യച്ചെലവിനത്തിൽ 12 പൈസയും തന്നെയാണ് ഓയിൽ പാം ഇന്ത്യയും നൽകുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ജിമ്മി ജോസഫ് വാഴയിലും സെക്രട്ടറി ജോസ് ആന്റണി അറയിലും പറഞ്ഞു.
നെല്ല് സംഭരിച്ചു ഗോഡൗണിൽ സൂക്ഷിച്ച ശേഷം അരിയാക്കി വിപണിയിൽ എത്തിക്കുമെന്നു മോഡേൺ റൈസ് മിൽ മാനേജർ വി. വിനോയ്കുമാർ പറഞ്ഞു.
കഴിഞ്ഞ പുഞ്ചക്കൃഷി സീസണിലെ നെല്ല് സംഭരണത്തിന്റെ അവസാന ഘട്ടത്തിൽ കുട്ടനാടൻ മേഖലയിൽ നിന്നു സപ്ലൈകോ നിയോഗിച്ച മില്ലുകൾ നെല്ല് സംഭരിക്കാതെ വന്നപ്പോഴും ഓയിൽ പാം ഇന്ത്യയാണ് കർഷകരുടെ രക്ഷക്കെത്തിയത്.
കേരളത്തിലെ കർഷകരുടെ മുഴുവൻ നെല്ലും സംഭരിക്കാനുള്ള ചുമതല സപ്ലൈകോയ്ക്കാണ്. ഇത് അരിയാക്കി തിരികെ നൽകാൻ അംഗീകൃത മില്ലുകളെയാണ് സപ്ലൈകോ ചുമതലപ്പെടുത്തുന്നത്.
സപ്ലൈകോയുമായി കരാർ വയ്ക്കാതെ മാറി നിൽക്കുകയാണ് മില്ലുകൾ.
ഇവരുടെ വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനാലാണു സംഭരണവുമായി സഹകരിക്കാതെ മാറി നിൽക്കുന്നത്. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ തിരികെ നൽകേണ്ട
അരി 68 കിലോയിൽ നിന്ന് 64.5 കിലോ ആക്കി കുറയ്ക്കണമെന്നത് ഉൾപ്പെടെ ഉള്ള ആവശ്യങ്ങളാണ് മില്ലുകാർ ഉന്നയിക്കുന്നത്. ഈ മാസം 7ന് മന്ത്രിമാരായ ജി.ആർ.
അനിൽ, കെ.എൻ. ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ മിൽ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇന്ന് വീണ്ടും ചർച്ച നടക്കും. ഇന്ന് കൂടി തീരുമാനമാകാതെ വന്നാൽ വിരിപ്പു കൃഷിയുടെ നെല്ല് സംഭരണം പ്രതിസന്ധിയിലാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

