
മുണ്ടക്കയം ∙ ഒരാഴ്ചയ്ക്കിടെ എക്സൈസും പൊലീസും മലയോര മേഖലയിൽ തകർത്തത് മൂന്ന് വാറ്റുകേന്ദ്രങ്ങളാണ്. ഓണം കൊഴുപ്പിക്കാൻ ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിർമിക്കുന്ന വ്യാജമദ്യം പടിഞ്ഞാറൻ മേഖലയിൽ വരെ വിപണനത്തിന് എത്തുന്നുണ്ടെന്നും രഹസ്യ വിവരം.
വന്യമൃഗ ഭീതിയുടെ മറവിൽ വനം അതിർത്തികളിലും ജനവാസം ഇല്ലാത്ത പ്രദേശങ്ങളിലുമാണു വ്യാജമദ്യ നിർമാണ സംഘങ്ങളുടെ സാമ്രാജ്യങ്ങൾ.
മദ്യ നിർമാണം വനാതിർത്തികളിൽ
വാഹനങ്ങൾക്കും ആളുകൾക്കും എത്തിപ്പെടാൻ പോലും കഴിയാത്ത വനാതിർത്തി മേഖലകളിലാണ് വ്യാജ മദ്യ നിർമാണം കൂടുതലായി നടക്കുന്നത്. കൊമ്പുകുത്തി, മതമ്പ, കുപ്പക്കയം, ചെന്നാപ്പാറ, തുടങ്ങിയ പ്രദേശങ്ങളാണിവ.
കാടുപിടിച്ച് കിടക്കുന്ന എസ്റ്റേറ്റ് മേഖലകളും, തകർന്നു കിടക്കുന്ന റോഡുകളും എല്ലാം ഇവർക്ക് മറയാണ്. ആന, കടുവ തുടങ്ങിയ മൃഗങ്ങളുടെ ശല്യവും വനം അതിർത്തിയിൽ വ്യാപകമായതോടെ പകൽ സമയങ്ങളിൽ പോലും ആളുകൾ ഇവിടേക്ക് എത്തില്ല എന്നതും ഇത്തരക്കാർക്ക് ഗുണകരമാണ്.
വാറ്റ് ചാരായം നിർമിക്കാൻ ആവശ്യമായ കോട
വലിയ വീപ്പകളിൽ കലക്കി കാടിനുള്ളിൽ സൂക്ഷിക്കും. 10ൽ അധികം ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇത് സുരക്ഷിതമായ സ്ഥലത്ത് വച്ച് തന്നെ രാത്രി കാലങ്ങളിൽ വാറ്റി എടുക്കുകയാണ് പതിവ്.
800 രൂപ മുതൽ 1500 രൂപ വരെയാണ് ഓരോ ക്വാളിറ്റി അനുസരിച്ച് ഒരു ലീറ്റർ മദ്യത്തിന്റെ വില.
ഒരാളല്ല,വലിയ ശൃംഖല
തലയിൽ വാറ്റ് ഉപകരണങ്ങൾ ചുമന്ന് കൊണ്ട് വരുന്ന വാറ്റുകാരന്റെ പിന്നാലെ നടന്നെത്തുന്ന പൊലീസ്, എക്സൈസ് സംഘങ്ങളുടെ കാഴ്ച പണ്ട് മലയോര മേഖലയിൽ കൂടുതലായിരുന്നു. എന്നാൽ, ഇപ്പോൾ പ്രതികൾ പിടിയിലാകാത്തതിന്റെ കാരണം വലിയ സുരക്ഷയിൽ തന്നെ ഇവർ വാറ്റ് കേന്ദ്രങ്ങൾ നടത്തുന്നു എന്നതിനാലാണ്.
വാറ്റ് നടക്കുന്ന രാത്രി സമയത്ത് സ്ഥലത്തേക്കുള്ള എല്ലാ വഴികളിലും ആളുകളെ നിർത്തി കനത്ത സുരക്ഷ ഉറപ്പാക്കും. ഒരു വാഹനം വന്നാൽ പോലും അറിയാവുന്ന തരത്തിൽ ആയതിനാൽ രാത്രി പരിശോധനകൾ ഉണ്ടായാൽ ഓടി രക്ഷപ്പെടുകയും ചെയ്യും.
ആളൊഴിഞ്ഞ എസ്റ്റേറ്റ് ലയങ്ങൾ വരെ ഇത്തരക്കാരുടെ താവളമാണ്. മദ്യം ഉണ്ടാക്കി കഴിഞ്ഞാൽ ജില്ലയുടെ പല ഭാഗങ്ങളിലേക്കും ഇവ എത്തിച്ച് വിൽപന നടത്താനും രഹസ്യസംഘങ്ങളുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു കേസുകൾ
∙ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നു 305 ലീറ്റർ കോട
എക്സൈസ് സംഘം പിടിച്ചെടുത്തു. ∙ ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിലെ കുപ്പക്കയത്തുനിന്ന് 200 ലീറ്റർ കോട
പിടിച്ചു. കൊപ്പുകുളങ്ങര ജയചന്ദ്രൻ എന്നയാളെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു.
∙ എരുമേലി ഏഞ്ചൽവാലി മേഖലയിൽനിന്ന് എക്സൈസ് സംഘം ചാരായം നിർമിക്കാനായി സൂക്ഷിച്ച 70 ലീറ്റർ കോട പിടികൂടി.
ഓണം പ്രത്യേക പരിശോധനകളുടെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച് രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഏഞ്ചൽവാലി പള്ളിപ്പടി ഭാഗത്ത് നിന്നാണ് കോട
കണ്ടെടുത്തത്.
ഹോം മെയ്ഡ് മുതൽ ഹോം ഡെലിവറി വരെ
ഓണക്കാലം വാറ്റുകാരുടെ ചാകര ദിനങ്ങളാണ് എങ്കിലും ഇതിനു പുറമേ, വിവാഹം പോലുള്ള ചടങ്ങുകൾക്കായി ആളുകളുടെ എണ്ണം അനുസരിച്ച് വാറ്റുചാരായം നിർമിച്ച് ഓർഡർ അനുസരിച്ച് വീട്ടിൽ എത്തിച്ചു നൽകുന്ന മാഫിയകളും മലയോര മേഖലയിലുണ്ട്.
മുൻകൂട്ടി അറിയിച്ചാൽ കുറഞ്ഞ ചെലവിൽ കൂടുതൽ മദ്യം പറയുന്ന ദിവസത്തിൽ തന്നെ എത്തിച്ച് നൽകുന്നതാണ് ഇവരുടെ രീതി. മതമ്പ വനം അതിർത്തി കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ സജീവമായിരുന്നു. വനം അതിർത്തി അല്ലാത്ത കൂട്ടിക്കൽ പഞ്ചായത്തിലെ പ്രളയത്തെ തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചും മദ്യ നിർമാണം നടക്കുന്നുണ്ട്.
വിവരങ്ങൾ നൽകാം
വ്യാജ മദ്യ നിർമാണവുമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം എന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി.ബിനു അറിയിച്ചു.ഫോൺ കാഞ്ഞിരപ്പള്ളി – 9447927927, എരുമേലി – 9496499299.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]