
അതിവേഗം ബഹുദൂരം എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രമാണം. അതിലെ അതിവേഗം, വേഗ നടത്തത്തിലൂടെ ചാണ്ടി ഉമ്മൻ പണ്ടേ ഇങ്ങെടുത്തു. പിതാവ് എപ്പോഴും കൂടെ ഉണ്ടെന്ന വിശ്വാസത്തിലാണ് ചാണ്ടി ഉമ്മന്റെ സഞ്ചാരം.
പഠിച്ചിട്ടും പഠിച്ചിട്ടും തീരാത്ത പുസ്തകം പോലെയാണ് ഉമ്മൻ ചാണ്ടിയെന്നും മകൻ പറയുന്നു. ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള നൂറായിരം വഴികൾ നിറച്ചുവച്ച പുസ്തകം.
അപ്പയില്ലാത്ത രണ്ടു വർഷത്തെക്കുറിച്ച് ചാണ്ടി ഉമ്മൻ മനസ്സ് തുറക്കുന്നു. പിതാവിന്റെ അദൃശ്യ സാന്നിധ്യം എല്ലായ്പ്പോഴും കൂടെ ഉണ്ടെന്ന വിശ്വാസമാണ് തന്റെ ബലമെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മൻ സംസാരിച്ചു തുടങ്ങിയത്.
“രോഗക്കിടക്കയിലും അപ്പ ഏറെ ആഗ്രഹിച്ചതാണ് നിമിഷപ്രിയയുടെ മോചനം. അപ്പയുടെ രണ്ടാം വാർഷിക സമയത്ത് ഇപ്പോൾ അതുമായി ബന്ധപ്പെട്ട് ശുഭ പ്രതീക്ഷ നൽകുന്ന വാർത്ത വന്നത് ഒരു നിമിത്തം പോലെയാണ് തോന്നിയിട്ടുള്ളത്.
കഴിഞ്ഞ വർഷം ഓർമ സമയത്താണ് കൂരോപ്പട പഞ്ചായത്ത് ഭരണവും കോൺഗ്രസിന് നറുക്കെടുപ്പിലൂടെ ലഭിച്ചത്.
അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു അതും. അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം അനുഭവിപ്പിക്കുന്ന ഇതുപോലെ അനേകം സംഭവങ്ങളുണ്ട്.
∙ അദ്ദേഹത്തിൽ നിന്ന് പകർത്താൻ ശ്രമിക്കുന്ന ഏറ്റവും വലിയ ഗുണം
അപ്പയുടെ ക്ഷമയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധവും കരുത്തും. എല്ലാവരും ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും അപ്പയെ പോലെ ആകാനാണ്.
പുതുപ്പള്ളിയിൽ ഉള്ളപ്പോൾ രാവിലെയും വൈകിട്ടും കല്ലറയിൽ പോയി പ്രാർഥിക്കുന്നതും ഇതേ കാര്യമാണ്. പ്രത്യേകിച്ച് മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ.
എന്റെ മുന്നിൽ വരുന്ന ആളുകളെ എങ്ങനെ സഹായിക്കാൻ പറ്റുമെന്നാണ് ആലോചന. പലപ്പോഴും കഴിയാതെ വരുമ്പോൾ തിരിഞ്ഞു നോക്കി സഹായം ചോദിക്കാൻ അദ്ദേഹം ഇല്ലല്ലോ എന്ന് വിഷമിക്കാറുണ്ട്.
∙ അപ്പയെ വല്ലാതെ മിസ് ചെയ്യാറുണ്ടോ?
അദ്ദേഹത്തെ വല്ലാതെ നഷ്ടപ്പെടുന്നു എന്ന തോന്നലില്ല.
വലിയ തിരക്കുകളിൽപ്പെട്ട് പണ്ടും അദ്ദേഹം വല്ലപ്പോഴുമാണ് കാണാറുണ്ടായിരുന്നത്. ഇടയ്ക്കു വന്നു പോകും.
എന്നാൽ ശാരീരികമായി അപ്പ ഞങ്ങളോടൊപ്പം ഇല്ല എന്ന സത്യം ഇടയ്ക്കിടെ വേദനയായി നിൽക്കുന്നു. എന്നാൽ ഞാൻ സ്വന്തം ബലത്തിൽ വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
അതു കൊണ്ട് രാഷ്ട്രീയത്തിൽ അദ്ദേഹം എന്നെ വല്ലാതെ പിന്തുണച്ചിട്ടില്ല. അദ്ദേഹത്തിന്റെ രീതിയിൽ കാര്യങ്ങൾ പറഞ്ഞുതരും.
ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും തന്നു. അപ്പ ആഗ്രഹിച്ച ആ ബലം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും നേടാനാണ് ശ്രമിക്കുന്നത്.
∙ അപ്പയിൽ നിന്ന് വഴിമാറി നടക്കണമെന്ന് ആഗ്രഹിച്ചത്
എല്ലാത്തിനും യെസ് എന്ന് പറയുന്ന ശീലം.
എനിക്കും പലപ്പോഴും നോ പറയാൻ പറ്റുന്നില്ല. പല വിമർശനങ്ങൾക്കും അത് വഴിതെളിച്ചിട്ടുണ്ട്.
∙ മണ്ഡലത്തിലൂടെ പോകുമ്പോൾ അദ്ദേഹത്തെ അനുഭവിക്കാറുണ്ടോ?
ഈ രണ്ടു വർഷവും അദ്ദേഹത്തെ ഓർക്കാതെ ഒരു വീട്ടിലും പോകാനായിട്ടില്ല.
എവിടെ ചെന്നാലും വീട്ടുകാർ പറഞ്ഞു തുടങ്ങുന്നത് അദ്ദേഹത്തിന്റെ കാര്യമാണ്. എല്ലായിടവും അദ്ദേഹം ഓടി എത്തിയിരുന്നു.
അത് എങ്ങനെ സാധിച്ചു എന്നത് എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. അര നൂറ്റാണ്ട് നീണ്ട
പൊതുജീവിതം കൊണ്ടാണ് അദ്ദേഹം അത് സാധിച്ചത്. അഞ്ചോ ആറോ വയസ്സുള്ള കുട്ടി പോലും ഉമ്മൻചാണ്ടി സാര് എന്തിയേ എന്ന് ചോദിക്കാറുണ്ട്.
∙ ചാണ്ടി ഉമ്മനെ മണ്ഡലത്തിൽ കിട്ടുന്നില്ല എന്ന് ആക്ഷേപം ഉണ്ടല്ലോ ?
അത് പൂർണമായും ശരിയല്ല.
ഉമ്മൻചാണ്ടി ഫൌണ്ടേഷന്റെ പദ്ധതിയായി അൻപത് വീടുകൾ ഇവിടെ പണിയുന്നുണ്ട്. ആ അൻപത് സ്ഥലവും ഞാൻ പോയി കണ്ടതാണല്ലോ.
എന്നാൽ എല്ലാ മരണ വീട്ടിലും പോകാൻ എനിക്ക് സാധിക്കുന്നില്ല. കാരണം എനിക്ക് ഔട്ട് റീച്ച് സെല്ലിന്റെ ചുമതലയുണ്ട്.
കൂടാതെ ഈ ഭവനപദ്ധതിയുടെ ഭാഗമായി പലയിടത്തും പോകേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ കഴിവതും എല്ലായിടത്തും ഓടിയെത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്.
∙ ഏറ്റവും ഹൃദയത്തിൽ തട്ടിയ ഓർമകൾ
അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ 2011ൽ നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച സമയം.
പുലർച്ചെ രണ്ടുവരെയും ഫയലുകൾ നോക്കിയ ശേഷം അതിരാവിലെ അഞ്ചിന് ഉണർന്ന് വീണ്ടും ജോലി തുടങ്ങും. അതു കണ്ടു കണ്ട് അപ്പയുടെ ആരോഗ്യത്തെക്കുറിച്ച് വല്ലാതെ പേടി തോന്നിയ ഒരു ദിവസം ഞാൻ ഫയലെടുത്ത് ഒളിപ്പിച്ചു വച്ചു.
പുലർച്ചെ പതിവ് പോലെ എണീറ്റ് ഫയലു നോക്കാൻ ശ്രമിച്ച അദ്ദേഹത്തിന് അത് കാണാതെ പരിഭ്രമമായി. ഒടുവിൽ ആറ് മണിക്ക് ശേഷം ഞാനാണ് അത് ഒളിപ്പിച്ചതെന്ന് മനസ്സിലാക്കി അദ്ദേഹം എന്നോട് വളരെ വികാര വിക്ഷോഭത്തോടെ അതെക്കുറിച്ച് ചോദിച്ചു.
ഒരിക്കൽ പോലും അപ്പയെ ഇങ്ങനെ വിഷമിച്ച് ഞാൻ കണ്ടിട്ടില്ല. അപ്പയെ അങ്ങനെ വിഷമിപ്പിച്ചല്ലോ എന്ന സങ്കടത്തിലായി ഞാൻ.
ഇപ്പോഴും അതെക്കുറിച്ച് വിഷമം തോന്നും. അദ്ദേഹത്തിന് ഓരോ ഫയലും ഓരോ ജീവിതമായിരുന്നു.
എത്രയും പെട്ടെന്ന് നീതി നടപ്പാക്കി കൊടുക്കണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. അവസാന സമയത്തു പോലും ഓരോ കടലാസും വായിച്ചു നോക്കി കൃത്യമാക്കിയ ശേഷമായിരുന്നു അദ്ദേഹം ഒപ്പിട്ടിരുന്നത്.
1992ൽ അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോഴാണ് മറ്റൊരു സംഭവം.
പന്തളത്ത് അപ്പയുടെ കാറിൽ ലോറിയിടിച്ചു. കയ്യ് ഒടിഞ്ഞ് അപ്പ വീട്ടിലിരിക്കുമ്പോൾ ഒരാൾ വന്ന് കരയുന്നത് കണ്ട്.
ലോറി ഓടിച്ച യുവാവിന്റെ പിതാവായിരുന്നു അത്. കേസിൽ നിന്ന് ഒഴിവാക്കി യുവാവിനെ രക്ഷിക്കണം എന്ന് പറയാനാണ് എത്തിയത്.
അങ്ങനെ ചെയ്യരുതോ എന്ന് ഞാൻ ചോദിച്ചു. അതുപോലെ അപ്പ ചെയ്തു.
അതെല്ലാം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു.
∙ അപ്പ തല്ലിയിട്ടുണ്ടോ?
ഇല്ല. നോട്ടം മാത്രം മതി പേടിക്കാൻ.
അപ്പ ദേഷ്യപ്പെട്ടാൽ ദേഷ്യപ്പെട്ടതാ.
∙ അപ്പ വന്ന് രണ്ടു തല്ല് തന്നാൽ നല്ലതായിരുന്നു എന്ന് തോന്നുന്ന നിമിഷമുണ്ടോ?
ഇല്ല. അങ്ങനെ തല്ലേണ്ട
സാഹചര്യമില്ല. പക്ഷേ എങ്ങനെ എന്നെ കൈകാര്യം ചെയ്യണമെന്ന് അപ്പയ്ക്ക് അറിയാമായിരുന്നു.
∙ പല ദേശങ്ങളിലും പോയല്ലോ.
അപ്പയെപ്പറ്റി മറ്റുള്ളവർ പറഞ്ഞ് ഏറ്റവും വികാരാധീനനായ നിമിഷം?
ധാരാളം സംഭവങ്ങളുണ്ട്. കോക്ലിയാർ ഇംപ്ലാന്റേഷൻ കഴിഞ്ഞ പലരും വന്ന് അപ്പയുടെ കാര്യം പറഞ്ഞിട്ടുണ്ട്.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോൾ ഒരു ഉമ്മ കരഞ്ഞുകൊണ്ടാണ് സ്വീകരിച്ചത്. ഭർത്താവിന്റെ സുഹൃത്തായിരുന്നു അപ്പ എന്നു പറഞ്ഞു.
ഇപ്പോഴും ആളുകൾക്ക് സങ്കടം തീരുന്നില്ല.
∙ നിലമ്പൂർ തിരഞ്ഞെടുപ്പിന് മൂവായിരത്തിലധികം വീടുകൾ കയറിയല്ലോ?
അതെ. അവിടെല്ലാം ഉമ്മൻചാണ്ടിയുടെ മകനെന്ന സ്നേഹമാണ് ലഭിച്ചത്.
ഉമ്മൻ ചാണ്ടി അവർക്കെല്ലാം വികാരമാണ്. ഓരോ വീട്ടിലും എനിക്ക് അത് കാണാൻ കഴിഞ്ഞു.
∙ അപ്പയെപ്പറ്റി ഹൃദയം നിറഞ്ഞു പറഞ്ഞ നേതാക്കൾ
കഴിഞ്ഞ വർഷം സോണിയാ ഗാന്ധിയെ നേരിട്ടു കണ്ടപ്പോൾ വളരെ ഹൃദയപൂർവമാണ് അപ്പയെപ്പറ്റി പറഞ്ഞത്.
കുടുംബത്തിലെ അംഗത്തെക്കുറിച്ച് പറയും പോലെ സംസാരിച്ചു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന രീതിയിൽ സംസാരിച്ചത് മനസ്സ് നിറഞ്ഞാണ് കേട്ടത്.
∙ ഉമ്മൻചാണ്ടിയുടെ കല്ലറിയിൽ വച്ചിരുന്ന ചിത്രം എടുത്തു കൊണ്ടു പോയത് വിവാദമായല്ലോ?
മഴ നനഞ്ഞ് ചില ഭാഗം കേടായിത്തുടങ്ങിയിരുന്നു.
ദാ, ഇതു പോലെ( അവിടെ വച്ചിരുന്ന ചിത്രം കാണിച്ച് ചാണ്ടി ഉമ്മൻ പറഞ്ഞു). അത് മാറ്റി പുതിയത് വയ്ക്കാനാണ് എടുത്തു കൊണ്ടുപോയത് അപ്പോഴേക്കും ഞാൻ ചിത്രം എടുത്തു മാറ്റി എന്ന നിലയിൽ പ്രചാരണം വന്നു.
സത്യത്തിൽ ഇങ്ങനെയൊരു ആക്ഷേപം വരുമെന്ന് പ്രതീക്ഷിച്ചില്ല.
∙ സൈബർ ആക്രമണം നേരിടുമ്പോൾ ഉമ്മൻചാണ്ടിയുടെ ഏതു പ്രതിരോധ സമീപനമാണ് സ്വീകരിക്കാൻ ആഗ്രഹിച്ചിട്ടുള്ളത് ?
അദ്ദേഹവും 2021ൽ സൈബർ ആക്രമണം നേരിട്ടല്ലോ. ആരെയും പഴിക്കാതെ അദ്ദേഹം അത് നേരിടുകയാണ് ചെയ്തത്.
.അതേ രീതി തന്നെയാണ് എന്റെയും.
∙ ഉമ്മൻ ചാണ്ടി പ്രശ്നപരിഹാരകനും യുഡിഎഫിനെ എപ്പോഴും ഒന്നിപ്പിക്കുന്ന ശക്തിയുമായിരുന്നു. മറ്റ് പാർട്ടികൾ യുഡിഎഫിലേക്ക് വരുന്നതിനെ എങ്ങനെ കാണുന്നു?
ഞാൻ ആദ്യമായി എംഎൽഎ ആയ ആളാണ്.
പാർട്ടി നേതൃത്വമാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ആർജെഡി, കേരള കോൺഗ്രസ് എമ്മും ഉൾപ്പെടെ എല്ലാവരെയും ചേർത്തു നിർത്തണം.
യുഡിഎഫ് കൂടുതൽ കരുത്തു നേടുന്നത് ഇവരെല്ലാം വരുമ്പോഴായിരിക്കും.
∙ എ ഗ്രൂപ്പ് സജീവമാക്കാൻ ചാണ്ടി ഉമ്മൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
ഞാനും അറിഞ്ഞത് മാധ്യമങ്ങൾ വഴിയാണ്. ഗ്രൂപ്പ് യാഥാർഥ്യമാണ്.
1905 മുതലുണ്ട്. എന്നാൽ ഞാൻ ഗ്രൂപ്പ് സജീവമാക്കാൻ പോകുന്നു എന്നത് ശരിയല്ല.
നിലമ്പൂരിൽ ഉൾപ്പെടെ ടീം കോൺഗ്രസ് വിജയിച്ചു എന്നാണല്ലൊ വിലയിരുത്തൽ, വിജയത്തെ എങ്ങനെ കാണുന്നു?
ഗാന്ധിജിയുടെ കോൺഗ്രസാണിത്.
നെഹ്റുവിന്റെ, ഇന്ദിരയുടെ, രാജീവ് ഗാന്ധിയുടെ, സോണിയാ ഗാന്ധിയുടെ, രാഹുൽ ഗാന്ധിയുടെ എല്ലാം കോൺഗ്രസാണ്. ആ ആദർശത്തിൽ അടിയുറച്ചു തുടരും എന്നതിൽ സംശയമില്ല.
കോൺഗ്രസ് നേതൃത്വം എന്ത് തീരുമാനമെടുക്കുമോ അതനുസരിച്ച് മുന്നോട്ടു പോകുക എന്നതാണ് ശരി. ഇവിടെ മെഡിക്കൽ കോളജിലെ സംഭവം നടന്നപ്പോൾ ഭരണകർത്താക്കൾ എങ്ങനെയാണ് അത് സ്വീകരിച്ചത്.
തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്തിരിയുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇതെല്ലാം നാട്ടുകാർ കാണുന്നുണ്ട്.
ഭരണവിരുദ്ധ വികാരം ശക്തമാണ്. പിന്നെ കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ കൂട്ടായ ശക്തമായ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വിജയം നേടാൻ സഹായകമായി.
∙ പ്രായമായ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ പല വെളിപ്പെടുത്തലുകളുമായി വരുന്നു.
ഇത് ഗുണത്തേക്കാൾ പാർട്ടിക്ക് ദോഷം ഉണ്ടാക്കില്ലേ?
നമുക്ക് എല്ലാവരും വേണ്ടേ. പ്രായമായവരും മധ്യവയസ്കരും ചെറുപ്പക്കാരും വേണം.
എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരണം. പ്രായമായവർ എന്തു കൊണ്ടു പറഞ്ഞു എന്ന് ചിന്തിക്കണം.
അതിൽ സ്വീകരിക്കാവുന്നത് സ്വീകരിക്കണം. നമുക്ക് ഗുണപരമായ മാറ്റം ഉണ്ടാകാൻ സാധിക്കുന്നത് ഉൾക്കൊള്ളണം.
അപ്പ വിമർശനത്തെ ഉൾക്കൊള്ളാൻ പരമാവധി ശ്രമിച്ചിരുന്നു. അതിലെ ശരികൾ ഉൾക്കൊണ്ടിരുന്നു.
∙ മണ്ഡലത്തിൽ എന്തു മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്?
സാധാരണക്കാർക്ക് അധികാരത്തിന് അടുത്തു നിൽക്കാൻ സാധിക്കണം.
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെല്ലാം അവർക്ക് പ്രാപ്യരാകണം. അവർ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങണം.
അതിനുള്ള ശ്രമം നടത്തുകയാണ്. വീടുകൾ കയറിയിറങ്ങിയാണ് ഇത് സാധ്യമാകുന്നത്.
അവരുടെ ആവശ്യങ്ങൾ നേരിട്ടു മനസ്സിലാക്കാൻ അത് സഹായിക്കും. നിലമ്പൂരിൽ നിന്ന് വന്നതിന് ശേഷം 130 വീടുകളിൽ കയറി.
പുതുപ്പള്ളിയിലെ ഈ വീടുകളിൽ 50 പേരെ വോട്ടർ പട്ടികയിൽ ചേർക്കാനുണ്ട് എന്ന് കാര്യം പോലും മനസ്സിലായത് അപ്പോഴാണ്. മറ്റൊരു വീട്ടിൽ ഭംഗിയായി കൂൺ കൃഷി നടത്തുന്നത് കണ്ടു.
അതും പഠിക്കേണ്ട കാര്യമാണല്ലൊ എന്ന് തോന്നി.
മറ്റുള്ളവരെ അത് പഠിപ്പിക്കണമെന്നും തോന്നി. ജനങ്ങളെ കൂടുതൽ അധികാരത്തിന് അടുത്തേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടത്തും.
തദ്ദേശ തിരഞ്ഞെടുപ്പിന് എത്രത്തോളം സജ്ജമായി?
ഇനിയും സജ്ജമാകാനുണ്ട്.
പ്രവർത്തകരോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ അതിനുള്ള നടപടികളുമായി മുന്നിട്ടിറങ്ങും.
മണ്ഡലത്തിൽ നടത്താൻ ശ്രമിച്ച വികസനം?
സ്പോർട്സ് ഹബ്, ഐടി പാർക്ക് എന്നിവ ഇവിടെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.
ഐടി പാർക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത്രവിജയിച്ചില്ല. ടൂറിസം, ഐടി, സ്പോർട്സ് എന്നിവ ഒരുമിച്ച് കൊണ്ടുവന്ന് മുന്നോട്ടു പോകാനാണ് ആഗ്രഹം.
റോഡിന്റെ കാര്യത്തിൽ ഇനിയും മെച്ചപ്പെടാനുണ്ട്. ജലജീവൻ മിഷൻ പൈപ്പിടൽ മൂലം റോഡുകൾ മിക്കതും തകർന്നു കിടക്കുകയാണ്.
ബോധപൂർവം പല നടപടികളും അധികൃതർ വൈകിപ്പിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]