
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) രംഗത്ത്: ‘കരിയാർ സ്പിൽവേയുടെ ഷട്ടറുകൾ ഉടൻ ഉയർത്തണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ കരിയാർ സ്പിൽവേയുടെ ഷട്ടറുകൾ ഉയർത്താൻ അടിയന്തര നടപടി വേണമെന്നു മത്സ്യത്തൊഴിലാളി ഫെഡറേഷൻ എഐടിയുസി ആവശ്യപ്പെട്ടു. ഷട്ടർ ഉയർത്താത്തതിനാൽ നീരൊഴുക്ക് നിലച്ച് വെള്ളം മലിനമായി ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ്. കൂടാതെ മൂവാറ്റുപുഴയാർ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ പോളയും പായലും തിങ്ങിവളർന്ന് ജലഗതാഗതം സാധ്യമല്ലാതായി മാറി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുന്നതിന്റെ ഒപ്പം കരിയാർ സ്പിൽവേയുടെ ഷട്ടറുകൾ തുറക്കേണ്ടതാണ്. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഓരുമുട്ടുകളും നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ല.
മത്തുങ്കൽ, ആമയിട, തോട്ടുവക്കം വടയാർ, അഞ്ചുമന, മഴുവഞ്ചേരി ഉദയനാപുരം, ടിവി പുരം വെച്ചൂർ, തലയാഴം തുടങ്ങിയ പ്രദേശങ്ങളിലെ ഓരുമുട്ടുകൾ നീക്കം ചെയ്യാത്തതിനാൽ മലിനീകരണത്തോത് ഉയർന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന അവസ്ഥയിലാണ്. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനു നീരൊഴുക്ക് വർധിപ്പിച്ച് ജലഗതാഗതം പുനഃസ്ഥാപിക്കുന്നതിനും മത്സ്യ ഉൽപാദനം വർധിപ്പിക്കാനും അടിയന്തരമായി കരിയാർ സ്പിൽവേയുടെ ഷട്ടറുകളും ഓരുമുട്ടുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകിയതായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ എഐടിയുസി ജില്ലാ സെക്രട്ടറി ഡി.ബാബു പറഞ്ഞു.