
വ്യാജ പീഡനപരാതി: ജയിലിലായ ജോമോൻ മനസ്സ് തുറക്കുന്നു; ‘എന്നെ കുടുക്കിയവരോട് ദൈവം ക്ഷമിക്കട്ടെ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടുത്തുരുത്തി ∙ വ്യാജ പീഡനക്കേസിൽനിന്ന് മോചിതനായ ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോന് ഒന്നുമാത്രമേ പറയാനുള്ളൂ: ‘എന്നെ കുടുക്കിയവരോട് ദൈവം ക്ഷമിക്കട്ടെ’… കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ജോമോനെതിരെ 2017ൽ, എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയാണു പരാതി നൽകിയത്. അധ്യാപകനായ ജോമോൻ, പരിശീലനത്തിനായി കൊണ്ടുപോകുന്നതിനിടെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസിൽ ജയിലിൽ കഴിയേണ്ടിവന്നു. വിദ്യാർഥിനി ഈയിടെ ജോമോന്റെ നാട്ടിലെ ദേവാലയത്തിലെത്തിയാണു പരാതി വ്യാജമായിരുന്നെന്നും ജോമോൻ നിരപരാധിയായിരുന്നെന്നും പരസ്യമായി പറഞ്ഞത്.
കോടതിയിലും മൊഴി നൽകിയതോടെ ജോമോനെ വിട്ടയച്ചു. കടന്നുപോയ ദുരിതാനുഭവങ്ങളെപ്പറ്റി ജോമോന്റെ വാക്കുകൾ: ‘7 വർഷം ഞാൻ അനുഭവിച്ച അപമാനത്തിനും ദുരിതത്തിനും കണക്കില്ല. സ്ഥാപനം പൂട്ടി. വരുമാനം നഷ്ടമായി. ഭാര്യ കൂടെനിന്നതു മാത്രമായിരുന്നു ആശ്വാസം. ഒപ്പിട്ടു നൽകിയ വെള്ളക്കടലാസിൽ സുഹൃത്തും മറ്റു ചിലരും ചേർന്നു വ്യാജ പരാതി എഴുതിച്ചേർത്തെന്നാണു വിദ്യാർഥിനി പറഞ്ഞത്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന എന്റെ സ്ഥാപനം തകർക്കാനും എന്നെ ഇല്ലാതാക്കാനും ചിലർ നടത്തിയ ശ്രമമാണു പരാതിക്കു പിന്നിൽ.
രാത്രി എന്റെ വീട്ടിലെത്തിയ കടുത്തുരുത്തി പൊലീസ് ആളുകൾക്കു മുന്നിലൂടെ ഒന്നര കിലോമീറ്റർ നടത്തിയാണു പൊലീസ് ജീപ്പിൽ കയറ്റിയത്. പൊലീസ് സ്റ്റേഷനിൽ 3 ദിവസം നിർത്തി. ഇതിനു ശേഷമാണ് കോടതിയിൽ എത്തിച്ചത്. വിദ്യാർഥിനിയോടു വൈരാഗ്യമില്ല. കള്ളക്കേസിനു പിന്നിൽ ഒരു സംഘം ഉണ്ടായിരുന്നു. അവർ ആരൊക്കെയെന്ന് അറിയാം. അവരോടു ദൈവം ക്ഷമിക്കട്ടെ…’