ആർപ്പൂക്കര ∙ പഞ്ചായത്തിൽ 2500ൽ അധികം ഏക്കർ പാടശേഖരങ്ങളിലെ പുഞ്ചക്കൃഷി വേണ്ടെന്നുവച്ച് കർഷകർ. മില്ലുടമകൾ നെല്ലെടുക്കുന്നതിന് അമിത കിഴിവ് ഈടാക്കുന്നതും കൃഷിച്ചെലവ് കൂടിയതുമാണ് കാരണം.
ഇനിയും നഷ്ടം സഹിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കൃഷിക്കാർ.
ഡിസംബർ ആദ്യം കൊയ്ത നെല്ല് പാടത്ത്
ഡിസംബർ ആദ്യ ആഴ്ചയിൽ കൊയ്ത നെല്ലുപോലും മില്ലുകാർ ഇനിയും എടുത്തിട്ടില്ല. അധികൃതരും നെല്ലെടുപ്പിക്കുന്നില്ല.
കൊച്ചുവീട്ടിൽ പാടശേഖരത്ത് ഡിസംബർ 3ന് കൊയ്തെടുത്ത നെല്ല് ഇപ്പോഴും പാടത്ത് കൂട്ടിയിട്ടിരിക്കുന്നു. 10 ശതമാനത്തിൽ താഴെ മാത്രം ഈർപ്പമുള്ള നെല്ലാണ്.
ഇതിനും 14 കിലോ കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
വേണം, വിജിലൻസ് അന്വേഷണം
കഴിഞ്ഞ പുഞ്ചക്കൃഷിക്ക് പല പാടശേഖരങ്ങളിലും 15–20 കിലോ കിഴിവാണ് മില്ലുകാർ ഈടാക്കിയത്. കൊയ്ത്ത് കഴിഞ്ഞാലുടൻ മില്ലുകാരുടെ ഏജന്റ് എത്തി കിഴിവ് എത്രയെന്ന് പ്രഖ്യാപിക്കും. പിന്നീട് പരിശോധനയ്ക്കെത്തുന്ന പാഡി ഓഫിസ് ഉദ്യോഗസ്ഥർ ഏജന്റ് പറഞ്ഞ കിഴിവ് ലഭിക്കുന്ന രീതിയിൽ ഈർപ്പം രേഖപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കർഷകർ ആരോപിക്കുന്നു.വിജിലൻസ് അന്വേഷണം വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഓരു കയറി ഉൽപാദനം കുറയുന്നതിനും കൃഷി നശിക്കുന്നതിനും നഷ്ടപരിഹാരമായി കൃഷി മന്ത്രി പ്രഖ്യാപിച്ച 10,000 രൂപയും ഇവിടുത്തെ കർഷകർക്ക് ലഭിച്ചിട്ടില്ല.
വിലയിടിക്കാൻ ശ്രമമെന്ന് ആക്ഷേപം
പതിര് കൂടുതലാണ്, അപ്പർ കുട്ടനാട്ടിലെ നെല്ല് മോശമാണ് എന്നുള്ള ആരോപണവും മില്ലുകാരുടെ ഭാഗത്തുനിന്ന് ഉണ്ട്.
കായൽ നിലങ്ങളിൽ നിന്നും പാലക്കാട് ഭാഗത്തു നിന്നും പുഞ്ച വിളവെടുപ്പ് സമയത്ത് കൂടുതൽ നെല്ലെത്തുന്നതിനാൽ വിലയിടിക്കാനാണ് മില്ലുകാരുടെ ശ്രമമെന്ന് കർഷകർ ആരോപിക്കുന്നു. പാഡി ഓഫിസിലെ ഉദ്യോഗസ്ഥർ മില്ലുകാർക്ക് കൂട്ടു നിൽക്കുകയാണെന്നും കൃഷിക്കാർക്ക് ആക്ഷേപമുണ്ട്.
വെള്ളമില്ല, വളം കിട്ടാനില്ല
സമയത്ത് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നില്ല, വെള്ളത്തിന്റെ കുറവ്, വളം കിട്ടുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയും ഉൽപാദനത്തെ ബാധിക്കുന്നു. കൃഷിച്ചെലവ് ഏക്കറിന് 45,000 രൂപയിൽ അധികമാണെന്നും കർഷകർ പറയുന്നു.
ഇതിനൊപ്പം മില്ലുകാരുടെ ഭാരിച്ച കിഴിവും കൂടിയായതോടെയാണ് കൃഷി ഉപേക്ഷിച്ചത്.
കൃഷി ഉപേക്ഷിച്ച പാടങ്ങൾ പുഞ്ചക്കൃഷി ഈ വർഷം മുതൽ വേണ്ടെന്നു വച്ച പാടശേഖരങ്ങൾ (ബ്രാക്കറ്റിൽ വിസ്തീർണം ഏക്കറിൽ):
പായ്വട്ടം കറുകപ്പാടം (470) , ചാലാകരിപ്പാടം (100), ആര്യാട്ടൂഴം (100), ചൂരത്തറ (270), കേളക്കരി (170), കാട്ടുകരി (170), മഞ്ചാടിക്കരി (300),പുത്തൻകരി(130), കണ്ടമുണ്ടാരക്കരി (80), അറേക്കായൽ (70), വാവക്കാട് (90), പള്ളിക്കായൽ (260), പാഴോട്ട് മേക്കരി (80), പള്ളിക്കായൽ (240)
സ്വകാര്യ ബാങ്കിൽ നിന്ന് കടമെടുത്തും സ്വർണം പണയംവച്ചുമാണ് കൃഷി ചെയ്യുന്നത്. സമയത്ത് പണം തിരിയെ നൽകേണ്ടതിനാൽ 15– 20 കിലോ കിഴിവിനു വഴങ്ങേണ്ടി വരുന്നു.
ഇതിലും ഭേദം കൃഷി വേണ്ടെന്നുവയ്ക്കുകയാണ്.
അശോക് ലാൽ, കർഷകൻ, മണിയാപറമ്പ്
ഡിസംബർ 4ന് കൊയ്ത നെല്ലാണ് കൊച്ചുവീട്ടിൽ പാടശേഖരത്ത് കിടക്കുന്നത്. 10 ശതമാനത്തിൽ താഴെ മാത്രമാണ് ഈർപ്പം.
14 കിലോ കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെട്ടത്. 3 കിലോയിൽ കൂടുതൽ കിഴിവ് നൽകാൻ സമ്മതിക്കില്ല.
ബാബു സൈമൺ, കർഷകൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

