
കാഞ്ഞിരപ്പള്ളി ∙ നഗരത്തിന്റെ വികസന സ്വപ്നങ്ങൾക്കു പ്രതീക്ഷയേകി നിർമാണം തുടങ്ങിയ ബൈപാസ് പദ്ധതി എങ്ങുമെത്താതെ നിലച്ചതോടെ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കളമൊരുങ്ങുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷമാണ് ബൈപാസ് നിർമാണം ആരംഭിച്ചത്. കക്ഷി രാഷ്ട്രീയം മറന്നു ജനപ്രതിനിധികളും നേതാക്കളും ഇടപെട്ട് ബൈപാസ് നിർമാണം പുനരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇതിനായി സംഘടനകൾ സമരത്തിനു തയാറെടുക്കുകയാണ്.
സമരത്തിന് തുടക്കമിട്ട് യുഡിഎഫ്; റീത്ത് വച്ച് പ്രതിഷേധിക്കും
കാഞ്ഞിരപ്പള്ളി∙ കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതിനു പിന്നിൽ എംഎൽഎയുടെ അനാസ്ഥയാണെന്ന് യുഡിഎഫ് നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി റോണി കെ.ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം വി.എസ്.അജ്മൽ ഖാൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി മുണ്ടാമ്പള്ളി എന്നിവർ ആരോപിച്ചു.
യുഡിഎഫ് ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമായി ഇന്നു വൈകിട്ട് 4ന് നിർമാണം നിലച്ച പില്ലറുകളിൽ റീത്ത് വച്ച് പ്രതിഷേധിക്കും. കരാർ കമ്പനിക്കെതിരെ എംഎൽഎ ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനാണ്.
ഫണ്ടില്ലാത്തതിനാൽ നിർമാണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല എന്ന കരാർ കമ്പനിയുടെ പരാതി പരിശോധിക്കുന്നതിനു പകരം കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന എംഎൽഎയുടെ പ്രസ്താവന നിർമാണം അട്ടിമറിക്കാൻ വേണ്ടിയാണെന്നു സംശയിക്കുന്നു.
നാലു മാസം മുൻപു കരാറുകാരന്റെ ക്രമക്കേടുകൾ കണ്ടെത്തിയെന്നു പറയുന്ന എംഎൽഎ ഇത്ര നാൾ എന്തുകൊണ്ട് ക്രമക്കേട് മറച്ചുവച്ചുവെന്നു വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പല തവണ ടെൻഡറും റീ ടെൻഡറും ചെയ്തതിനു ശേഷമാണ് ഗുജറാത്തിലെ ബാക്ബോൺ കൺസ്ട്രക്ഷൻ കമ്പനി കരാർ ഏറ്റെടുത്തത്.
ബൈപാസിനു വേണ്ടി അനുവദിച്ച തുക അപര്യാപ്തമായതിനാലാണു പല കമ്പനികളും ടെൻഡർ നടപടികളിൽനിന്നു വിട്ടുനിന്നത്. കരാറെടുത്ത കമ്പനിയെ ഒഴിവാക്കി പദ്ധതി റീടെൻഡർ ചെയ്യാനുള്ള തീരുമാനം പദ്ധതിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണെന്നും ഇവർ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]