കർഷകനെ ദ്രോഹിക്കുന്ന നിയമങ്ങൾ സർക്കാർ പിൻവലിച്ചത് സമരങ്ങളെ തുടർന്ന്: അപു ജോൺ ജോസഫ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ കർഷകനെ ദ്രോഹിക്കുന്ന കരി നിയമങ്ങൾ കേരളാ സർക്കാരിന് പിൻവലിക്കേണ്ടി വന്നത് കേരളാ കോൺഗ്രസും യുഡിഎഫും നടത്തിയ സമരങ്ങളെ തുടർന്ന് കർഷക രോഷം ഉയർന്നപ്പോഴാണെന്നു കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ്.
വനനിയമഭേദഗതി, ജലാശയങ്ങളുടെ ബഫർ സോൺ, രാജ പാത പ്രശ്നം എന്നിവയിലൊക്കെ സർക്കാരിന്റെ കർഷക ദ്രോഹ നയമാണ് ഒളിഞ്ഞിരിക്കുന്നത്. മൂന്നാർ രാജ പാത പ്രശ്നത്തിൽ പരിണിത പ്രജ്ഞനായ കോതമംഗലം പിതാവ് ജോർജ് പുന്നക്കോട്ടിനിലെവരെ കേസിൽ കുടുക്കുവാൻ സർക്കാർ ധൈര്യം കാണിച്ചപ്പോൾ അതിനെതിരെ ഏകദിന ഉപവാസം നടത്തിക്കൊണ്ടാണ് കേരളാ കോൺഗ്രസ് കടന്നു വന്നത്.
കേരളാ കോൺഗ്രസിന്റെ എല്ലാ ജില്ലാ കമ്മിറ്റികളും സമരമുഖത്തായിരുന്നു. ഇത് കർഷക കേന്ദ്രങ്ങളിൽ ചർച്ചയാവുകയും, സർക്കാർ വിലാസം കേരളാ കോൺഗ്രസ് കർഷക മനസുകളിൽ നിന്നും ഇല്ലാതായി തുടങ്ങുകയും ചെയ്തപ്പോഴാണ് സർക്കാർ കരിനിയമം പിൻ വലിക്കുവാൻ തീരുമാനിച്ചത്. കാട്ട് മൃഗങ്ങളുടെ ആക്രമണത്തിനെതിരെ ഡൽഹിയിൽ മലയാള മുദ്രാവാക്യവും മുഴക്കി പ്രകടനം നടത്തിയവർ കേന്ദ്ര മന്ത്രിയുടെ മറുപടി കേട്ട് ലജ്ജിച്ച് തല താഴ്ത്തിയതും കർഷക കേന്ദ്രങ്ങളിൽ ചർച്ചയായി കഴിഞ്ഞു .
ഒന്നും രണ്ടും ഷെഡ്യൂളിൽപെട്ട വന ജീവികൾ മനുഷ്യ ജീവന് അപകടമുണ്ടാക്കുകയോ വസ്തു വകകൾ നശിപ്പിക്കുകയോ ചെയ്താൽ അവയെ വെടി വച്ച് കൊല്ലാമെന്നുള്ള കേന്ദ്ര വന മന്ത്രാലയം പുറപ്പെടുവിച്ച നിയമം വായിച്ചു നോക്കാൻ പോലും കഴിയാത്തവരാണ് ഡൽഹിയിൽ പ്രകടനം നടത്തി ഇളിഭ്യരായതെന്നു അപു ജോൺ ജോസഫ് കുറ്റപ്പെടുത്തി. സമരം ഡൽഹിയിലല്ല പകരം ഈ നിയമങ്ങൾ മറച്ചു വച്ച മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് മുമ്പിലാണ് നടത്തേണ്ടത്. കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ പി.ജെ ജോസഫ്, പി.സി തോമസ്, മോൻസ് ജോസഫ്, ജോയി എബ്രാഹം, ഫ്രാൻസിസ് ജോർജ് എം പി, തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ വിവിധ ജില്ലകളിൽ സമരങ്ങൾക്ക് നേതൃത്വം കൊടുത്തു.