കല്ലറ ∙ ഗ്രാമപ്രദേശങ്ങളിൽ ഉത്തരവാദ ടൂറിസം പദ്ധതികളുടെ ഭാഗമായി സഞ്ചാരികളുമായി യാത്ര നടത്തുന്ന ചെറു ജലയാനങ്ങൾക്കുള്ള (ശിക്കാര വള്ളം) ലൈസൻസ് പുതുക്കി നൽകുന്നില്ലെന്ന് പരാതി. കനാൽ ഓഫിസുകളിൽ നിന്നാണ് ശിക്കാര വള്ളങ്ങൾക്ക് ലൈസൻസ് നൽകുന്നത്.
കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖലകളിൽ ഒട്ടേറെ ജലയാനങ്ങൾ സഞ്ചാരികളുമായി സർവീസ് നടത്തുന്നുണ്ട്. ലൈസൻസ് പുതുക്കി നൽകാൻ തയാറാകാത്തതിനാൽ ജലയാനങ്ങളുടെ സർവീസ് പ്രതിസന്ധിയിലായിരിക്കുകയാണ്.
കേരള മാരിടൈം ബോർഡ് ശിക്കാര വള്ളങ്ങൾക്കുള്ള ലൈസൻസ് പുതുക്കി നൽകേണ്ട
എന്ന് കത്ത് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതിനാലാണ് ലൈസൻസ് നൽകാത്തതെന്നും കനാൽ ഉദ്യോഗസ്ഥർ പറയുന്നു. കല്ലറ, എഴുമാംതുരുത്ത്, ആയാംകുടി പ്രദേശങ്ങളിൽ ഒട്ടേറെ പേർ ഉപജീവന ഉപാധി എന്ന നിലയിൽ വലിയ തുകകൾ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് ജലയാനങ്ങൾ സർവീസ് നടത്തുന്നത്.
കേരളത്തിലെ ഏഴ് കനാൽ ഓഫിസുകൾ വഴി സുരക്ഷാ ക്രമീകരണ ഉപകരണങ്ങളുടെ പരിശോധന ഉൾപ്പെടെ നിശ്ചിത കാലയളവുകളിൽ പൂർത്തിയാക്കിയാണ് ലൈസൻസ് നൽകിക്കൊണ്ടിരുന്നത്.
അപ്പർ കുട്ടനാടൻ മേഖലയിൽ നെൽക്കൃഷി ചെയ്യുന്ന പാടങ്ങൾക്കും ആവാസ വ്യവസ്ഥയ്ക്കും ദോഷകരമാകാത്ത വിധം ചെറിയ മോട്ടറുകൾ ഘടിപ്പിച്ചാണ് ഇത്തരം ബോട്ടുകൾ തോടുകളിൽ കടി സഞ്ചാരികളുമായി പോകുന്നത്. കല്ലറ പോലുള്ള പ്രദേശങ്ങളിൽ തോടുകളിലെ പുൽക്കാടുകൾ ഒരു പരിധി വരെ തെളിച്ച് ഗതാഗത യോഗ്യമാക്കുന്നതും ഇത്തരത്തിൽ ബോട്ടുകളിറക്കിയവരാണ്.
കേരള മാരിടൈം ബോർഡിന്റെ ഈ നടപടി നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചതായി കല്ലറയിലെ കാശിനാഥൻ എന്ന ശിക്കാരവള്ളത്തിന്റെ ഉടമ പി.ടി. സുരേഷ് കുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

