മണിമല∙ കരിക്കാട്ടൂർ സെൻട്രലിലുള്ള മണിമല വില്ലേജ് ഡിജിറ്റൽ സർവേ ഓഫീസിലേയ്ക്ക് കർഷകർ പ്രതിഷേധമാർച്ച് നടത്തി. ആലപ്ര – പൊന്തൻപുഴ പ്രദേശങ്ങളിലെ പട്ടയം ഇല്ലാത്ത കർഷകരാണ് പ്രതിഷേധിച്ചത്.
ആലപ്രയിലെ പട്ടയം ഇല്ലാത്ത കർഷകരുടെ കൈവശ ഭൂമി ആലപ്ര വനത്തിന്റെ ഭാഗം ആണെന്ന് ഡിജിറ്റൽ സർവേയിൽ രേഖപ്പെടുത്തിയതിലാണ് ജനങ്ങളുടെ എതിർപ്പ്.
പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഗണിച്ച് വനവിജ്ഞാപനം അനുസരിച്ച് ഭൂമിയിൽ അതിർത്തി പരിശോധിക്കണം എന്ന് രണ്ടു വർഷം മുൻപ് ലാൻഡ് റവന്യൂ കമ്മീഷണർ കോട്ടയം, പത്തനംതിട്ട കളക്ടറന്മാർക്ക് നിർദേശം നൽകിയിരുന്നു.
ഇത് നടപ്പിലാക്കാതെ റീ-സർവേ രേഖകളെ മാത്രം ആശയിച്ചു ഡിജിറ്റൽ സർവ്വേ നടത്തി കർഷകരുടെ ഭൂമി വനം എന്ന് രേഖപ്പെടുത്തി ഹെഡ് സർവേയർ നോട്ടീസ് പ്രസിദ്ധീകരിച്ചു.
1907 ഉണ്ടായ ആലപ്ര വനവിജ്ഞാപനത്തിൽ വനത്തിന്റെ വടക്കേ അതിർത്തിയായി വിവരിക്കുന്നത് പുളിക്കൻപാറ തോട്, ആലപ്രയിലെ മനുഷ്യവാസം ഉള്ള ഭൂമിയുടെ തെക്കു ഭാഗത്തുകൂടി വെട്ടിയിട്ടുള്ള ലൈൻ, പൊന്തൻപുഴ തോട് ഇവയാണ്. ഈ അടയാളങ്ങൾ മുഴുവൻ ഒരു മാറ്റവും കൂടാതെ ഭൂമിയിൽ ഇന്നും നിലനിൽക്കുന്നു.
തങ്ങളുടെ ഭൂമി മുഴുവൻ ഈ അതിർത്തിക്കു പുറത്താണെന്ന് കർഷകർ അവകാശപ്പെടുന്നു. ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കിയാൽ ഈ വസ്തുത വെളിപ്പെടും.
വനത്തിനുള്ളിൽ കാണുന്ന രണ്ടു ചതുപ്പ് ഭൂമികൾ തിരുവിതാംകൂർ ഭരണകാലത്ത് കുത്തകപ്പാട്ടമായി നൽകുകയും 1955 റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്ത ഭൂമിയാണെന്ന് രേഖകൾ നിരത്തി സമരനേതാക്കൾ വാദിക്കുന്നു.
പെരുമ്പെട്ടി പട്ടയം സാധ്യമാക്കാൻ 2018 മുതൽ സമരം ചെയ്യുന്ന പൊന്തൻപുഴ സമരസമിതിയാണ് ആലപ്ര പട്ടയസമരത്തിനും നേതൃത്വം നൽകുന്നത്.
പ്രതിഷേധ മാർച്ച് മണിമല ഗ്രാമപഞ്ചായത്തംഗം ബോബി ജേക്കബ് ഉദ്ഘാടനം ചെയ്തു. സതീഷ് വളകോടി ചതുപ്പ് പന്തം കൊളുത്തി, കൊറ്റനാട് ഗ്രാമപഞ്ചത്തംഗം ഉഷ ഗോപി, ജെയിംസ് കണ്ണിമല, സന്തോഷ് പെരുമ്പെട്ടി, ജോസ് കോട്ടയിൽ, ഓ ജി.
ശാന്തമ്മ, ബാബു കെ. സി പ്രസംഗിച്ചു.
തുടർപരിപാടികൾ ആലോചിക്കാൻ ഇന്ന് വളകോടിച്ചതുപ്പിലെ സാംസ്കാരിക നിലയത്തിൽ ആലോചനായോഗം നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

