എരുമേലി ∙ ഭൂരിപക്ഷം ഉണ്ടായിട്ടും കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നുണയാനുള്ള അവസരം നഷ്ടപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി എരുമേലി പഞ്ചായത്തിലെ യുഡിഎഫ് നേരിടുന്നത്. 24 സീറ്റുകളിൽ 14 സീറ്റിലും ജയിച്ചിട്ടും പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമായ എരുമേലിയിൽ ഒരു പട്ടിക വർഗ അംഗത്തെ ജയിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് നിലവിലെ പ്രതിസന്ധി.അതേ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 23 വാർഡുകളിൽ 11 വീതം സീറ്റുകൾ ഇരു മുന്നണിക്കും വന്നപ്പോൾ സ്വതന്ത്രന്റെ നിലപാട് നിർണായകമായി.
സ്വതന്ത്രനെ ഒപ്പം നിർത്തി ഭരണം പിടിക്കാൻ ഇറങ്ങിയപ്പോൾ കോൺഗ്രസ് അംഗങ്ങൾ വോട്ട് അസാധുവാക്കി പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിൽ എത്തിക്കുകയും അതുവഴി എൽഡിഎഫിനു ഭരണം ലഭിക്കുകയും ചെയ്തു. വീണ്ടും ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം വീതം വയ്പ്പിൽ തട്ടി വീണ്ടും ഭരണം നഷ്ടമായി.
കോൺഗ്രസ് ചിഹ്നത്തിൽ ജയിച്ച 3 പേരാണ് കഴിഞ്ഞ 5 വർഷം 5 കാലുമാറി എൽഡിഎഫിന് അനുകൂല നിലപാടെടുത്തത്. ഇത്തവണ ജനങ്ങൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം നൽകി വിജയിപ്പിച്ചിട്ടും ഭരണം ‘കൈപ്പിടിയിൽ’ ആക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല.
ചില സ്ഥാനാർഥി നിർണ്ണയത്തിലെ തെറ്റായ തീരുമാനമാണ് കരയ്ക്കിരുന്നു കളി കാണേണ്ട സാഹചര്യത്തിൽ പാർട്ടിയെ എത്തിച്ചതെന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്.
ചില വാർഡുകളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നു നേതൃത്വം തന്നെ തുറന്നു സമ്മതിക്കുന്നു. കൂടുതൽ ജയസാധ്യതയുള്ള വാർഡുകളിൽ പട്ടിക വർഗ സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നുവെങ്കിൽ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകില്ലെന്നും പാർട്ടിക്കുള്ളിൽ ചർച്ചയുണ്ട്.
ചിലർ സ്ഥാനാർഥികളാകാതിരിക്കാനും ചിലരെ ഒഴിവാക്കാനും ചരടുവലികൾ നടന്നു.
പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുമ്പൂന്നിക്കരയിൽ മത്സരിച്ച കെ.എസ്.അഭിജിത്ത് ആയിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി.
സിപിഎം സ്ഥാനാർഥിയായ എം.വി.ഗിരീഷ് കുമാറാണ് 52 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവിടെ ജയിച്ചത്.എസ്ടി സംവരണ വാർഡായ ഉമിക്കുപ്പയിൽ ബിജെപി ആണ് ജയിച്ചത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായ വത്സമ്മയെ 37 വോട്ടിനാണ് ബിജെപിയിലെ കെ.കെ.രാജൻ പരാജയപ്പെടുത്തിയത്.
ഇതോടെ സിപിഎമ്മും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഇവിടെ കോൺഗ്രസിനെ പരാജയപ്പെടുത്തുകയായിരുന്നു.
സമാന വിധത്തിലാണ് ഉമിക്കുപ്പയിലും സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിലൂടെ ബിജെപി അംഗം ജയിച്ചത്.
പി.എ. സലിം, കെപിസിസി ജനറൽ സെക്രട്ടറി
പ്ലാൻ ബി യുമായി കോൺഗ്രസ്
പഞ്ചായത്തിൽ ഭൂരിപക്ഷം ലഭിച്ചിട്ടും ഭരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാനുള്ള‘പ്ലാൻ ബി’ പദ്ധതി യുഡിഎഫ് നേതാക്കളുടെ മനസിലുണ്ട്.
അതെന്താണെന്നു പുറത്തുവിട്ടിട്ടില്ലെങ്കിലും ഒരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുന്നിൽ കാണുന്നുവെന്നു വിലയിരുത്തൽ. എന്നാൽ അത് ആര്, എപ്പോൾ, എങ്ങനെ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.
ദീർഘകാല പദ്ധതിയാണെന്നും കാത്തിരുന്നു കാണാമെന്നുമാണ് നേതാക്കളുടെ മറുപടി.
എൽഡിഎഫിന് കനത്ത വീഴ്ച
ഒരു ലോക്കൽ സെക്രട്ടറിയും 2 മുൻ ലോക്കൽ സെക്രട്ടറിമാരുമാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇതിൽ ഒരു മുൻ ലോക്കൽ സെക്രട്ടറി മാത്രം വിജയിച്ചപ്പോൾ 2 പേർ പരാജയം അറിഞ്ഞു.
മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ തങ്കമ്മ ജോർജുകുട്ടി ചേനപ്പാടി ബ്ലോക്ക് ഡിവിഷനിലും ഭർത്താവ് കെ.സി.ജോർജുകുട്ടി പഞ്ചായത്ത് വാർഡിലും മത്സരിച്ചെങ്കിലും ഇരുവരും വിജയിച്ചില്ല. 25 വർഷം മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറിയായിരുന്നു കെ.സി.ജോർജ്കുട്ടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

