കോട്ടയം ∙ പച്ചക്കറി മൊത്തവ്യാപാരക്കട ഉടമ ഹരിതകർമ സേനാംഗങ്ങളെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
ഇതേസമയം ഹരിതകർമ സേനാംഗങ്ങൾ കടയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തിയതിനെ തുടർന്ന് കട ഇന്നലെ താൽക്കാലികമായി അടച്ചു.ചൂട്ടുവേലി വട്ടമൂട് പാലത്തിന് സമീപത്തെ പച്ചക്കറി മൊത്ത വ്യാപാരക്കടയായ ടിബറ്റിന്റെ ഉടമയ്ക്ക് എതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം കടയിലെ മാലിന്യം നീക്കാൻ എത്തിയ ഹരിത കർമ സേനയിലെ 2 അംഗങ്ങൾക്ക് നേരെ അസഭ്യം പറഞ്ഞെന്നാണ് ആരോപണം. ഹരിത സേന അംഗങ്ങളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നഗരസഭ 12-ാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ തങ്കമ്മ രവികുമാർ, മൃദുല തങ്കപ്പൻ എന്നിവരാണ് പരാതി നൽകിയത്.
ചെളിയുള്ളതിനാൽ പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ കഴിയില്ലെന്ന് ഇവർ കടയുടമയോടു പറഞ്ഞു. ഇതെത്തുടർന്നു കടയുടമ പിന്നാലെയെത്തി ചീത്ത പറഞ്ഞെന്നാണ് പരാതി.
കണ്ടു നിന്നവരിൽ ഒരാൾ ഈ രംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് വിവാദമായത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ ഷീജ അനിലിന്റെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾ കടയുടെ മുന്നിലെത്തി ധർണ നടത്തി. അതേസമയം, സംഭവം നടക്കുമ്പോൾ നഗരസഭാധ്യക്ഷയും നഗരസഭാ സെക്രട്ടറിയും ഔദ്യോഗിക ആവശ്യപ്രകാരം കൊച്ചിയിലായിരുന്നെന്നും എങ്കിലും ഉടൻ തന്നെ പൊലീസ് സ്റ്റേഷനുമായും ഹരിതകർമ സേനയുമായും ബന്ധപ്പെട്ടിരുന്നെന്നും നഗരസഭാ അധികൃതർ പ്രതികരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]