
എറ്റുമാനൂർ∙ ബൈപാസ് റോഡ് തുറന്നിട്ടും രക്ഷയില്ല; നഗരത്തിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. തെള്ളകം മുതൽ പട്ടിത്താനം വരെയും കട്ടച്ചിറ മുതൽ ഏറ്റുമാനൂർ സെൻട്രൽ ജംക്ഷൻ വരെയുമാണ് ഗതാഗതക്കുരുക്ക് പതിവാകുന്നത്.
മുൻപ് ശനിയാഴ്ച വൈകുന്നേരങ്ങളിൽ മാത്രമായിരുന്ന ഗതാഗതക്കുരുക്ക് ഇപ്പോൾ എല്ലാ ദിവസവും തുടരുകയാണ്. നഗരത്തിലെ പ്രധാന ജംക്ഷനുകളിൽ ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തതാണ് കുരുക്കിന്റെ പ്രധാന കാരണം. പാറേക്കണ്ടം ജംക്ഷനിൽ സിഗ്നൽ ലൈറ്റ് ഉണ്ടെങ്കിലും ഇതിന്റെ സമയ ക്രമീകരണം തെറ്റാണെന്ന് യാത്രക്കാർ പറയുന്നു.
ഗതാഗതക്കുരുക്കിനു പരിഹാരമെന്ന നിലയിൽ നിർമിച്ച ബൈപാസും ഇപ്പോൾ കുരുക്കിലാണ്. റിങ് റോഡ് യാഥാർഥ്യമായാൽ മാത്രമേ ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു.
ഇതേസമയം ഗതാഗതക്കുരുക്കിന്റെ കാരണം സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നും ശാശ്വത പരിഹാരം കാണണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
ഗതാഗതക്കുരുക്കിന്റെ കാരണങ്ങൾ
പ്രധാന റോഡിലേക്ക് തുറക്കുന്ന പോക്കറ്റ് റോഡുകളാണ് കുരുക്കിനു പ്രധാന കാരണം. പോക്കറ്റ് റോഡുകളിൽ നിന്നു പ്രധാന റോഡിലേക്കും തിരിച്ചും വാഹനങ്ങൾ പ്രവേശിക്കാൻ എടുക്കുന്ന സമയം കുരുക്കിനു കാരണമാകുന്നുവെന്ന് നാറ്റ്പാക് സംഘത്തിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
അപകടത്തിൽപെടുന്ന വാഹനങ്ങൾ റോഡിൽ നിന്നു നീക്കാൻ ഉണ്ടാകുന്ന താമസം, അനധികൃത പാർക്കിങ് തുടങ്ങിയവയും കാരണമാണ്. തവളക്കുഴിയിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നവരുടെ അനധികൃത വാഹന പാർക്കിങ്ങാണ് പട്ടിത്താനത്തെ ഗതാഗതക്കുരുക്കിനു കാരണം. വഴിയോരക്കച്ചവടം, കൃത്രിമ ബസ് സ്റ്റോപ്പുകൾ, ഇഴഞ്ഞു നീങ്ങുന്ന മരാമത്ത് ജോലികൾ, റോഡിന്റെ ശോച്യാവസ്ഥ തുടങ്ങിയവയും നഗരത്തെ കുരുക്കിലാക്കുന്നു.
ബൈപാസിൽ ഗതാഗതം മുടക്കി വാഹനം
പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടത്തിൽപെട്ട
വാഹനം ഗതാഗത തടസ്സമായി കിടന്നത് മണിക്കൂറുകളോളം. ഇന്നലെ രാവിലെ 10നു തവളക്കുഴി ജംക്ഷനു സമീപം അപകടത്തിൽപെട്ട
ലോറിയാണ് വൈകുന്നേരമായിട്ടും റോഡിൽ നിന്നു നീക്കാതിരുന്നത്. കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തിൽ ലോറിയുടെ എൻജിനു തകരാർ സംഭവിച്ചതിനാൽ മുന്നോട്ട് നീക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വള്ളിക്കാട് റോഡിനു മുന്നിൽ അപകടത്തിൽ പെട്ട
വാഹനം തടസ്സമായി കിടന്നതോടെ ഈ റൂട്ടിലെ യാത്രക്കാർ ദുരിതത്തിലായി. പൊലീസിനെയും മറ്റ് അധികൃതരെയും വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഓട്ടോറിക്ഷാ തൊഴിലാളികളും യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇന്നലെ രാത്രിയോടെയാണ് വാഹനം റോഡിൽ നിന്നു നീക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]