
കോട്ടയം∙ വില കുതിച്ചുകയറുമ്പോൾ വെളിച്ചെണ്ണയുടെ വേഷമിട്ട് വ്യാജ എണ്ണകൾ രംഗത്ത്. വെളിച്ചെണ്ണയും മറ്റു ഭക്ഷ്യയോഗ്യമായ എണ്ണകളും നിശ്ചിത അളവിൽ ചേർത്തുണ്ടാക്കുന്ന ബ്ലെൻഡഡ് വെളിച്ചെണ്ണ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഒരു ലീറ്റർ വെളിച്ചെണ്ണയ്ക്ക് 440 രൂപ കൊടുക്കേണ്ടി വരുമ്പോൾ 100 രൂപയെങ്കിലും കുറവിൽ ബ്ലെൻഡഡ് വെളിച്ചെണ്ണ ലഭിക്കും. വെളിച്ചെണ്ണയ്ക്ക് പകരമായി ചേർക്കുന്ന ദ്രാവകങ്ങൾക്ക് പ്രത്യേക മണമോ രുചിയോ ഇല്ലാത്തതിനാൽ വെളിച്ചെണ്ണയുടെ രുചിയും മണവും ഇതിൽ ഉയർന്നു നിൽക്കും. ഏതൊക്കെ എണ്ണകളാണ് ചേർത്തതെന്ന് ലേബൽ ചെയ്യണമെന്നും നിയമമുണ്ട്.
ലേബൽ ചെയ്യാതെയോ ലേബലിൽ വിവരങ്ങളില്ലാതെയോ വിൽപന നടത്തിയാൽ വ്യാജനെന്ന പിടി ഇവയ്ക്കു വീണേക്കാം.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ വ്യാജനെന്നു കണ്ടെത്തിയ വെളിച്ചെണ്ണയുടെ സാംപിൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം കിട്ടാൻ 2 മാസമെങ്കിലുമെടുക്കും. അതേസമയം വിലവർധന വെളിച്ചെണ്ണ വിപണിയെ അധികം ബാധിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന്റെ അളവ് പലരും കുറച്ചെങ്കിലും മറ്റ് എണ്ണകളിലേക്കു മാറിയവർ കുറവാണ്. ഈ വർഷം ജനുവരിയിൽ ലീറ്ററിന് 210 രൂപയായിരുന്നു വെളിച്ചെണ്ണയുടെ മൊത്ത വ്യാപാരവില. ഈ മാസം 390 രൂപയായി.
ചില്ലറ വിൽപന വില 440 ആണ്. ഓണക്കാലത്ത് വെളിച്ചെണ്ണ വില 500 കടക്കുമെന്നാണ് വ്യാപാരികൾ കരുതുന്നത്.
വെളിച്ചെണ്ണ ഉപയോഗം കുറയ്ക്കാനുള്ള വഴികൾ
∙പ്രഷർ കുക്കർ, സ്ലോ കുക്കർ, മൈക്രോവേവ്, എയർ ഫ്രയർ, ഗ്രിൽ പാൻ എന്നിവ ഉപയോഗിക്കാം. ∙ചീനച്ചട്ടിക്കും ഇരുമ്പുചട്ടിക്കും പകരം നോൺ സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുക.
∙നല്ലവണ്ണം ചൂടായ സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ എന്നിവയും ഉപയോഗിക്കാം. എണ്ണ ഉപയോഗം കുറഞ്ഞാലും ഇത്തരം പാത്രങ്ങളിൽ ഭക്ഷണം അടിക്കുപിടിക്കാനുള്ള സാധ്യത കുറവാണ്.
∙ തേങ്ങ അരച്ചുള്ള കറികളിൽ തേങ്ങ കുറച്ചും സവാള/ ചുവന്നുള്ളി കൂടുതലും ചേർക്കുന്നത് രുചി കൂട്ടുകയേ ഉള്ളു. ഇവയിൽ പിന്നീട് വെളിച്ചെണ്ണ ചേർക്കേണ്ട
ആവശ്യമില്ല. ∙ തോരൻ, മെഴുക്കുപുരട്ടി എന്നിവ ആവിയിൽ തയാറാക്കിയ ശേഷം മുകളിൽ കടുകു വറുക്കാനോ ഉള്ളി വഴറ്റാനോ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കാം.
∙ ആവിയിൽ വേവിച്ച കറികളും പരീക്ഷിക്കാം. ∙ ഡീപ് ഫ്രൈ ചെയ്യാനും വഴറ്റാനും ചെറിയ പാത്രങ്ങൾ ഉപയോഗിക്കുക …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]