
കുറവിലങ്ങാട് ∙ മരങ്ങാട്ടുപിള്ളി, ഉഴവൂർ ടൗണുകളിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ഗതാഗതം നിയന്ത്രിക്കാൻ 2 സ്ഥലത്തും പൊലീസ് സേവനം ലഭ്യമല്ല.
വിദ്യാലയങ്ങളും ഓഫിസുകളും മറ്റു സ്ഥാപനങ്ങളും ഉണ്ടെങ്കിലും ഗതാഗത നിയന്ത്രണത്തിനു സംവിധാനം ഇല്ല.
മരങ്ങാട്ടുപിള്ളി
ടൗണിൽ സുരക്ഷിതമായ നടപ്പാതകൾ ഇല്ലാത്തതിനാൽ കാൽനട യാത്രക്കാർ റോഡിലേക്കു കയറി നടക്കുന്ന സാഹചര്യമാണ് നിലവിൽ.
കോഴാ–പാലാ റോഡിലും കടപ്ലാമറ്റം റോഡിലും പാർക്കിങ് സംവിധാനമില്ല. സുരക്ഷിതമായി റോഡ് കടക്കാനും മാർഗമില്ല.
ഗതാഗത നിയന്ത്രണത്തിനു പൊലീസ് സേവനവും ലഭിക്കുന്നില്ല. പല സ്ഥലത്തും സീബ്ര ലൈൻ, റോഡ് മാർക്കിങ് എന്നിവ ഇല്ല. കടപ്ലാമറ്റം റോഡ് ആരംഭിക്കുന്ന ഭാഗത്തു മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ല.
ഇതുമൂലം, കടപ്ലാമറ്റം റോഡിൽനിന്ന് വാഹനങ്ങൾ കോഴാ–പാലാ റോഡിലേക്കും കോഴാ–പാലാ റോഡിൽനിന്ന് കടപ്ലാമറ്റം റോഡിലേക്കും പ്രവേശിക്കുമ്പോൾ അപകടഭീഷണി നിലനിൽക്കുന്നുണ്ട്. ഗവ.ആശുപത്രിയിലേക്കു തിരിയുന്ന ഭാഗം കുപ്പിക്കഴുത്തു പോലെ. ഇതുമൂലം, ആശുപത്രിയിൽനിന്ന് ഇറങ്ങുന്ന വാഹനങ്ങൾക്കു വഴി കാണാൻ കഴിയില്ല.
വടക്കേ കവലയിലെ പന്നിക്കോട്ട് വളവിലും ‘എസ്’ ആകൃതിയിൽ കുപ്പിക്കഴുത്ത് വളവുണ്ട്.
ഉഴവൂർ
ഗതാഗത തിരക്ക് ഓരോ ദിവസവും കൂടുമ്പോഴും ഉഴവൂർ പള്ളിക്കവല ഉൾപ്പെടെ ടൗണിലെ പ്രധാന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തിനു സംവിധാനം ഇല്ല. കിടങ്ങൂർ–മംഗലത്താഴം കെ.ആർ.നാരായണൻ റോഡ് കടന്നു പോകുന്ന ഉഴവൂർ ടൗണിൽ ഗതാഗത പ്രശ്നങ്ങൾ രൂക്ഷമാണ്. മോനിപ്പള്ളി, കുര്യനാട്, ഇടക്കോലി, കരുനെച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പാതകളും ആരംഭിക്കുന്നത് ഉഴവൂർ ടൗണിൽ നിന്നാണ്. കെ.ആർ.നാരായണൻ റോഡ് ഉൾപ്പെടെ എല്ലാ പാതകളിലും പാർക്കിങ് സംവിധാനമില്ല.
കെ.ആർ.നാരായണൻ റോഡിൽനിന്ന് മോനിപ്പള്ളി, ഇടക്കോലി, കുറവിലങ്ങാട് എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ സുരക്ഷാസംവിധാനങ്ങൾ ഇല്ല. കോളജും സ്കൂളുകളും പ്രവർത്തിക്കുന്ന ടൗണിൽ റോഡ് സുരക്ഷിതമായി കടക്കാൻ മാർഗമില്ല.
കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉഴവൂർ. പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് സേവനം ലഭിക്കുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]