
‘ജില്ലിന്’ ഇനി വിശ്രമകാലം; സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പൊലീസ് നായ വിരമിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പൊലീസ് നായ ജിൽ (ലാബ്രഡോർ ഇനം 12 വയസ്സ്) ട്രാക്കർ ഡോഗ് വിരമിച്ചു. മികച്ച ട്രാക്ക് റെക്കോർഡുള്ള ജില്ലിനു രണ്ട് തവണ മെഡിക്കൽ ബോർഡ് ചേർന്നു സർവീസ് കാലാവധി നീട്ടി നൽകിയെന്ന പ്രത്യേകതയുണ്ട്. സാധാരണ നിലയിൽ പൊലീസ് സേനയുടെ ഭാഗമായ നായകൾക്കു 10 വയസ്സാണ് വിരമിക്കൽ പ്രായം. 10 വയസ്സ് പൂർത്തിയായപ്പോൾ ഡി–കമ്മിഷൻ നടപടിയുടെ ഭാഗമായി ജില്ലിനെ തൃശൂർ പൊലീസ് ആസ്ഥാനത്തു വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. നടത്തിയ പരീക്ഷകൾ വിജയിച്ചതോടെ കാലാവധി നീട്ടി നൽകി. 2022ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ട്രാക്കർ ഡോഗിനുള്ള അവാർഡ് മുഖ്യമന്ത്രിയിൽ നിന്നു നേരിട്ടു കൈപ്പറ്റിയെന്ന പ്രത്യേകതയും ജില്ലിനുണ്ട്.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ നിന്നു രക്ഷപെട്ട പ്രതിയെ പിന്നാലെ പോയി കണ്ടെത്തിയതു മുതൽ കൊലപാതകം, മോഷണ കേസുകളിൽ തുമ്പുണ്ടാക്കി നൽകി. പാലാ പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണ കേസിൽ ഷാപ്പിലൊളിക്കാൻ കയറിയ പ്രതിയുടെ പിന്നാലെ എത്തി. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ വാഴക്കുല മോഷണ കേസിൽ മോഷ്ടാവിനെ പിടികൂടാൻ സഹായിച്ചതും ജില്ലാണ്. ഹരിയാന, മദ്രാസ്, പഞ്ചാബ് എന്നിവിടങ്ങളിൽ പൊലീസ് ദേശീയ ഗെയിംസിലും മത്സരിച്ചു.
മാർച്ച് 18നാണു മെഡിക്കൽ ബോർഡിനു മുന്നിൽ ജില്ലിനെ ഹാജരാക്കിയത്. ഡികമ്മിഷൻ തീരുമാനിച്ചതോടെ ഹാൻഡ്ലർ എഎസ്ഐ സി.എസ്. ബിജുകുമാർ മെഡിക്കൽ ബോർഡിനു ജില്ലിനെ വിട്ടുനൽകണമെന്ന അപേക്ഷകൂടി സമർപ്പിച്ചു. ഡിജിപിയുടെ അംഗീകാരം ലഭിച്ചതോടെ ഇന്നു ജില്ലിനെ ബിജുകുമാറിനു കൈമാറും. എസ്ഐ എ.എം. അനിൽകുമാറാണ് ജില്ലിന്റെ മറ്റൊരു ഹാൻഡ്ലർ.
അപ്പു ഇന്ന് വിരമിക്കും
പരിശീലനത്തിനിടെ നട്ടെല്ലിനു പരുക്കേറ്റ രവി (അപ്പു) എന്ന ട്രാക്കർ ഡോഗും ഇന്നു സേനയിൽ നിന്നു വിരമിക്കും. ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചെങ്കിലും പ്രായം കണക്കിലെടുത്ത് വേണ്ടെന്നുവെച്ചു. അപ്പുവിനെ തൃശൂർ പൊലീസ് അക്കാദമിയിലെ വിശ്രാന്തിയെന്ന വിശ്രമ കേന്ദ്രത്തിലേക്കു ഇന്നു അയക്കും. നീണ്ടൂരിൽ ലാപ്ടോപ് മോഷണ കേസ് പ്രതിയെ മോഷ്ടാവിന്റെ വീട്ടിലെത്തി അപ്പു പിടികൂടിയിട്ടുണ്ട്. എഎസ്ഐ ടി.ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ജി. സുനിൽകുമാർ എന്നിവരാണ് ഹാൻഡ്ലർമാർ.