
തെരുവുനായ്ക്കൂട്ടം വീട്ടുവളപ്പിൽ കയറി 20 കോഴികളെ കൊന്നു
അതിരമ്പുഴ∙ അക്രമാസക്തരായ തെരുവുനായ്ക്കൂട്ടം വീട്ടുവളപ്പിൽ കയറി 20 കോഴികളെ കൊന്നു തിന്നു. നായ്ക്കളുടെ ആക്രമണത്തിൽ കൂട്ടിലുണ്ടായിരുന്ന ഒരു കൾഗത്തിനു ഗുരുതര പരുക്കേറ്റു.
സമീപത്തെ ലൗ ബേഡ്സിന്റെ കൂടു തകർക്കാനും ശ്രമിച്ചു. വീട്ടുകാർ ഉണർന്ന് തെരുവുനായ്ക്കളെ തുരത്തിയതിനാൽ കൂടുതൽ നാശനഷ്ടം ഉണ്ടായില്ല. അതിരമ്പുഴ പഞ്ചായത്ത് ആറാം വാർഡിൽ നവോദയ കുറിയാലി പാടം കളത്തുക്കുന്നേൽ അബൂബക്കറിന്റെ വീട്ടിലായിരുന്നു തെരുവുനായ ആക്രമണം ഉണ്ടായത്.
ഇന്നലെ പുലർച്ചെ 5നാണു സംഭവം. മതിൽ കെട്ടി സുരക്ഷിതമാക്കിയതാണ് അബൂബക്കറുടെ വീട്.
ഈ മതിൽ ചാടിക്കടന്നാണ് നായ്ക്കൾ കൂട്ടത്തോടെ എത്തിയത്. കൂടുകൾക്ക് പ്രത്യേക സംരക്ഷണ വേലി കെട്ടിയാണ് ഇവയെ പരിപാലിച്ചിരുന്നത്.
ലൗ ബേഡ്സിന്റെ കൂടുകളുടെ നെറ്റ് വലിച്ചു പറിക്കാനും നായ്ക്കൾ ശ്രമിച്ചതായി അബൂബക്കർ പറയുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം അമുത റോയിയാണ് മൃഗാശുപത്രി അധികൃതരെ വിവരം അറിയിച്ചത്. ഏറ്റുമാനൂർ മൃഗാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഒരു കോഴിയുടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെ നടത്തി.
നായ്ക്കളെ കൂടാതെ മറ്റേതെങ്കിലും ജീവികൾ സാന്നിധ്യം ഉണ്ടോയെന്ന് ഉറപ്പു വരുത്താനായിരുന്നു ഇത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. ഇടറോഡുകളിലും വിജനമായ പുരയിടത്തിലും മറ്റുമായി താവളമടിക്കുന്ന നായ്ക്കൾ ഇപ്പോൾ കൂട്ടത്തോടെ വീടുകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുകയാണെന്നും ഇരുട്ടു വീണാൽ പുറത്തിറങ്ങാൻ പോലും ഭയമാണെന്നും നാട്ടുകാർ പറയുന്നു.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ പല വീടുകളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തിയിരുന്നതായും ഇവർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]