സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളജുകളിലെ ചില അധ്യാപകർ എഐസിടിഇ അംഗീകാരമില്ലാത്ത കോഴ്സുകൾ പാസായതായി കാണിച്ച് അനധികൃതമായി സ്ഥാനക്കയറ്റവും ഉയർന്ന ശമ്പളവും കൈപ്പറ്റിയതായി ആക്ഷേപം ഉയർന്നിരിക്കുന്നു. 28 പോളി അധ്യാപകരാണ് ഇങ്ങനെ വർഷങ്ങളായി ഇരട്ടിയിലധികം ശമ്പളം കൈപ്പറ്റുന്നത്.
പരാതി ഉയർന്നിട്ടും സിപിഎം അനുഭാവികളായ ഇവരെ സംരക്ഷിക്കുന്ന നയമാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. അന്വേഷണം നടത്തണമെന്നു വിജിലൻസ് ശുപാർശ ചെയ്തിട്ടും നടപടിയുണ്ടായിട്ടില്ല.
സർവീസിലിക്കെത്തന്നെ അയൽസംസ്ഥാനത്തുള്ള സർവകലാശാലയിൽ റഗുലർ കോഴ്സ് പഠിച്ചു എന്നാണു മിക്കവരും രേഖകളിൽ കാണിച്ചിരിക്കുന്നത്. കേരള സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് നേടാനാണ് ഇങ്ങനെ റഗുലർ കോഴ്സ് എന്ന് വ്യാജരേഖകളിൽ ചമച്ചിരിക്കുന്നത്.
എന്നാൽ പഠനത്തിനായി ജോലിയിൽനിന്ന് അവധിയെടുത്തതായും രേഖയില്ല. ആ സർവകലാശാലകളിൽ വാരാന്ത്യ കോഴ്സിനു ചേർന്നതായാണ് യഥാർഥ രേഖയുള്ളത്.
ഇതിനാകട്ടെ എഐസിടിഇയുടെ അംഗീകാരവുമില്ല. ചിലരാകട്ടെ കോഴ്സ് പാസായ തീയതിക്കു മുൻപുതന്നെ സ്ഥാനക്കയറ്റവും ഉയർന്ന ശമ്പളാനുകൂല്യവും വാങ്ങിത്തുടങ്ങിയതായും രേഖകളുണ്ട്.
മുൻ മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ അടുപ്പക്കാരായ ഇവരുടെ രേഖകൾ വ്യാജമാണെന്നു വ്യക്തമായിട്ടും നടപടിക്കു മടിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കു മുന്നിലും പരാതി എത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

