ഏഴാച്ചേരി ∙ പൊതുമരാമത്ത് വകുപ്പ് റോഡിലെ തടി കയറ്റിയിറക്കൽ യാത്രക്കാർക്കു ദുരിതമാകുന്നു. കാവിൻപുറം ജംക്ഷൻ – ഏരിമറ്റം റോഡിലാണു തടി കയറ്റൽ പതിവായിരിക്കുന്നത്. സമീപ പഞ്ചായത്തുകളിൽനിന്നുപോലും ജീപ്പുകളിലും ലോറിയിലും തടി കൊണ്ടുവന്നു റോഡിൽ ഇറക്കിയശേഷം വലിയ ലോറികളിൽ കയറ്റി പോകുകയാണ്.ഗതാഗത തടസ്സം വരുത്തിയാണു ലോറികൾ നിർത്തിയിട്ടു തടി കയറ്റുന്നതെന്ന് അധികൃതർക്കു നൽകിയ ഭീമ പരാതിയിൽ പറയുന്നു.
ഏഴാച്ചേരി സെന്റ് ജോൺസ് പള്ളി വികാരി, കാവിൻപുറം ദേവസ്വം മാനേജർ എന്നിവരുൾപ്പെടെ ഒപ്പിട്ട
നിവേദനമാണ് അധികാരികൾക്ക് നൽകിയിരിക്കുന്നത്. സെന്റ് ജോൺസ് പള്ളി, കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം, സെന്റ് ജോൺസ് എൽപി സ്കൂൾ, സേക്രഡ് ഹാർട്ട് കോൺവന്റ് എന്നിവിടങ്ങളിലേക്കുള്ള വഴിയിലാണ് തടി കയറ്റുന്നത്.
ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും പോകുന്ന വിശ്വാസികൾക്കും സെന്റ് ജോൺസ് എൽപി സ്കൂളിലേക്കു പോകുന്ന കുട്ടികൾക്കുമൊക്കെ മാർഗതടസ്സം സൃഷ്ടിച്ചാണു ലോറികൾ നിർത്തിയിട്ടു തടി കയറ്റുന്നത്.
ഒട്ടേറെ സ്കൂൾ ബസുകളും ഇതുവഴി കടന്നുപോകുന്നുണ്ട്. തടി ലോഡ് ചെയ്യുന്ന ഓരോ സ്ഥലവും സ്ഥിരമായി ബുക്ക് ചെയ്താണ് ഉപയോഗിക്കുന്നത്. തടികൾ റോഡിലിട്ടു കയറ്റുന്നതുമൂലം റോഡിന്റെ വശങ്ങൾ തകരുകയും റോഡ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായിരിക്കുകയും ചെയ്തിരിക്കുന്നു.
ഇരുചക്ര വാഹനങ്ങളിൽ പോകുന്ന പലരും കുഴികളിലും കല്ലുകളിലും തട്ടി വീഴുന്നതും പതിവാണ്. കയറ്റിറക്ക് തൊഴിലാളികൾക്കായി ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കൂടുകളും കടലാസും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളുമൊക്കെ റോഡിലും സമീപ പുരയിടങ്ങളിലും അലക്ഷ്യമായി ഇടുന്നു.
അടിയന്തരമായി അനധികൃത തടി ലോഡിങ് തടയണമെന്നും റോഡിനുണ്ടായ നഷ്ടം കണക്കാക്കി കാരണക്കാരിൽ നിന്ന് പിഴ ഈടാക്കണമെന്നും നാട്ടുകാർ പൊതുമരാമത്ത്, രാമപുരം പഞ്ചായത്ത്, പൊലീസ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]