
ഈരാറ്റുപേട്ട ∙ അമ്മയുടെ മടിയിൽ ഉറങ്ങുകയായിരുന്ന 4 വയസ്സുകാരൻ അയാൻഷ്നാഥ് വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് മരിച്ച സംഭവത്തിൽ, വാഹനം ഓടിച്ചിരുന്നയാൾ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ചവിട്ടിയതാകാമെന്ന നിഗമനത്തിൽ പൊലീസ്.
കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അപകടകരമായി വാഹനം ഓടിച്ചതിനും കേസെടുത്തു.
എന്നാൽ അപകടം നടന്നതിനു പിന്നാലെ വാഹനം വിട്ടുകൊടുക്കാൻ പൊലീസ് ശ്രമിച്ചതു നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ആശുപത്രിയിൽ കുട്ടി മരിച്ചതിനു ശേഷമാണു പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തത്. ഇയാളിൽനിന്ന് ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നാണു വിവരം.അതേസമയം, പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ജയകൃഷ്ണൻ സഹായിച്ചു എന്നും അപകടത്തിന്റെ ആദ്യഘട്ടത്തിൽ പരുക്കു മാത്രം ഉണ്ടായിരുന്നതിനാലാണു പോകാൻ അനുവദിച്ചതെന്നും ഈരാറ്റുപേട്ട
എസ്എച്ച്ഒ കെ.ജെ.തോമസ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അയാൻഷ്നാഥിന്റെ മൃതദേഹം ഇന്നലെ വൈകിട്ടു മൂന്നരയോടെ തിരുവനന്തപുരം ശാന്തിവിളയിലെ വീട്ടിലേക്കു കൊണ്ടുപോയി. ഗുരുതരമായി പരുക്കേറ്റ അമ്മ ആര്യ മോഹൻ ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്.
വാഗമൺ: അപകടസാധ്യത കൂടുതൽ, ചികിത്സ ദൂരെ; അയാൻഷ്നാഥിന്റെ വേർപാടിൽ നെഞ്ചുരുകി നാട്
വാഗമൺ∙ സന്തോഷത്തിലേക്കിറങ്ങിയ യാത്രയിൽ പൊന്നോമനയെ നഷ്ടമായ ശബരീനാഥിന്റെയും ആര്യയുടെയും വേദനയിൽ നെഞ്ചുരുകി നാട്. അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന ആര്യയ്ക്ക് 4 വയസ്സുമാത്രമുള്ള മകൻ അയാൻഷ്നാഥിനെ അവസാനമായി കാണാൻ പോലുമായില്ല.
കാറിടിച്ചു കയറിയതിനെത്തുടർന്ന് ആര്യയുടെ തലയിലും മറ്റ് ആന്തരികാവയവങ്ങളിലും രക്തസ്രാവവും കയ്യിലെ അസ്ഥി പൊട്ടുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ വാഗമണ്ണിലും സമീപപ്രദേശങ്ങളിലും അടിയന്തര ചികിത്സ ലഭിക്കണമെങ്കിൽ പാലായിലോ കോട്ടയത്തോ എത്തേണ്ട
ഗതികേടാണുള്ളത്. വാഗമൺ, റോഡുകളുടെയും പ്രകൃതിയുടെയും പ്രത്യേകതകൾ കൊണ്ട് അപകടസാധ്യത കൂടുതലുള്ള പ്രദേശമാണ്.
എന്നാൽ ചികിത്സ ലഭിക്കണമെങ്കിൽ വാഗമണ്ണിൽ നിന്ന് ഏറ്റവും അടുത്ത ടൗണായ ഈരാറ്റുപേട്ടയിൽ എത്തണം. 25 കിലോമീറ്റർ ദൂരം കടക്കാൻ ഒരു മണിക്കൂറോളം സമയമാണെടുക്കുന്നത്.
തിരക്കുള്ള ദിവസമാണെങ്കിൽ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകും.
പരിശോധന ഇന്ന്
ഈരാറ്റുപേട്ട ∙ വാഗമണ്ണിൽ വൈദ്യുതി ചാർജിങ് സ്റ്റേഷനിൽ ഉണ്ടായ കാറപകടത്തിൽ മോട്ടർ വാഹന വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും ഇന്നു പരിശോധന നടത്തും.
ചാർജിങ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലം, ചാർജ് ചെയ്യുന്ന സമയത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന രീതി, അപകടമുണ്ടാകാനുള്ള സാധ്യത എന്നിവ പരിശോധിക്കുമെന്ന് പാലാ എൻഫോഴ്സ്മെന്റ് എംവിഐ ആഷാകുമാർ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെ ഓടിക്കണമെന്നത് സംബന്ധിച്ചുള്ള അറിവില്ലായ്മ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ഇക്കാര്യത്തിൽ ഡീലർമാർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും പരിശോധനയ്ക്കു ശേഷം മാത്രമേ അപകടകാരണത്തെക്കുറിച്ച് വ്യക്തമായി പറയാൻ സാധിക്കുകയുള്ളൂവെന്നും പാലാ എംവിഐ കെ.കെ.റെജി പറഞ്ഞു.
‘ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനിൽ താരതമ്യേന അപകടസാധ്യത കുറവ് ’
പെട്രോൾ പമ്പുകളെ അപേക്ഷിച്ച് അപകടമുണ്ടാകാനുള്ള സാധ്യത ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനിൽ കുറവാണെന്ന് ഇലക്ട്രിക്കൽ എൻജിനീയറും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന സ്വകാര്യ സ്ഥാപന ഉടമയുമായ വി.വി.ധനേഷ് പറഞ്ഞു.
ചാർജിങ് പോയിന്റിലേക്ക് വാഹനം ഇടിച്ചു കയറി ചാർജിങ് സ്റ്റേഷനു തകരാർ സംഭവിച്ചാൽ വൈദ്യുത പ്രവാഹം ഉണ്ടാകുന്നതിനും ചാർജിങ് പോയിന്റ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകുന്നതിനുള്ള സാധ്യത വിരളമാണ്.
ചാർജിങ് യൂണിറ്റിലെ സംവിധാനങ്ങളിൽ എവിടെയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള വൈദ്യുതി ചോർച്ച കണ്ടെത്തിയാലുടൻ ചാർജിങ് മെഷീനിൽ ഘടിപ്പിച്ചിരിക്കുന്ന പ്രതിരോധ സംവിധാനമായ എംസിസിബി യൂണിറ്റ് പ്രവർത്തിച്ച് ഇതുതടയും. വളരെ ചെറിയ അളവിലുള്ള എർത്ത് ലീക്കേജ് ഉണ്ടായാൽ പോലും മെഷീനിലെ ട്രിപ്പിങ് സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കും.
ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികൾക്കു തകരാർ സംഭവിക്കുന്ന സാഹചര്യത്തിൽ അവ പൊട്ടിത്തെറിച്ചു തീപിടിത്തവും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.
സാധാരണയായി ചാർജിങ് സ്റ്റേഷനിൽ എത്തുന്നവർ അവരവരുടെ വാഹനങ്ങളിൽ തന്നെ വിശ്രമിക്കുകയാണ് പതിവ്. പൊതുവേ ഭക്ഷണശാലകളുടെയും സ്റ്റാർ ഹോട്ടലുകളുടെയും പാർക്കിങ് ഗ്രൗണ്ടുകളിലായാണു ചാർജിങ് പോയിന്റുകൾ സജ്ജമാകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]