കോട്ടയം ∙ സീരി ഒരു സുറിയാനി വാക്കല്ല. എന്നാൽ സുറിയാനി ഭാഷയെ സ്നേഹിക്കുന്നവർക്ക് അത് സുറിയാനിയുടെ മറുപേരാണ്.
ബേക്കർകുന്നിൽ സ്ഥിതി ചെയ്യുന്ന സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച് സെന്റർ എന്ന സീരിക്ക് നാളെ 40 വയസ്സ്. മധ്യപൂർവദേശത്തെ അതിപുരാതന ഭാഷയായ സുറിയാനി, ക്രിസ്തുവും ശിഷ്യരും സംസാരിച്ച ‘അറമായ’യുടെ ഉപഭാഷയും കേരളത്തിലെ 7 സഭകളിൽ ഉപയോഗത്തിലുള്ളതുമാണ്.
മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ ബിഷപ് സഖറിയ മാർ അത്തനാസിയോസ് 1980ൽ എക്യുമെനിക്കൽ സെന്ററായി ആരംഭിച്ച സ്ഥാപനം 5 വർഷത്തിനു ശേഷമാണു സുറിയാനി പഠനത്തിനും ഗവേഷണത്തിനും ഇന്ത്യയിലുള്ള ഏക സ്ഥാപനമായത്.
ചൈനയും ഇത്യോപ്യയും ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്നെല്ലാം വിദ്യാർഥികൾ ഇവിടെയെത്തുന്നു. സുറിയാനിയിൽ പ്രസിദ്ധീകരിച്ച കൃതികളുടെ 80 ശതമാനവും അതിപുരാതനമായ 50 കയ്യെഴുത്തുപ്രതികളും സീരിയിലെ ലൈബ്രറിയിലുണ്ട്.
അതെല്ലാം മനസ്സിലാക്കിയാണ് എംജി സർവകലാശാലയുടെ ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനുമുള്ള അംഗീകാരം 1995ൽ സീരിക്കു ലഭിച്ചത്. ഡോ.
എ.സുകുമാരൻ നായരായിരുന്നു അന്നു വൈസ് ചാൻസലർ. ഇതുവരെ 165 പേർ പിജിയും 11 പേർ പിഎച്ച്ഡിയും 1500 പേരിലധികം സർട്ടിഫിക്കറ്റ് കോഴ്സും പാസായിട്ടുണ്ട്.
സുറിയാനിയുമായി ബന്ധപ്പെട്ട 10 രാജ്യാന്തര സമ്മേളനങ്ങളും നടത്തി.
മാർ അത്തനാസിയോസ് തിരുമേനി സുറിയാനി പഠിപ്പിക്കാൻ തന്നെ വിദേശത്തേക്ക് അയയ്ക്കുകയായിരുന്നെന്നും ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയം കണ്ടപ്പോഴാണു സുറിയാനിയുടെ കരുത്തും സൗന്ദര്യവും മനസ്സിലായതെന്നും സ്ഥാപക ഡയറക്ടർ കൂടിയായ ഫാ.
ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ പറഞ്ഞു.
1985 സെപ്റ്റംബർ 14ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായാണു സീരി ഉദ്ഘാടനം ചെയ്തത്. ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസായായിരുന്നു അധ്യക്ഷൻ.
ക്രിസ്തീയ ദൈവശാസ്ത്രജ്ഞരിലെ കവികളിൽ ഏറ്റവും പ്രമുഖനായ മാർ എഫ്രേമിന്റെ സ്മരണ നിലനിർത്തി സീരി എന്ന പേരു നിർദേശിച്ചത് ഫാ.
ഡോ. കെ.എം.ജോർജാണ്.
1972ൽ റോമിൽ നടന്ന ആദ്യത്തെ ലോക സിറിയക് സിംപോസിയത്തിൽ പങ്കെടുത്തതാണ് 1987ൽ സീരിയിൽ വേൾഡ് സിറിയക് കോൺഫറൻസ് നടത്താൻ പ്രേരണയായതെന്നും ഫാ. ഡോ.
ജേക്കബ് തെക്കേപ്പറമ്പിൽ പറഞ്ഞു: ‘1980ൽ ജർമനിയിൽ മൂന്നാമത്തെ ലോക സിറിയക് സിംപോസിയത്തിലും പങ്കെടുത്തു. അന്ന് പങ്കെടുത്ത കൽദായ ആർച്ച് ബിഷപ് മാർ അപ്രേം, ഐസക് മാർ യൂഹാനോൻ, ഓർത്തഡോക്സ് സഭയിലെ ഫാ.
ബേബി വർഗീസ്, ഇപ്പോഴത്തെ കാതോലിക്കാ ബാവാ എന്നിവരും ചേർന്നാണ് ഇവിടെ സുറിയാനി പഠനത്തിനുള്ള കേന്ദ്രമാക്കാൻ ആലോചിച്ചത്. 1984ൽ ഞാൻ ഇവിടെ മടങ്ങിയെത്തി.
അടുത്ത വർഷം സീരി ആരംഭിച്ചു.’
ആർച്ച് ബിഷപ് മാർ അപ്രേമാണ് ഇവിടെനിന്ന് ആദ്യ പിഎച്ച്ഡി നേടിയത്. ഹാർപ്, മോറാൻ എത്തോ എന്നീ പ്രസിദ്ധീകരണങ്ങളും ഇവിടെ അച്ചടിക്കുന്നു.
8 രീതിയിൽ സുറിയാനി ഗീതങ്ങൾ പാടുന്നതിനുള്ള സംഗീത നോട്ടുകൾ ഫാ. എം.പി.ജോർജ് രചിച്ചിട്ടുണ്ട്.
അതും സീരിയുടെ ഗ്രന്ഥശേഖരത്തിലുണ്ട്. ഓക്സ്ഫഡിലെ സുറിയാനി വിഭാഗം തലവനായിരുന്ന പ്രഫ.
സെബാസ്റ്റ്യൻ ബ്രോക് അടക്കം പണ്ഡിതർ ഇവിടെ വന്നിട്ടുണ്ട്. കൊയ്ത്തുയന്ത്രം കണ്ടു പിടിച്ച ഗുന്തർ ക്ലാസിന്റെ സഹകരണത്തോടെ ഇവിടെ ലൈബ്രറി വികസിപ്പിച്ചു.
മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് എന്നിവരുടെ നിർദേശങ്ങൾ ഉൾക്കൊണ്ടും വിവിധ സഭകളിൽ നിന്നുള്ള സുറിയാനി വിദഗ്ധരുടെ മേൽനോട്ടത്തിലുമാണു സ്ഥാപനം പ്രവർത്തിക്കുന്നതെന്നും ഫാ. ഡോ.
ജേക്കബ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]