
വെളിയന്നൂർ ∙മുൻവശത്തെ ടയർ പൊട്ടിയതിനെത്തുടർന്നു നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലുള്ള വൈദ്യുതത്തൂണിൽ ഇടിച്ചു നിന്നു.
ഒഴിവായത് വൻ ദുരന്തം. കൂത്താട്ടുകുളം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസ് ആണ് ചൊവ്വാ രാവിലെ 11ന് കിടങ്ങൂർ മംഗലത്താഴം കെ.ആർ നാരായണൻ റോഡിൽ വെളിയന്നൂർ പഞ്ചായത്ത് ഓഫിസിനു സമീപം അപകടത്തിൽ പെട്ടത്.
യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നിരപ്പായ റോഡിലാണ് ടയർ പൊട്ടിയത്. ഇറക്കത്തിലും കയറ്റത്തിലും ടയറിനു തകരാർ സംഭവിക്കാതിരുന്നതു വൻ ദുരന്തം ഒഴിവാക്കി.
ടയർ പൊട്ടിയതിനെത്തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിനു കുറുകെ സഞ്ചരിച്ചു വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.
വൈദ്യുതത്തൂൺ ഒടിഞ്ഞു. യാത്രക്കാർ ഭയപ്പെട്ടു നിലവിളിച്ചു.
കൂത്താട്ടുകുളം ഡിപ്പോയിലെ ബസ് ആണിത്. കൂത്താട്ടുകുളം– കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മിക്ക ബസുകളും കാലപ്പഴക്കം മൂലം റോഡിൽ ഇറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.
പലപ്പോഴും ബസുകൾ തകരാറിലായി വഴിയിൽ കിടക്കും.
ബസിനെക്കുറിച്ചു പരാതി പറഞ്ഞാൽ ‘പരിശോധിച്ചു’ എന്നെഴുതി തീർപ്പു കൽപ്പിക്കുകയാണ് ജീവനക്കാരുടെ രീതി. കൃത്യമായി സർവീസ് നടത്തി മികച്ച വരുമാനം നേടിയിരുന്ന ഡിപ്പോ ഇപ്പോൾ വരുമാനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്.
ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണു പ്രശ്നങ്ങൾക്കു കാരണമെന്നു തൊഴിലാളി യൂണിയനുകൾ പറയുന്നു. ബസുകളുടെ അറ്റകുറ്റപ്പണി പോലും കൃത്യമായി നടത്തുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]