
ശബരിമല വിമാനത്താവളം: 4 മാസത്തിനുള്ളിൽ പ്രാഥമിക സർവേ; 352 കുടുംബങ്ങൾക്ക് സ്ഥലം നഷ്ടപ്പെടും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യു വകുപ്പ് സർവേ നടപടികൾ 8 മാസത്തിനുളളിൽ പൂർത്തിയാക്കും. 21 മുതൽ റവന്യു സർവേ ആരംഭിക്കാനാണ് ശ്രമം. ഇതിനായി 8 താൽക്കാലിക സർവേയർമാരെ നിയമിക്കും.ആദ്യത്തെ 4 മാസത്തിനുള്ളിൽ പ്രാഥമിക സർവേ പൂർത്തിയാക്കും. ഇതിനു ശേഷമുള്ള 4 മാസം സൂക്ഷ്മ പരിശോധന നടത്തി എല്ലാ സ്ഥലങ്ങളും സർവേ നടത്തിയതായി ഉറപ്പാക്കും. തുടർന്ന് ഏറ്റെടുക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജ് തയാറാക്കൽ ആരംഭിക്കും.
വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ തൊഴിലും ജീവനോപാധികളും നഷ്ടപ്പെടുന്നവരുടെ അദാലത്ത് നടത്തും. തുടർന്ന് നഷ്ടപരിഹാര പാക്കേജ് തയാറാക്കും. ഒപ്പം ഏറ്റെടുക്കുന്ന സ്ഥലത്തെ വൃക്ഷങ്ങൾ, നിർമാണങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ നഷ്ടപരിഹാരം കണക്കാക്കൽ തുടങ്ങിയവ നടത്തും. ഒരു വർഷത്തിനുള്ളിൽ നഷ്ടപരിഹാരം പൂർണമായും ലഭ്യമാക്കി സ്ഥലം ഏറ്റെടുക്കുകയാണ് റവന്യു വകുപ്പ് ലക്ഷ്യം.
വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ 352 കുടുംബങ്ങൾക്കാണ് സ്ഥലം നഷ്ടപ്പെടുന്നത്. ഇതിൽ തന്നെ 347 കുടുംബങ്ങളുടെ ജീവനോപാധികളും നഷ്ടപ്പെടും. എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ നിന്ന് 1039.876 ഹെക്ടർ സ്ഥലമാണ് ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.