കാഞ്ഞിരപ്പള്ളി ∙കൂടുവിട്ട് നാടു കാണാൻ ഇറങ്ങി വഴിതെറ്റിപ്പോയ ഉറ്റകൂട്ടുകാരായ ആടും നായയും നടന്നത് അഞ്ചു കിലോമീറ്ററോളം. അരുമയായ ഇവരുടെ കഥ ഒടുവിൽ പത്രങ്ങളിൽ വന്നതോടെ ഉടമയ്ക്ക് ഇരുവരെയും തിരികെ ലഭിച്ചു.
പറഞ്ഞുവരുന്നത് സിനിമാക്കഥയല്ല; യഥാർഥ സംഭവമാണ്. ആടിന്റെയും നായയുടെയും സൗഹൃദകഥയാകട്ടെ മനുഷ്യരെ അസൂയപ്പെടുത്തുന്നതും.
സർക്കീറ്റ് (കഥ ഇതുവരെ)
ബുധനാഴ്ച ടൗണിനു സമീപം ഹൗസിങ് ബോർഡ് വീടുകളുടെ അടുത്ത് ചുറ്റിത്തിരിഞ്ഞ ആടിനെയും നായയെയും ഹൗസിങ് ബോർഡ് റസിഡന്റ്സ് അസോസിയേഷനിലെ ആളുകൾ കണ്ടെത്തി സംരക്ഷിച്ചു.
ആടിനെ തൊടാൻ പോലും അനുവദിക്കാതെ സുരക്ഷയൊരുക്കി നിന്ന നായ എല്ലാവരിലും കൗതുകം പകർന്നു. എന്നാൽ ഉടമയെ കണ്ടെത്താൻ കഴിയാതായതോടെ പടം സഹിതം പത്രത്തിൽ വാർത്ത നൽകി.
വാർത്ത അറിഞ്ഞ്, ഉടമ പട്ടിമറ്റം തൈപ്പറമ്പിൽ നൗസീദ് സലിം എത്തി ഡാനിയെയും കഡായെയും വീട്ടിലേക്കു കൊണ്ടുപോയി.
ഹൃദയപൂർവം ഒന്നായവർ (ഫ്ലാഷ് ബാക്ക്)
ഡാൽമേഷ്യൻ ഇനത്തിൽപെട്ട ഡാനി എന്നു വിളിക്കുന്ന നായ നൗസീദിന്റെ വീട്ടിൽ എത്തിയിട്ട് നാലു വർഷത്തോളമായി.
വീട്ടുകാർക്കെല്ലാം ജീവനാണ് ഇവനെ. നാലു മാസം മുൻപാണ്‘കഡാ’ എന്നു വിളിക്കുന്ന ബീറ്റൽ ഇനത്തിലുള്ള മുട്ടനാടിന്റെ വരവ്. ആദ്യ കാഴ്ചയിൽത്തന്നെ ഹൃദയപൂർവം ഇരുവരും ചങ്ങാത്തം കൂടി. പിന്നീട് കഡായുടെ പൂർണ സംരക്ഷണം ഡാനി ഏറ്റെടുത്തു.
ആടിനെ മേയ്ക്കാൻ രാവിലെ കൊണ്ടുപോകുന്നതും വൈകിട്ട് കൊണ്ടുവരുന്നതും ഡാനി തന്നെ. ഇവരുടെ ഒന്നിച്ചുള്ള യാത്രയും കളികളും ഒക്കെ ഗ്രാമത്തിലുള്ളവർക്ക് കൗതുകമായി.
മേ നേ പ്യാർ കിയാ (ക്ലൈമാക്സ്)
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഡാനിയും കഡായും കൂടുവിട്ട് ഇറങ്ങിയത്.
നടന്നു നടന്ന് വഴിതെറ്റി നഗരത്തിൽ വരെയെത്തി. അഞ്ചു കിലോമീറ്ററോളം ഇവർ വീട്ടിൽനിന്നു പിന്നിട്ടിരുന്നു.
പോകാൻ സാധ്യതകളുള്ള സ്ഥലങ്ങളിലെല്ലാം നൗസീദും കുടുംബാംഗങ്ങളും തിരക്കി നടന്നു. ഉറക്കം പോലും ഇല്ലാതെയുള്ള അന്വേഷണം. ഓരോ ദിവസവും പ്രതീക്ഷകൾ കുറയുന്നതിനിടെ പത്രത്തിൽ ഇന്നലെ വാർത്ത കണ്ടു. ഉടൻ തന്നെ വാഹനവുമായി എത്തി ഹൗസിങ് കോളനിക്കാരോടു നന്ദി അർപ്പിച്ച് ഇവരുമായി നൗസീദ് മടങ്ങി.
തുടരും (ആന്റി ക്ലൈമാക്സ്)
ഒരു മാസം മുൻപും ഡാനിയും കഡായും ‘ഊരുചുറ്റാൻ’ ഇറങ്ങിയിരുന്നു. നൗസീദ് തിരഞ്ഞ് ഇറങ്ങിയപ്പോൾ പട്ടിമറ്റം കവലയിൽനിന്നു കണ്ടെത്തി.
അതിനുശേഷമുള്ള രണ്ടാമത്തെ കറക്കമാണ് ഇന്നലെ അവസാനിച്ചത്. ഇനിയും ഇവർ ചിലപ്പോൾ ഇതേ പോലെ ചുറ്റിക്കറങ്ങാൻ ഇറങ്ങിയേക്കാം.
അതുകൊണ്ട് കഴുത്തിൽ ഒരുപോലെ മണികൾ കെട്ടിയ ഈ കൂട്ടുകാരെ കാണുന്നവർ ഒന്നു കരുതിയിരിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]