
കുമരകം ∙ നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് നേടായി ചുണ്ടൻ വള്ളങ്ങൾ പരിശീലനത്തിരക്കിൽ. നെഹ്റു ട്രോഫി ജലമേള 30ന് പുന്നമടയിലാണ്.
കുമരകം ടൗൺ ബോട്ട് ക്ലബ്, കുമരകത്തെ ഇമ്മാനുവൽ ബോട്ട് ക്ലബ്, ചങ്ങനാശേരി ബോട്ട് ക്ലബ് എന്നീ മൂന്നു ക്ലബുകളിലാണ് കോട്ടയം ജില്ലയുടെ പ്രതീക്ഷ. കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ പുത്തൻ ചുണ്ടനിലും ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിലും (പഴയ ഇല്ലിക്കളം) ചങ്ങനാശേരി ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലുമാണ് തുഴയുന്നത്.
ചമ്പക്കുളത്തിന്റെ ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, പായിപ്പാടന്റെ ക്യാപ്റ്റൻ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. നടുവിലേപ്പറമ്പനെ ജിഫി നടുവിലേപ്പറമ്പിൽ നയിക്കും.
ക്യാംപുകളിൽ അടുക്കള തുറന്നു
ബോട്ട് ക്ലബ്ബുകൾ ക്യാംപുകൾ തുറന്നു.
തുഴക്കാർ ഇനി മത്സരം കഴിയുന്നതു വരെ ക്യാംപുകളിലാണു താമസം. ഒരു ചുണ്ടനിൽ തുഴയാൻ നൂറിൽ താഴെ തുഴച്ചിൽക്കാർ മതിയെങ്കിലും 125 പേർക്കാണു ക്യാംപ്.
ടൗൺ ബോട്ട് ക്ലബ് വടക്കുംകര പള്ളി ഹാളിലും ചങ്ങനാശേരി ബോട്ട് ക്ലബ് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി ഹാളിലും ക്യാംപ് തുടങ്ങി. ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ ക്യാംപ് പുത്തൻ പള്ളി ഹാളിലും.
ക്യാംപുകളിൽ വലിയ അടുക്കളകളും ഒരുങ്ങി. രാവിലെ മുട്ട, പാൽ, അപ്പം കടലക്കറി, ഉച്ചയ്ക്ക് മീൻ കൂട്ടി ഊണ്, വൈകിട്ട് ചപ്പാത്തിയും ഇറച്ചിയും ഇങ്ങനെയാണ് പൊതുവായ ഭക്ഷണരീതി.
കശ്മീർ, മണിപ്പുർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്ന് തുഴയാൻ എത്തിയവർക്കു പ്രത്യേക ഭക്ഷണക്രമം. ഓരോ ടീമിലും ഇത്തരം 20 തുഴക്കാരെങ്കിലും ഉണ്ടാകും.
ഒരു ക്യാംപിൽ ഇനിയുള്ള 18 ദിവസത്തേക്കു ഭക്ഷണത്തിനു തന്നെ 9–12 ലക്ഷം രൂപ ചെലവാകും.
ഓരോ ക്ലബ്ബിനും ചെലവ് 80 ലക്ഷം വരെ
ഇനിയുള്ള 18 ദിവസത്തേക്ക് തുഴച്ചിൽക്കാർക്കു മാത്രം 15 മുതൽ 20 ലക്ഷം വരെയാണ് പ്രതിഫലം. കൂടുതൽ പ്രതിഫലം കൊടുത്ത് മറ്റു ടീമുകളിൽ നിന്ന് മികച്ച തുഴക്കാരെയും അമരക്കാരെയും എത്തിക്കുന്ന ക്ലബ്ബുകളുമുണ്ട്.
ക്യാംപ് കെട്ടിടത്തിന്റെ വാടക, മത്സരിക്കുന്ന ചുണ്ടന്റെ ഒരുക്കങ്ങളുടെ ചെലവ്, വള്ളംകളി ദിവസത്തെ ചെലവ് ഉൾപ്പെടെ ഒരു ബോട്ട് ക്ലബ്ബിന് 60 മുതൽ 80 ലക്ഷം രൂപ വരെ ചെലവു വരും.
പരിശീലനം കാണാം
കുമരകത്തെ ചുണ്ടൻ വള്ളങ്ങളുടെ പരിശീലനം മുത്തേരിമട തോട്, തൊള്ളായിരം തോട്.
ചമ്പക്കുളം ചുണ്ടന് കിടങ്ങറ പുത്തനാറ്റിലാണ്. ദിവസവും രാവിലെ എട്ടിനു ശേഷവും വൈകിട്ട് മൂന്നിനുമാണ് പരിശീലനം.
മത്സരത്തിനൊപ്പം നന്മയും
ചങ്ങനാശേരി ബോട്ട് ക്ലബ് കഴിഞ്ഞ വർഷം നെഹ്റു ട്രോഫിയിൽ പങ്കെടുത്ത് ചെലവു കഴിഞ്ഞുള്ള മിച്ചം തുക മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ കാൻസർ കെയർ ഫണ്ടിനു കൈമാറിയിരുന്നു.
ഇത്തവണ മിച്ചം പിടിക്കുന്ന തുക ഭവനനിർമാണ സഹായ പദ്ധതിക്കായി ഉപയോഗിക്കുമെന്ന് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]