
പൊൻകുന്നം ∙ കൊത്തുപണികൾക്കു പകരം സിമന്റിൽ രൂപങ്ങൾ ഒരുക്കി അച്ഛനും മക്കളും. പുനരുദ്ധാരണം നടക്കുന്ന പനമറ്റം ഭഗവതി ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിന്റെ പഴയ ഉരുളൻ തൂണുകളിലാണു ഇവർ സിമന്റിൽ മനോഹര രൂപങ്ങൾ ഒരുക്കുന്നത്.
ശിൽപി കുറിഞ്ഞി വടക്കേടത്ത് സജീവ് മാധവ് മക്കളായ സംഗീതും സങ്കീർത്തും ചേർന്നാണു പഴയ തൂണുകൾ ചുടുകട്ട കൊണ്ട് പൊതിഞ്ഞ് അതിന് മുകളിൽ സിമന്റ് ഉപയോഗിച്ചു രൂപങ്ങൾ ഒരുക്കുന്നത്.
കുറിച്ചിത്താനം എസ്കെവി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണു സംഗീത്.
ഇതേ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണു സങ്കീർത്ത്. അവധി ദിവസങ്ങളിൽ ഇവർ അച്ഛനെ ശിൽപ നിർമാണത്തിൽ സഹായിക്കാനെത്തും.
സിമന്റിൽ രൂപങ്ങൾ നിർമിക്കുന്നതിനും മിനുക്കുപണിയിലും ഇവർ പ്രാഗല്ഭ്യം നേടി. സജീവ് മാധവിനൊപ്പം സഹശിൽപിയും ബന്ധുവുമായ സുരേഷ് വടക്കേടത്തും നിർമാണത്തിൽ മുഴുവൻ സമയം ചേരുന്നുണ്ട്.
49-കാരനായ സജീവ് മാധവ് 30 വർഷമായി ശിൽപ നിർമാണ രംഗത്തുണ്ട്.
അച്ഛൻ പരേതനായ മാധവൻ ആചാരിയും ശിൽപിയായിരുന്നു. അമ്മ പുലിയന്നൂർ അയ്യക്കുന്നേൽ സരോജിനിയുടെ കുടുംബാംഗങ്ങളും ശിൽപികളാണ്.
കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗുരുവായൂർ മാതൃകയിലുള്ള 22 അടി ഉയരമുള്ള ഗരുഡൻ സജീവിന്റെ ശിൽപമാണ്. മേവട
ഗുരുമന്ദിരം, ചാത്തൻതറ ക്ഷേത്രം, കൊരട്ടി ക്ഷേത്രം, കണ്ണിമല സരസ്വതി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ സജീവ് ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]