
കോട്ടയം ∙ മലയാളത്തിലെ പ്രമുഖ നടന്മാരെ കോണകം ഉടുപ്പിച്ച് ഫോട്ടോയെടുത്ത ‘ബഹുമതി’ ചിത്ര കൃഷ്ണൻ കുട്ടിക്ക് മാത്രം. ഫൊട്ടോഗ്രഫി മേഖലയിൽ 61വർഷം.
സ്റ്റുഡിയോയ്ക്ക് 50 വയസ്സ്. സുവർണ ജൂബിലിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ ഇല്ലെങ്കിലും 81 വയസ്സിന്റെ നിറവിലെത്തിയ കൃഷ്ണൻ കുട്ടിക്ക് തന്റെ ക്യാമറ കണ്ട
കാഴ്ചകളെക്കുറിച്ച് പറയാനേറെ. നടന്മാരായ അടൂർ ഭാസി, ശങ്കരാടി, മോഹൻലാൽ എന്നിവരെ കോണകം ഉടുപ്പിച്ച് ഫോട്ടോയെടുത്ത സന്ദർഭങ്ങൾ കൃഷ്ണൻ കുട്ടിയുടെ മനസ്സിന്റെ ഫ്രെയിമിൽ മായാതെയുണ്ട്.
∙ ശങ്കരാടിയുടെ വ്യായാമത്തിനു സോമനും ജയനും സാക്ഷി
ഒരു ലൊക്കേഷനിലാണ് ശങ്കരാടിയുമായുള്ള കൂടിക്കാഴ്ച.
നടന്മാരായ സോമനും ജയനും അവിടെയുണ്ട്. രാവിലെ കുളി കഴിഞ്ഞാൽ കോണകം മാത്രം ഉടുത്ത് ശങ്കരാടിക്ക് കുറച്ചു നേരം വ്യായാമമുണ്ട്.
അപ്പോൾ ആർക്കും ആ മുറിയിലേക്ക് പ്രവേശനമില്ല. വളരെ അടുപ്പമുള്ളവർക്ക് മാത്രം അറിയാവുന്ന കാര്യം.
കൃഷ്ണൻ കുട്ടിക്ക് ഇതറിയാം. സുകുമാരനും ജയനുമായി ആലോചിച്ച് കൃഷ്ണൻകുട്ടി ഒരു കുസൃതി ഒപ്പിച്ചു.
ശങ്കരാടിയുടെ കുളി കഴിഞ്ഞ ഉടൻ ഇവരെ രണ്ടു പേരെയും മുറിയിലേക്ക് കടത്തി വിട്ടു. അവർ പോയി ശങ്കരാടിയുമായി കുശലം പറയാൻ തുടങ്ങിയപ്പോഴേക്കും മറഞ്ഞു നിന്ന കൃഷ്ണൻ കുട്ടിയുടെ ക്യാമറയുടെ ഫ്ലാഷ് മിന്നി.
തിരിഞ്ഞു നോക്കിയ ശങ്കരാടി പക്ഷേ, ദേഷ്യപ്പെട്ടില്ല. ഫോട്ടോയ്ക്ക് വേണ്ടി രണ്ടു മൂന്നു തവണ പോസ് ചെയ്യുകയും ചെയ്തു.
ഫോട്ടോകൾ ആൽബത്തിൽ ഇപ്പോഴുമുണ്ട്. ∙ അടൂർ ഭാസിയുടെ കുളി സീൻ
കുളി സീൻ എടുക്കണമെന്ന ആഗ്രഹം മറ്റൊരു ലൊക്കേഷനിൽ വച്ചാണ് അടൂർ ഭാസിയോട് കൃഷ്ണൻ കുട്ടി പറയുന്നത്.
ഭാസിയുടെ മുറിയിലെത്തിയപ്പോഴേക്കും അദ്ദേഹം കുളി കഴിഞ്ഞ് പുറത്തിറങ്ങി. അന്നൊക്കെ കുളി കഴിഞ്ഞാണ് ഭാസി മുടി ഡൈ ചെയ്യുന്നത്.
ഡൈ ചെയ്ത് കഴിഞ്ഞിരുന്നു. എങ്കിലും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാമെന്നും പറഞ്ഞ് വീണ്ടും ഭാസി കുളിമുറിയിൽ കയറി.
തോർത്തുടത്ത് കുളി പുരോഗമിക്കുന്നതിനിടെ തമാശ പറഞ്ഞ് ചിരിച്ചു. ഭാസിയുടെ വയർ കുലുങ്ങി.
തോർത്ത് അഴിഞ്ഞു പോയി. കൃഷ്ണൻ കുട്ടി കണ്ണടച്ചു; പക്ഷേ, ക്യാമറ കണ്ണടച്ചില്ല.
അങ്ങനെ കോണകം ഉടുത്ത ഭാസിയുടെ ചിത്രങ്ങൾ ഫിലിമിൽ പതിഞ്ഞു. അടുത്ത ലക്കത്തിലെ സിനിമ മാസികയിൽ പടം അച്ചടിച്ച് വന്നു.
ഭാസി ഒന്നും പറഞ്ഞില്ല. പക്ഷേ, ബന്ധുക്കൾ കലി തുള്ളി.
ഭാസിയുടെ സഹോദരനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനും നാടക പ്രവർത്തകനുമായിരുന്ന കെ.പത്മനാഭൻ നായർ (പത്മൻ ) കൃഷ്ണൻ കുട്ടിയെ നേരിട്ട് കാണണമെന്നു പറഞ്ഞു.
പോയി കണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ മുന്നിൽവച്ച് ഫിലിം കീറി കളഞ്ഞു.ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോഹൻലാലിന്റെ ഇത്തരത്തിലുള്ള ഫോട്ടോയെടുത്തത്.
മഞ്ഞിൽ വിരിഞ്ഞ പൂവ് സിനിമയിൽ തുടങ്ങിയ സൗഹൃദം മോഹൻലാലുമായി കൃഷ്ണൻ കുട്ടി ഇപ്പോഴും തുടരുന്നു.
∙ ചിത്ര സ്റ്റുഡിയോ ‘ 50
തിരുനക്കരയിൽ ചിത്ര സ്റ്റുഡിയോ 1975 ജൂലൈ 12നു നടൻ മധുവാണ് ഉദ്ഘാടനം ചെയ്തത്. കെ.എസ്.കേശവയ്യരുമായി ചേർന്നാണ് സ്റ്റുഡിയോ ആരംഭിച്ചത്.
നടൻ മോഹൻലാൽ കളർലാബിന്റെ ഉദ്ഘാടനം പിന്നീട് നിർവഹിച്ചു. 1966 മുതൽ പത്ര – മാസികകൾക്ക് ന്യൂസ് ഫോട്ടോകൾ എടുത്തിരുന്ന കൃഷ്ണൻ കുട്ടി സ്റ്റുഡിയോ ആരംഭിച്ചപ്പോഴേക്കും സിനിമ മേഖലയിലും അറിയപ്പെടുന്ന ഫൊട്ടോഗ്രഫറായി മാറി കഴിഞ്ഞിരുന്നു.
കോട്ടയം പുത്തനങ്ങാടിയിലെ ചിത്രാലയം എന്ന അപാർട്മെന്റിലാണ്
കൃഷ്ണൻ കുട്ടിയുടെ താമസം. മനസ്സിൽ നിറയെ മനോഹരമായ ‘ഫ്രെയി’മുകളുമായി സ്റ്റുഡിയോയിൽ എന്നും എത്തും.
സ്റ്റുഡിയോ നടത്തുന്നതിനൊപ്പം കൃഷിയിലും തോട്ടം മേഖലയിലും കൃഷ്ണൻ കുട്ടി ‘ഫോക്കസ്’ ചെയ്തിരുന്നു.
നിലമ്പൂർ, ചിക്കമംഗ്ലൂർ, ഇടുക്കി തുടങ്ങിയിടങ്ങളിൽ കാപ്പിയും ഏലവും കൃഷിയുണ്ട്.
2022 ൽ മികച്ച ഏലം കർഷകനുള്ള സ്പൈസസ് ബോർഡിന്റെ ഒരു ലക്ഷം രൂപയുടെ അവാർഡും നേടി. കേരള കളർ ലാബ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]