
കുമരകം ∙ ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾക്കു കുമരകത്തെ ഡിടിപിസി മാലിന്യ സംസ്കരണ പ്ലാന്റിൽ ശുചിമുറിമാലിന്യം തള്ളാൻ അനുമതി കൊടുത്തതിൽ നാട്ടുകാർക്കു പ്രതിഷേധം. കവണാറ്റിൻകരയിലെ എബിഎം യുപി സ്കൂളിനു സമീപത്താണു പ്ലാന്റ് പ്രവർത്തിക്കുന്നത്. ചെറിയ പ്ലാന്റ് ആയതിനാൽ കൂടുതൽ മാലിന്യം തള്ളുമ്പോൾ പ്രവർത്തനം താളം തെറ്റുമെന്നും പരിസരമലിനീകരണം ഉണ്ടാകുമെന്നുമാണു പരാതി. ആലപ്പുഴയിൽ നിന്നു 10 മുറികളുള്ള ഹൗസ് ബോട്ട് വരെ ഇവിടെ എത്തുന്നുണ്ട്.
കുമരകത്തെ ഹൗസ് ബോട്ടുകളുടെ മാത്രം ശുചിമുറിമാലിന്യമാണു കവണാറ്റിൻകരയിലെ പ്ലാന്റിൽ തള്ളുന്നത്. മാലിന്യം ചെറിയ അളവിൽ ആയതുകൊണ്ട് കാര്യമായ മലിനീകരണ പ്രശ്നം ഉണ്ടായിരുന്നില്ല.
ആലപ്പുഴയിലെ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു
∙ ആലപ്പുഴയിലെ സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നില്ല.
ആയിരത്തിലേറെ ഹൗസ് ബോട്ടുകളാണ് ഇവിടെ ഉള്ളത്. പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ നടപടി ഉണ്ടായില്ല.
തുടർന്നാണ് ആലപ്പുഴയിലെ ഹൗസ് ബോട്ടുകളുടെ മാലിന്യം കൂടി കുമരകത്ത് എത്തിക്കാൻ അധികൃതർ തീരുമാനിച്ചത്.
ബാർജിന്റെ പ്രവർത്തനം നിലച്ചു
∙ ഡിടിപിസിയുടെ കുമരകത്തെ ബാർജ് നിലവിൽ പ്രവർത്തിക്കുന്നില്ല. ബാർജ് ഉപയോഗിച്ചാണു കായലിലൂടെ ഹൗസ് ബോട്ടുകളിലെത്തി ശുചിമുറിമാലിന്യം ശേഖരിച്ചു കവണാറ്റിൻകരയിലെ പ്ലാന്റിൽ എത്തിച്ചിരുന്നത്. 78 ലക്ഷം രൂപ ചെലവഴിച്ചു 2021ലാണു ബാർജ് വാങ്ങുന്നത്.
ഇതും മാസങ്ങളായി പ്രവർത്തിക്കുന്നില്ല.
ലൈസൻസ് വേണോ,പ്ലാന്റിൽ മാലിന്യം എത്തണം
∙ 2014നു ശേഷം ആലപ്പുഴയിലെ തുറമുഖ വകുപ്പ് ഓഫിസിൽനിന്നു ഹൗസ് ബോട്ട് ലൈസൻസ് കൊടുക്കാതെ വന്നതോടെ കൊല്ലം, കൊടുങ്ങല്ലൂർ തുറമുഖ വകുപ്പ് ഓഫിസുകൾ വഴി റജിസ്ട്രേഷൻ നടത്തി കൂടുതൽ മുറികളുള്ള വലിയ ഹൗസ് ബോട്ടുകൾ ഇറക്കിയിരുന്നു. ഇത്തരം ബോട്ടുകൾക്കു മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ എല്ലാ മാസവും ശുചിമുറിമാലിന്യങ്ങൾ സംസ്കരണ പ്ലാന്റിൽ എത്തിച്ചതിന്റെ രേഖകൾ ഹാജരാക്കണം.
ആലപ്പുഴയിലെ മാലിന്യസംസ്കരണ പ്ലാന്റ് നിർത്തലാക്കിയതോടെ അന്യജില്ലകളിൽ റജിസ്ട്രേഷൻ എടുത്ത ബോട്ട് ഉടമകൾ ഡിടിപിസിയെ സ്വാധീനിച്ചു കുമരകത്തേക്ക് എത്തുകയായിരുന്നു എന്നാണ് ആക്ഷേപം. റജിസ്ട്രേഷൻ എടുക്കുന്ന ജില്ലകളിൽ തന്നെ ബോട്ട് മാലിന്യം സംസ്കരിക്കണമെന്നാണു നിയമം. കവണാറ്റിൻകരയിലെ മാലിന്യസംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം പഴയ രീതിയിൽ കുമരകത്തെ ഹൗസ് ബോട്ടുകൾക്കു മാത്രമായി ചുരുക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]