
വൈക്കം മഹാദേവ ക്ഷേത്രം: വടക്കുപുറത്തു പാട്ടു കളത്തിന്റെ സവിശേഷതകളിലേക്ക് ഒരു യാത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
(കാലടി ശ്രീശങ്കരാ സംസ്കൃതസർവകലാശാലയിലെ ചുവർചിത്ര വിഭാഗം വകുപ്പ് അധ്യക്ഷനും ചുവർചിത്ര പൈതൃക പഠന കേന്ദ്രം ഡയറക്ടറും)
വടക്കുപുറത്തുപാട്ടിന് ഭക്തിയുടെയും പാരമ്പര്യത്തിന്റെയും വർണപ്പൊലിമയ്ക്ക് ഒപ്പം സഹവർത്തിത്വത്തിന്റെ വലിയ സന്ദേശമുണ്ട്. വടക്കുപുറത്തുപാട്ട് നടക്കാൻ കാരണമായ ഐതിഹ്യത്തിൽത്തന്നെ എല്ലാവരും ഒരുമയോടെ ദേവിയെ ഭജിക്കണമെന്നു പറയുന്നുണ്ട്. അതുതന്നെ ഇക്കാലത്ത് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
ഐതിഹ്യപ്പെരുമ
ഐതിഹ്യം ഇങ്ങനെ: വൈക്കത്തും പരിസരങ്ങളിലും ഉണ്ടായ പകർച്ചവ്യാധിയിൽ അനേകം പേർക്കു ജീവഹാനി സംഭവിച്ചു. മരുന്നുകൾ ഫലിക്കാതെ വന്നു. ദേവഹിതം അനുസരിച്ച് നാടുവാഴിയും ഭക്തരും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ 41ദിവസം ഭജന ഇരുന്നു. നാടുവാഴിക്ക് സ്വപ്നദർശനമുണ്ടായി.12 വർഷത്തിൽ ഒരിക്കൽ മീനഭരണി കഴിഞ്ഞ് അടുത്ത നാൾ മുതൽ 12ദിവസം ദേവിയുടെ സാന്നിധ്യം വൈക്കം ക്ഷേത്രത്തിൽ ഉണ്ടാകുമെന്നും ഈ സമയം കളം എഴുത്തും പാട്ടും എതിരേൽപും നടത്തണമെന്നും ആയിരുന്നു സ്വപ്നദർശനം. ആ സമയത്ത് ദേശക്കാർ ഒത്തൊരുമയോടെ ദേവിയെ ഭജിക്കാനും വടക്കുപുറത്ത് വലിയ കളം വരച്ച് പൂജകൾ നടത്താനും തുടങ്ങി. കൊടുങ്ങല്ലൂർ ഭരണിയുടെ പിറ്റേന്നാണ് വടക്കുപുറത്തുപാട്ട് ആരംഭിക്കുന്നത്.
വലിയ കളത്തിന്റെ ഐതിഹ്യം
ഇത്ര വലിയ കളം എന്ന സങ്കൽപത്തിന് ഒരു ഐതിഹ്യകഥ കാണുന്നു. മധുകൈടഭ വധത്തിനു ശേഷം ആദിപരാശക്തിയായ ദേവി, തൃമൂർത്തികളെ തന്റെ മണിദ്വീപിലെ ചിന്താമണി ഗൃഹത്തിലേക്കു സ്വാഗതം ചെയ്യുന്നു. അവിടെയെത്തിയ ബ്രഹ്മാ– വിഷ്ണു– മഹേശ്വരന്മാർ ദേവീപാദങ്ങളിൽ പ്രണമിക്കാൻ ശ്രമിച്ചപ്പോൾ ദേവിയുടെ പെരുവിരൽ ഒരു കണ്ണാടി പോലെ തെളിയുകയും അതിൽ ഈ വിശ്വപ്രപഞ്ചം കാണുകയും ചെയ്തു.കാൽനഖത്തിൽ പ്രപഞ്ചത്തെ കാണിക്കാൻ ശക്തിയുള്ള ദേവിയുടെ വലുപ്പവും ശക്തിയും എന്തായിരിക്കുമെന്നു ചിന്തിച്ച് അവർ തൃപ്പാദങ്ങളിൽ പൂക്കൾ അർപ്പിച്ചെന്നാണ് ഐതിഹ്യം.
എറ്റവും വലിയ കളം
ഈ ആദിപരാശക്തിയെ സാധ്യമാകുന്ന അത്രയും വലുപ്പത്തിൽ വരയ്ക്കുകയാണ് ഇവിടെ. കേരളത്തിൽ വരയ്ക്കുന്ന ഏറ്റവും വലിയ കളമാണ് 64 കൈകളോടു കൂടിയ വടക്കുപുറത്തുപാട്ടിന്റെ അവസാന ദിനത്തിലേത്. 1,200 ചതുരശ്ര അടിയോളമാണ് ആ കളത്തിന്റെ വലുപ്പം. ദേവിയുടെ ഇത്രയും വലിയ രൂപം കാണാനുള്ള തയാറെടുപ്പാണ് ആദ്യം 8ഉം പിന്നീട് 16ഉം തുടർന്ന് 32ഉം കൈകളുള്ള കളങ്ങൾ വരയ്ക്കുന്നത്. വലതു കൈകളിൽ പ്രയോഗിക്കാനുള്ള ആയുധങ്ങളും (ഉദാഹരണമായി വാൾ, ശൂലം അസ്ത്രങ്ങൾ), ഇടതുകൈകളിൽ സ്വീകരിക്കാനും അനുഗ്രഹിക്കാനുള്ളവയുമാണു (ഉദാഹരണം: വെഞ്ചാമരം, ആലവട്ടം, കൊടി, രുദ്രാക്ഷമാല മുതലായവ) വരയ്ക്കുന്നത്. ദേവിയുടെ സ്തനഭാരം ഉയർന്നു നിൽക്കുന്നതിന് ഉണക്കലരിയും നെല്ലുമാണ് ഉപയോഗിക്കുന്നത്. അവസാന ദിവസത്തെ കളത്തിൽ വലതുഭാഗത്ത് 6 പറ ഉണക്കലരിയും ഇടതുഭാഗത്ത് 6 പറ നെല്ലുമാണ് ഉപയോഗിക്കേണ്ടത്.
പ്രകൃതിയിൽ അലിഞ്ഞ്
ശിൽപവടിവ്, ചിത്രവടിവ്, ഭൂതവടിവ് എന്നിങ്ങനെ മൂന്നു വടിവുകളുടെ പിൻബലത്താൽ ചിന്തിക്കുന്ന അനുഷ്ഠാന പാരമ്പര്യ സങ്കേതങ്ങളാണു ശിൽപ നിർമാണം, ചിത്ര നിർമാണം, കളമെഴുത്ത് എന്നിവയിലുള്ളത്. ഇതിൽ ശിൽപവടിവും ചിത്രവടിവും കാലങ്ങളോളം നിലനിൽക്കുന്നതും ഭൂതവടിവ് ഏറിയാൽ ഒരു ദിവസം നിലനിൽക്കുന്നതുമാണ്.
ധൂളീചിത്രങ്ങൾ എന്ന വിഭാഗത്തിൽ വരുന്ന കളമെഴുത്തിൽ പ്രധാനമായും പ്രകൃതിദത്ത വർണങ്ങളാണ് ഉപയോഗിക്കുന്നത്. കടുത്ത നിറത്തിന് ഉമിക്കരി, വെളുത്ത നിറത്തിന് അരിപ്പൊടി, മഞ്ഞ നിറത്തിന് മഞ്ഞൾപ്പൊടി, പച്ച നിറത്തിന് വാകയിലപ്പൊടി, ചുവപ്പു നിറത്തിന് മഞ്ഞളും കുമ്മായവും തിരുമ്മിയുള്ള പൊടി എന്നിങ്ങനെ പഞ്ചവർണപ്പൊടികളാണു കളത്തിൽ വർണവിന്യാസം തീർക്കുന്നത്. കേരളീയ ചുവർചിത്രകലാ സങ്കേതത്തിനും 5 നിറങ്ങൾ തന്നെയാണു വരുന്നത്.
ധ്യാനപ്രകാരം
ധ്യാനപ്രകാരമാണ് കളം വരയ്ക്കുന്നത്. ചുവർചിത്രവും ധ്യാനപ്രകാരം തന്നെ. ദേവീദേവന്മാരെ പ്രകീർത്തിച്ചുകൊണ്ടുള്ള സ്തുതികളാണു ധ്യാനമായി വരുന്നത്. നാം ഭജിക്കുന്ന ദേവനെയോ ദേവിയെയോ ആപാദചൂഡം വർണിക്കുകയും അവരുടെ ശക്തിവിശേഷം വ്യക്തമാക്കുകയുമാണു ധ്യാനത്തിൽ ചെയ്യുന്നത്. ഭീമാകാരമായ കളമാണെങ്കിലും സാത്വികഭാവമാണ് വടക്കുപുറത്ത് പാട്ടിന്റെ കളത്തിന്. എല്ലാവരെയും അനുഗ്രഹിക്കുന്ന രൂപസവിശേഷത.
‘ശൂലവും കുന്തവും ചക്രവും കടുത്തില
തോമരവും വാളും ഗദയും മുസലവും
പാശവും വേലും കലപ്പയും തോട്ടിയും
പട്ടസം വജ്രവും ചാട്ട സുദർശനം …’
എന്നു തുടങ്ങുന്ന 64 തൃക്കൈധ്യാനമാണ് അവസാന ദിവസം ചൊല്ലുന്നത്.
വെറും നിറമല്ല
കളത്തിൽ ഉപയോഗിക്കുന്ന പഞ്ചവർണങ്ങൾ വെറും നിറം മാത്രമല്ല, നല്ലൊരു ഔഷധക്കൂട്ടു കൂടിയാണ്. വാകയിലപ്പൊടി വയർ ശുദ്ധിയാക്കാൻ ഉത്തമമാണ്. ഉമിക്കരി വിഷാംശങ്ങൾ വലിച്ചെടുത്ത് ശുദ്ധിയാക്കും. മഞ്ഞളും കുമ്മായവും വയറിനും നല്ലതാണ്. മഞ്ഞൾ പ്രതിരോധശേഷി വർധിപ്പിക്കും.ഇങ്ങനെ വിശ്വാസം ഒരു ആശ്വസമാകുന്ന മനോഹര കാഴ്ചയും ഇതിലൂടെ കാണാം.മഹാമാരിയിൽനിന്നുള്ള രക്ഷയായാണു കളംപാട്ട് ആരംഭിച്ചത്. ജനങ്ങൾക്ക് വിശ്വാസത്തിനൊപ്പം മരുന്നുകൂട്ടു കൂടിയാണ് നൽകിയത്.
പുതുശേരി കുറുപ്പന്മാരുടെ നിയോഗം
1989ലാണു വടക്കുപുറത്ത് പാട്ട് കളം ആദ്യമായി കാണുന്നത്. അന്നു കണ്ട കളത്തിൽനിന്ന് ഒരു വ്യത്യാസവും ഇന്നും വരുന്നില്ല. നമുക്കാണു മാറ്റം വന്നത്. പുതുശേരി കുറുപ്പന്മാരാണ് നൂറ്റാണ്ടുകളായി വടക്കുപുറത്തു പാട്ടിന്റെ കളമൊരുക്കുന്നത്. ഭൂതവടിവിൽ ഈ ചിത്രനിർമാണം ഒരു കലാസപര്യയും അതിലേറെ ഭക്തിനിർഭരവുമാണ്.
കോടിയർച്ചന ഇന്നും വടക്കുപുറത്തു പാട്ട് നാളെയും സമാപിക്കും
വൈക്കം ∙ 12 വർഷത്തിൽ ഒരിക്കൽ വൈക്കത്തിന്റെ മണ്ണിനെ അനുഗ്രഹിക്കുന്ന വടക്കുപുറത്തുപാട്ട് അവസാന ദിവസങ്ങളിലേക്ക്. വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്തു പാട്ടിനോട് അനുബന്ധിച്ച് ആരംഭിച്ച കോടിയർച്ചന ഇന്നു സമാപിക്കും. നാളെ 64 കൈകളുള്ള ഭദ്രകാളി രൂപം വരച്ച് വലിയഗുരുതി വടത്തി വടക്കുപുറത്ത് പാട്ടിനും സമാപനമാകും. അടുത്ത വടക്കുപുറത്തുപാട്ട് 2037ലാണ് നടത്തുക.
മാർച്ച് 17ന് ആരംഭിച്ച കോടിയർച്ചനയാണ് ഇന്നു സമാപിക്കുന്നത്. നാളെ പുലർച്ചെ ക്ഷേത്രത്തിലെ പ്രത്യേക മണ്ഡപത്തിൽ സഹസ്ര കലശവും നടത്തും. ഇതിനായി അപൂർവമായുള്ള ചെങ്ങഴിനീർ പൂവ് ക്ഷേത്രത്തിൽ എത്തിച്ചു.
സഹസ്രകലശത്തിലെ ഒരു ഖണ്ഡബ്രഹ്മനിലെ ദ്രവ്യമായ ഈ പുഷ്പം തൃത്താല മലമേൽക്കാവ് ശാസ്താ ക്ഷേത്രത്തിൽനിന്നാണ് കൊണ്ടുവന്നത്.വടക്കുപുറത്തു പാട്ടിന്റെ സമാപനദിവസമായ നാളെ 64 കൈകളിലും ആയുധങ്ങളേന്തി വേതാളത്തിന്റെ പുറത്ത് എഴുന്നള്ളിവരുന്ന ഭദ്രകാളിയുടെ കളം പുതുശ്ശേരി കുറുപ്പന്മാർ വരയ്ക്കും. നാളെ രാത്രി കളംപൂജ കളം പാട്ട് എന്നിവയ്ക്കു ശേഷം വലിയഗുരുതി നടത്തും.