
കല്യാണം വരെ മുടക്കി ‘പോള’; ഇഷ്ട ഭക്ഷണംപോലും ഉണ്ടാക്കി കഴിക്കാൻ കഴിയാത്തവർ നിരവധി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ ‘ ഈ കനാലിലെ പോള കാരണം എന്റെ മകന് വന്ന കല്യാണാലോചനകൾ പോലും മുടങ്ങുകയാണ്..’ എസി കോളനിയിൽനിന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വീട്ടമ്മയുടെ വാക്കുകളാണിത്. എസി കനാലിൽ തിങ്ങി നിറഞ്ഞ് കിടക്കുന്ന പോള കാരണം ദുരിതത്തിലായ ഒരു വീട്ടിലെ കഥ മാത്രമാണിത്. ഒഴുകി നീങ്ങാത്ത പോള കാരണമുണ്ടാകുന്ന കൊടിയ ദുർഗന്ധം അനുഭവിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങൾ. വിശേഷ ദിവസങ്ങളിൽ ഇഷ്ടമുള്ള ഭക്ഷണം പോലും ഉണ്ടാക്കി കഴിക്കാൻ കഴിയാത്തവരാണ് ഇവിടെയുള്ളത്.
പോള മൂലമുള്ള പകർച്ചവ്യാധി ഭീഷണിക്കും കൊതുകുശല്യത്തിനും കുറവില്ല. വീടുകളുടെ മുന്നിലൂടെ ഒഴുകുന്ന കനാലിന്റെ അവസ്ഥ കാരണം അവധിക്കാലമായിട്ടും വിരുന്നുകാർ ആരും വീട്ടിലേക്ക് വരുന്നില്ലെന്നു സങ്കടപ്പെടുന്നവരും ഒട്ടേറെ. പലരും സ്വന്തം നിലയ്ക്കു കളനാശിനി തളിച്ച് പോള നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായ ഫലമില്ല. ആഴ്ചയിൽ മൂന്ന് ദിവസം എത്തുന്ന നഗരസഭയുടെ ശുദ്ധജലമാണ് ഇപ്പോൾ ആശ്രയമെന്നു എസി കോളനിയിലുള്ളവർ പറയുന്നു.
പ്രാഥമികാവശ്യങ്ങൾക്ക് ഇത് തികയില്ല. കനാലിലെ മലിനജലം തന്നെ പലർക്കും ഉപയോഗിക്കേണ്ടി വരുന്നു. ഈ വെള്ളം ഉപയോഗിച്ചാൽ ശരീരം ചൊറിഞ്ഞ് തടിക്കും. പോള ദുരിതത്തിനു പുറമേ ചങ്ങനാശേരി നഗരത്തിലെ മാലിന്യവും എസി കനാലിലേക്ക് ഒഴുകിയെത്തുന്നു. മനയ്ക്കച്ചിറ ഭാഗത്ത് ആവണി തോട്ടിലൂടെയാണ് കനാലിലേക്ക് നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ ഒഴുകിയെത്തുന്നത്.
പോളയ്ക്കടിയിൽ ലോഡ് കണക്കിന് മാലിന്യം
കനാലിലെ പോളയ്ക്കടിയിൽ അടിഞ്ഞിരിക്കുന്നത് ലോഡ് കണക്കിന് മാലിന്യം. പോള നീക്കം ചെയ്യാനുള്ള പദ്ധതി മാത്രമാണ് വല്ലപ്പോഴും നടപ്പാക്കുന്നത്. മാലിന്യം കോരി നീക്കം ചെയ്യില്ല. കഴിഞ്ഞ വർഷം മാർച്ചിലും പോള കോരി നീക്കം ചെയ്തിരുന്നു. എന്നാൽ കനാലിൽ അടിഞ്ഞ മാലിന്യം നീക്കം ചെയ്തില്ല. മാലിന്യം ശേഖരിച്ചാൽ തന്നെ അത് കൊണ്ടിടാൻ സ്ഥലമില്ലാത്തതും ഇറിഗേഷൻ വകുപ്പിന് തലവേദനയാണ്.
ജനസമ്പർക്ക യാത്ര
എസി കനാൽ തുറക്കുക, കനാലിലെ പോളയും മാലിന്യങ്ങളും കോരി നീക്കം ചെയ്യുക, കുട്ടനാട്ടിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസി കനാൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജനസമ്പർക്കയാത്ര യാത്ര നടത്തും. ചെയർമാൻ നൈനാൻ തോമസ് മുളപ്പാംമഠം യാത്ര നയിക്കും. രാവിലെ 10ന് രാമങ്കരിയിൽനിന്നു യാത്ര ആരംഭിക്കും.ഇതിനു മുന്നോടിയായി നടത്തിയ വിളംബരസംഗമം നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്തു. നൈനാൻ തോമസ് അധ്യക്ഷത വഹിച്ചു. ജോസ് ടി.ആലഞ്ചേരി, സൈബി അക്കര, അലക്സാണ്ടർ പുത്തൻപുര, ടോം ജോസഫ് അറയ്ക്കപറമ്പിൽ, മുട്ടാർ സുരേന്ദ്രൻ, സാബു കോയിപ്പള്ളി, റോണി കുരിശുംമൂട്ടിൽ, സൈനോ തോമസ്, ജയിംസ് കൊച്ചു കുന്നേൽ, അജിത് മാത്യു പുത്തൻചിറ,ഷിബു കണ്ണമ്മാലി തുടങ്ങിയവർ പ്രസംഗിച്ചു.