ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പ് ദിവസം രാത്രി ഇത്തിത്താനം പൊൻപുഴയിൽ ബിജെപി നേതാക്കളുടെ വീടുകയറി സിപിഎം ആക്രമണം. ഒരാൾക്ക് വെട്ടേറ്റു.
രണ്ടുപേർക്ക് പരുക്ക്. സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനും അറസ്റ്റിൽ. ആർഎസ്എസ് ജില്ലാ ഭാരവാഹി ജി.ശ്രീകുമാറിന്റെ തലയ്ക്കാണു വെട്ടേറ്റത്.
ബിജെപി ജില്ലാ സെക്രട്ടറിയും കുറിച്ചി പഞ്ചായത്തംഗവും പൊൻപുഴ വാർഡിലെ ബിജെപി സ്ഥാനാർഥിയുമായ ബി.ആർ.മഞ്ജീഷിനും വാർഡിന്റെ ചുമതലയുള്ള മനോജ് വി.നായർക്കും പരുക്കേറ്റു. മൂവരെയും കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വ രാത്രി 11.30നാണ് സംഭവം. ജി.ശ്രീകുമാറിന്റെ തലയ്ക്ക് വാൾ കൊണ്ടാണ് വെട്ടേറ്റത്.
16 തുന്നിക്കെട്ടുണ്ട്. മഞ്ജീഷിന്റെ കൈക്ക് കമ്പിവടി കൊണ്ടാണ് അടിയേറ്റത്.
വാർഡ് സംയോജകൻ മനോജിനും കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മുഖത്തിനു പരുക്കേറ്റു.
മഞ്ജീഷിന്റെ അമ്മ ലീലാമണി (78), സഹോദരൻ രതീഷ്, ഭാര്യ അജിത, ഇവരുടെ മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി ജുഗുനു, നാലാം ക്ലാസ് വിദ്യാർഥി സായന്ത് എന്നിവർക്കും പരുക്കുണ്ട്. ഇവർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സിപിഎം ഇത്തിത്താനം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നേതാവുമായ നിഖിൽ എസ്.നായരെയും ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണുവിനെയും ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.പൊൻപുഴയിൽ മനോജിന്റെ വീട്ടിൽ മഞ്ജീഷും പ്രവർത്തകരും തിരഞ്ഞെടുപ്പ് വിശകലനം നടത്തുമ്പോൾ നിഖിൽ ഇവിടെ എത്തുകയും വാക്കുതർക്കമുണ്ടാവുകയുമായിരുന്നു.
ഇവിടെനിന്ന് മടങ്ങിയ നിഖിൽ സമീപത്തുള്ള മഞ്ജീഷിന്റെ കുടുംബവീട്ടിലെത്തി ആക്രമണം നടത്തി.
വിവരമറിഞ്ഞ് മഞ്ജീഷും ബിജെപി ആർഎസ്എസ് പ്രവർത്തകരും ഇവിടെയെത്തി. തുടർന്നു സിപിഎം നേതാവും മന്ത്രി വി.എൻ.വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡോ.
പത്മകുമാറും ഇത്തിത്താനം ജനത സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽകുമാറും മഞ്ജീഷിന്റെ വീട്ടിലെത്തി പ്രശ്നപരിഹാരത്തിനായി സംസാരിക്കുന്നതിനിടെ നിഖിലിന്റെ നേതൃത്വത്തിൽ വലിയൊരു സംഘം സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിലേക്കെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ മുപ്പതിലധികം സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകരും സിപിഎം നേതാക്കളും പങ്കെടുത്തെന്ന് ബിജെപി ആരോപിച്ചു. അറസ്റ്റിലായ നിഖിൽ എസ്.നായർക്കു പൊൻപുഴ വാർഡിന്റെ തിരഞ്ഞെടുപ്പ് ചുമതലയുമുണ്ടായിരുന്നു.
എന്നാൽ, ബിജെപി ആരോപണം ശരിയല്ലെന്നും വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിവിരോധമാണ് കാരണമെന്നും സിപിഎം ഏരിയ സെക്രട്ടറി കെ.ഡി.സുഗതൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

