കുമരകം ∙ കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ സമീപന പാതയുടെ പണി പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ എടുത്ത തീരുമാനപ്രകാരമുള്ള തീയതി ഈ മാസം 30 ആണ്. ഇനി 19 ദിവസം മാത്രം.
പാലം പണി നേരത്തേ തീർന്നിരുന്നു. സമീപന പാതയുടെ പണി പൂർണമായും തീർത്തു വാഹനങ്ങൾ കടത്തി വിടാൻ കഴിയില്ലെങ്കിലും ഒരുവശത്ത് മണ്ണടിച്ചു സമീപന പാത പണിതു വാഹനങ്ങൾ കടത്തി വിടാനാണ് നീക്കം. സമീപന പാതയുടെ ഭാഗമായുള്ള സ്പാനുകളുടെ നിർമാണം ഇരുകരകളിലും പൂർത്തിയാക്കിയിരുന്നു.
തുടർന്നു മണ്ണിട്ട് സമീപന പാതയ്ക്കുള്ള പണിയാണ് ബാക്കി ഉള്ളത്.
ഇതിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പടിഞ്ഞാറേക്കരയിലെ സമീപന പാതയ്ക്കു വേണ്ടി വടക്ക് വശത്തെ സ്ഥലം കഴിഞ്ഞ ദിവസം ഏറ്റെടുത്തു മണ്ണു നീക്കി.
ഈ ഭാഗത്ത് സ്റ്റോൺ കോളങ്ങളുടെ പണി തീർത്ത ശേഷം റീട്ടെയ്നിങ് വോൾ നിർമിക്കണം. കിഴക്കേക്കരയിൽ വടക്ക് വശത്തെ സ്റ്റോൺ കോളങ്ങളുടെ ജോലി തീർത്തു.
ഇവിടെ റീട്ടെയ്നിങ് വോൾ നിർമിക്കാനുള്ള ജോലിയാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് കരയിലെയും വടക്ക് വശത്തെ സമീപന പാതയ്ക്കുള്ള സ്ഥലത്ത് മണ്ണടിച്ച് പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടും.
പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയ ശേഷമേ ഇരുകരകളിലെയും തെക്ക് വശത്തെ റീട്ടെയ്നിങ് വാളിന്റെ നിർമാണം തുടങ്ങൂ.
പാലത്തിലൂടെ മറ്റ് വാഹനങ്ങൾക്കൊപ്പം ബസുകൾ കൂടി കടത്തി വിട്ടാൽ ഇപ്പോഴത്തെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. പാലം പണിയെത്തുടർന്ന് ഇരുകരകളിലുമായി ബസ് സർവീസ് നിർത്തുകയാണ്.
വൈക്കം, ചേർത്തല, കോട്ടയം എന്നിവിടങ്ങളിൽ പോകേണ്ട യാത്രക്കാർ നടന്ന് അടുത്ത ബസിൽ കയറിയാണ് യാത്ര തുടരുന്നത്.
അട്ടിപ്പീടിക, കൊഞ്ചുമട ഭാഗത്തെ ബസ് സർവീസ് പുനരാരംഭിച്ചാൽ ഈ മേഖലയിലെയും യാത്രാക്ലേശത്തിനു പരിഹാരമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]