
വൈക്കം ∙ സ്വന്തം മന്ത്രിമാർക്ക് എതിരെ രൂക്ഷവിമർശനവുമായി സിപിഐ ജില്ലാ സമ്മേളന പ്രതിനിധികൾ. മന്ത്രിമാരെ നിയന്ത്രിക്കാനുള്ള കെൽപ് പാർട്ടിക്കുണ്ടാകണം.
മെച്ചപ്പെടനുണ്ടെങ്കിലും റവന്യു വകുപ്പാണ് ഭേദമെന്നും പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു. പി.പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവർക്ക് എതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.
പ്രസാദ് എത്തിയാൽ സ്ഥലത്തെ മണ്ഡലം, ലോക്കൽ നേതാക്കളെ അറിയിക്കാറില്ല.
ഈയിടെ കടുത്തുരുത്തിയിൽ ഒരു പരിപാടിക്കു വന്നതു യുഡിഎഫ് നേതാക്കൾ പറഞ്ഞാണ് അറിഞ്ഞതെന്നും ഇതല്ല സംഘടനാരീതിയെന്നും പ്രതിനിധികൾ പറഞ്ഞു.പികെവി അടക്കം നേതാക്കളുടെ മാതൃക മറക്കരുത്. അവർ വന്നാൽ ആ പ്രദേശത്തെ മണ്ഡലം കമ്മിറ്റി ഓഫിസിൽ എത്തി കുശലാന്വേഷണം നടത്തി മാത്രമേ മടങ്ങിയിരുന്നുള്ളൂവെന്നു പ്രതിനിധികൾ ഓർമിപ്പിച്ചു.
കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സമയത്ത് ചിഞ്ചുറാണി സൂംബാ ഡാൻസിൽ പങ്കെടുക്കാൻ പോയതും വിർശനവിധേയമായി.വിലക്കയറ്റത്തിന് എതിരെ ഏറ്റവും കൂടുതൽ സമരം നടത്തിയ സിപിഐയുടെ മന്ത്രി ജി.ആർ.അനിൽ ഓണക്കാലത്ത് വിലക്കയറ്റം കണ്ട് ഇരുട്ടിൽത്തപ്പുന്നുവെന്നും വിമർശനമുണ്ടായി.
പാർട്ടി ക്ലാസ് പോരാ
പാർട്ടി വിദ്യാഭ്യാസം നൽകുന്നുണ്ടെന്നു റിപ്പോർട്ടിൽ ഉണ്ടെങ്കിലും കാര്യക്ഷമമായി നൽകാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.
നേതാക്കൾക്ക് കമ്മിറ്റികളിൽ പ്രായപരിധി നിശ്ചയിച്ചത് ശരിയായ രീതിയല്ല. നിശ്ചിത പ്രായമായി എന്നതു കൊണ്ടു മാത്രം പ്രവർത്തകരെ ഒഴിവാക്കരുത്. ചെറുപ്പക്കാരെ പാർട്ടിയിൽ നിലനിർത്താൻ സാമ്പത്തിക ഭദ്രത നൽകണം.
ഡിവൈഎഫ്ഐയിൽ ഇതുണ്ട്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനത്തിന്റെ കനൽ ഒടുങ്ങും മുൻപു പുതിയ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുത്തുവെന്നും ഇതു കമ്യൂണിസ്റ്റ് രീതിയല്ലെന്നും വിമർശനമുയർന്നു.
നെൽകർഷകർക്കു കൃത്യമായി പണം നൽകാൻ നടപടി വേണമെന്നും ആവശ്യമുണ്ടായി.
നവകേരള സദസ്സ് ധൂർത്തായി
നവകേരള സദസ്സിനായി പണം ധൂർത്തടിച്ചു.പരാതി പരിഹരിക്കുമെന്നു വീടു കയറി പ്രചാരണം നടത്തി. ഇപ്പോൾ ജനം പരാതിക്കു പരിഹാരം ചോദിക്കുമ്പോൾ പ്രവർത്തകർ ഉത്തരമില്ലാതെ നിൽക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ സഹായത്തിനുള്ള അപേക്ഷകളിൽ വൈകാതെ പണം കിട്ടിയിരുന്നു.
അടി കൊള്ളാൻ പ്രവർത്തകർ
എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് എഐഎസ്എഫ് പ്രവർത്തകർ ആക്രമണം നേരിടുമ്പോൾ ചില നേതാക്കൾ പാർട്ടി ഓഫിസിൽ കയറി പത്രം വായിച്ചിരിക്കുന്ന സ്ഥിതിയാണെന്ന വിമർശനം മറ്റു പ്രതിനിധികൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. എല്ലായിടത്തും പിണറായി സർക്കാർ എന്ന പ്രചാരണം മാത്രമാണ്.
സിപിഎം സൈബർ ഹാൻഡിലുകളാണ് ഈ പ്രചാരണം നടത്തുന്നത്. 2016ൽ വിലയക്കറ്റം ഉണ്ടാകില്ലെന്നു പറഞ്ഞ സാധനങ്ങൾക്ക് അടക്കം വിലകൂടി.
സപ്ലൈകോയിൽ പൂച്ച പെറ്റുകിടക്കുന്ന സ്ഥിതിയാണെന്നും വിമർശനമുയർന്നു.
വിഭാഗീയത: വിമർശനം ആളിക്കത്തി
ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയിലെ വിഭാഗീയ പ്രവർത്തനം മൂലം സംഘടനാ പ്രവർത്തനത്തിൽ പ്രതിസന്ധി ഉണ്ടായെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ. ജില്ലാ അസി. സെക്രട്ടറി മോഹൻ ചേന്നംകുളത്തിനു മണ്ഡലം സെക്രട്ടറിയുടെ ചുമതല നൽകി ഒരു വർഷം പ്രവർത്തിക്കേണ്ടി വന്നു.
എന്നാൽ 2022 ൽ ഏറ്റുമാനൂരിൽ ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരെ മത്സരിച്ച് വിഭാഗീയതയ്ക്ക് തുടക്കമിട്ടത് അന്നത്തെ സെക്രട്ടറിയാണെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം.
തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നതും ചർച്ചയായി. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിൽ തോറ്റത് ഭരണവിരുദ്ധ വികാരം കൊണ്ടാണെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന പരാമർശം.
ട്രേഡ് യൂണിയൻ കരുത്തുമായി സന്തോഷ് നേതൃത്വത്തിലേക്ക്
വൈക്കം ∙ ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുമായാണ് വി.കെ.സന്തോഷ് കുമാർ സിപിഐ ജില്ലാ സെക്രട്ടറി പദവിയിലെത്തുന്നത്. ഈരാറ്റുപേട്ട
തലപ്പലം സ്വദേശിയാണ്.1978 ൽ പ്ലാശനാൽ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി തുടക്കം. തുടർന്നു ജില്ലാ സെക്രട്ടറിയായി.
സമരങ്ങളിൽ പൊലീസ് മർദനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.
എഐവൈഎഫിന്റെ ‘തൊഴിൽ അല്ലെങ്കിൽ ജയിൽ’ സമരത്തിനു നേതൃത്വം നൽകി. എഐവൈഎഫ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. പാലാ, പൂഞ്ഞാർ മണ്ഡലങ്ങളും കടുത്തുരുത്തി പഞ്ചായത്തിലെ ചില പഞ്ചായത്തുകളും ഉൾപ്പെടെയുള്ള സിപിഐ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി.
14 വർഷം പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയായിരുന്നു.
പിന്നീട് 10 വർഷം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി. സംസ്ഥാന കൗൺസിൽ അംഗമാണ്.എഐടിയുസി ജില്ലാ സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമാണ്.
മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ , മീനച്ചിൽ മദ്യവ്യവസായ തൊഴിലാളി യൂണിയൻ, ജില്ലാ സപ്ലൈകോ എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റാണ്.
ചുമട്ടു തൊഴിലാളി യൂണിയൻ, നിർമാണ തൊഴിലാളി യൂണിയൻ തുടങ്ങിയവയുടെ ഭാരവാഹിയും സംസ്ഥാന മിനിമം വേജ് ബോർഡ് അഡ്വൈസറി അംഗവുമാണ്.തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. പൂഞ്ഞാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന വി.എസ്.
കുട്ടപ്പന്റെയും ടി.കെ. പൊന്നമ്മയുടെയും മകനാണ്.
ഭാര്യ: ശ്രീദേവി. മക്കളായ ജീവനും ജീവയും വിദ്യാർഥികളാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]