
കൊക്കയാർ ∙ കുറ്റിപ്ലാങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെത്തിയാൽ 2021 ഫെബ്രുവരി 9നു സ്ഥാപിച്ച ഒരു ശിലാഫലകം കാണാം. ‘സ്കൂൾ കെട്ടിട
നിർമാണത്തിനു തുക അനുവദിച്ചു നിർമാണ ഉദ്ഘാടനം ചെയ്യുന്നു’ എന്നതാണു ഫലകത്തിന്റെ ഉള്ളടക്കം. എന്നാൽ 4 വർഷം കഴിഞ്ഞിട്ടും കെട്ടിടം ഉയർന്നില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചുകളഞ്ഞ് അസൗകര്യങ്ങളുടെ പാഠങ്ങൾ വിദ്യാർഥികൾക്കു പകരുകയുമാണ് ഈ സ്കൂൾ.പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.
കെട്ടിടം അപകടാവസ്ഥയിൽ ആയിരുന്നതിനാൽ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് ഇ.എസ്.ബിജിമോൾ എംഎൽഎയുടെ കാലത്താണു തുക അനുവദിച്ചത്.
തുടർന്നു പഴയ കെട്ടിടം പൊളിച്ചുനീക്കി. നിർമാണ ഉദ്ഘാടനം കഴിഞ്ഞ് ഉടൻ കെട്ടിടം പണി ആരംഭിക്കുമെന്നു കരുതി സ്കൂൾ അധികൃതരും കാത്തിരിപ്പു തുടർന്നു.ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നു പറഞ്ഞ കെട്ടിടത്തിൽ ഒരു പ്രവർത്തനങ്ങളും നടത്തിയില്ല.
എന്തുകൊണ്ടാണ് നിർമാണം മുടങ്ങിയത് എന്നതിനും വ്യക്തമായ ഉത്തരമില്ല. 5 വർഷം മുൻപു തയാറാക്കിയ എസ്റ്റിമേറ്റിൽ ഇപ്പോൾ നിർമാണം നടത്താൻ കഴിയാത്തതിനാൽ സ്കൂളിനു കെട്ടിടം വേണമെങ്കിൽ പുതിയ പദ്ധതി തന്നെ വേണ്ടി വരുന്ന അവസ്ഥ.
1, 2 ക്ലാസുകളും ഓഫിസ് മുറികളും പ്രവർത്തിച്ച കെട്ടിടമാണു പുതിയ കെട്ടിടത്തിനായി പൊളിച്ചു നീക്കിയത്.ഈ ക്ലാസുകൾ മറ്റു മുറികളിലേക്കു മാറ്റിയതോടെ സ്കൂളിൽ അസൗകര്യം നിറഞ്ഞു. കൊക്കയാർ, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണു സ്കൂളിൽ പഠിക്കുന്നത്.
എത്രയും വേഗം കെട്ടിടം നിർമിക്കാൻ നടപടി എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]